NEWSNostalgia

ശ്രീനിവാസന്റെ കല്യാണം നടക്കാൻ കാരണം മമ്മൂട്ടിയും, ഇന്നസെന്റും.

1984-ലാണ് നടനും, തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ വിവാഹം നടന്നത്. ഇന്നസെന്റും, ഡേവിഡ് കാച്ചപ്പള്ളിയും ചേർന്ന് നിർമ്മിച്ച “ഒരു കഥ ഒരു നുണക്കഥ” എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചായിരുന്നു അതിന്റെ പ്ലാൻ നടന്നത്. ആരെയും വിളിക്കാതെ രെജിസ്റ്റർ കല്യാണം നടത്താനായിരുന്നു ശ്രീനിവാസന്റെ തീരുമാനം. ഇന്നസെന്റും, ശ്രീനിവാസനും ചേര്‍ന്നാണ് “ഒരു കഥ ഒരു നുണക്കഥ”യുടെ തിരക്കഥ എഴുതിയത്. ആ വകയിലുള്ള പ്രതിഫലം കൊടുക്കാൻ പോലും കാശില്ലാതെ ബുദ്ധിമുട്ടുന്ന അവസ്ഥയിലായിരുന്നു നിർമ്മാതാക്കൾ. എന്തായാലും പ്ലാൻ ചെയ്തത് നടത്തണം എന്ന ഉറച്ച തീരുമാനവുമായി ശ്രീനിവാസൻ ഇന്നസെന്റിനെ കണ്ട് കാര്യം പറഞ്ഞു. ഇന്നസെന്റിന്റെ കയ്യിൽ കാശില്ല എന്ന് ശ്രീനിവാസന് വ്യക്തമായിരുന്നു. അതു കൊണ്ട് തന്നെ സാമ്പത്തിക സഹായം ഉണ്ടാകില്ല എന്നും പ്രതീക്ഷിച്ചു. പക്ഷെ സെറ്റിൽ നിന്നും പോകാൻ നേരം ഇന്നസെന്റ് ശ്രീനിവാസന്റെ കയ്യിൽ ഒരു കവർ വച്ചു കൊടുത്തു. അതിൽ കാശുണ്ടായിരുന്നു. “ഇതെങ്ങനെ സംഘടിപ്പിച്ചു” എന്ന് ശ്രീനിവാസൻ ചോദിച്ചപ്പോൾ ഇന്നസെന്റ് പറഞ്ഞ മറുപടി, “ആലീസിന്റെ (ഇന്നസെന്റിന്റെ ഭാര്യ) രണ്ട് വളകൾ കൂടി വിറ്റു” എന്നായിരുന്നു!

ആ കിട്ടിയ കാശ് കല്യാണപ്പെണ്ണിന് വസ്ത്രങ്ങൾ വാങ്ങാൻ മാത്രമായിരുന്നു തികഞ്ഞത്. ശ്രീനിവാസന്റെ അമ്മയ്ക്ക് ഒരേ നിർബന്ധം, താലി കെട്ടി തന്നെ കല്യാണം നടത്തണം എന്ന്. അതും സ്വർണ്ണത്തിലുള്ള മാലയിൽ കോർത്ത താലി! സിനിമാ ഫീൽഡിൽ അകത്താണോ പുറത്താണോ എന്ന വ്യക്തതയില്ലാത്ത, പ്രേത എഴുത്തുകളുമായി നടന്ന ശ്രീനിവാസൻ സാമ്പത്തികമായി ഏറെ മോശം അവസ്ഥയിലായിരുന്നു അക്കാലത്ത്. പക്ഷെ, അമ്മ ഒരു കാര്യം പറഞ്ഞാൽ അത് നടക്കണം എന്നത് തീർച്ചയായതിനാൽ, വീണ്ടും കാശ് ഏർപ്പാടാക്കാനുള്ള ചിന്തയിലായി ശ്രീനിവാസൻ. ഇന്നസെന്റിനോട് പറഞ്ഞിട്ട് കാര്യമില്ല, കാരണം ആലീസിന്റെ കയ്യിൽ ഇനി വളയുണ്ടാകില്ല എന്ന് പുള്ളിക്കാരന് മനസ്സിലായി. പെട്ടെന്നാണ് മമ്മൂട്ടി എന്ന പേര് മനസ്സിലേക്ക് ഓടിയെത്തിയത്.

ആ സമയത്ത് കണ്ണൂരില്‍ “അതിരാത്രം” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയായിരുന്നു. ശ്രീനിവാസന്‍ നേരെ അവിടെ സെറ്റിലേക്ക് ചെന്നു. മമ്മൂട്ടി ഹോട്ടലിലാണെന്ന് മനസ്സിലാക്കി, അവിടെ നിന്നും ഹോട്ടലിലേക്ക് പോയി. മുറി തുറന്ന പാടേ ശ്രീനിവാസന്‍ ചോദിച്ചു, “നാളെ എന്‍റെ കല്യാണമാണ്. 2000 രൂപ വേണം” എന്ന്. കല്യാണം ഇങ്ങനെ പെട്ടെന്ന് തീരുമാനിച്ചതില്‍ മാത്രം ഒരല്‍പ്പം അലോസരം പ്രകടിപ്പിച്ച മമ്മൂട്ടി, രണ്ടാമതൊന്ന് ചിന്തിക്കാതെ ശ്രീനിവാസന് കാശ് കൊടുത്തു. “നാളെ കല്യാണത്തിന് ഞാനും വരും” എന്നും മമ്മൂട്ടി പറഞ്ഞു. പക്ഷെ അതിന് സ്വതസിദ്ധമായ ശൈലിയിൽ ശ്രീനിവാസന്‍ കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു, “കാശിന് നന്ദി. പക്ഷെ നിങ്ങള്‍ കല്യാണത്തിന് വരണ്ട. ആരും അറിയാതെ രെജിസ്റ്റര്‍ ചെയ്യാനാണ് പ്ലാന്‍. എന്നെ ഇവിടെ ആര്‍ക്കും അറിയില്ല. പക്ഷെ നിങ്ങള്‍ അങ്ങനെയല്ല, അറിയപ്പെടുന്ന താരമാണ്. നിങ്ങള്‍ വന്നാല്‍ സംഭവം എല്ലാവരും അറിയും. അത് വേണ്ട. ദയവു ചെയ്ത് വരരുത്” എന്ന്.

ഈ കഥ അനുസ്മരിച്ചു കൊണ്ട് അടുത്തിടെ ഒരു സ്വകാര്യ ചാനലില്‍ ശ്രീനിവാസന്‍ പറയുകയുണ്ടായി, “മുസ്ലീമായ മമ്മൂട്ടിയും, ക്രിസ്ത്യാനിയായ ഇന്നസെന്റും ചേർന്ന് സാമ്പത്തിക സഹായം ചെയ്തതു കൊണ്ടാണ് ഹിന്ദുവായ എന്റെ കല്യാണം നടന്നത്. ഇതല്ലേ യഥാർത്ഥ മതസൗഹാർദ്ദം ? “.

shortlink

Related Articles

Post Your Comments


Back to top button