ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന് അവതരിപ്പിക്കുന്ന പുതിയ പരസ്യം ലോകശ്രദ്ധ നേടിക്കഴിഞ്ഞു. ‘ഇത് എന്റെ ദുബൈ, എന്റെ അതിഥിയായി ഇവിടേക്ക് വരൂ’ ഈ വരികള്‍ ഇപ്പോള്‍ പ്രേക്ഷക പ്രീതി നേടികൊണ്ട് മുന്നേറുകയാണ്. തെരുവിലൂടെ നടന്നും ഓടിയും കടല്‍ത്തീരത്ത് വോളിബാള്‍ കളിച്ചും ആകാശത്ത് നിന്ന് ചാടിയും റസ്റ്റോറന്റില്‍ ഭക്ഷണം വിളമ്പിയുമെല്ലാം ഷാറൂഖ് ഖാന് ലോക നഗരത്തിലേക്ക് സഞ്ചാരികളെ ക്ഷണിക്കുകയാണ്. ഷാറൂഖ് സഞ്ചാരികള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട് വിസ്മയിപ്പിക്കുന്ന ‘എന്‍െറ അതിഥിയാകൂ’ എന്ന ഹാഷ്ടാഗില് മൂന്നു മിനിട്ടും 10 സെക്കന്റും ദൈര്‍ഘ്യമുള്ള മനോഹരമായി ചിത്രീകരിച്ച വീഡിയോ വൈറലായിക്കഴിഞ്ഞു.
ദുബൈയുടെ പഴയതും പുതിയതുമായ വിവിധ ഭാവങ്ങള്‍ അറേബ്യന്‍ പശ്ചാത്തല സംഗീതത്തോടെ അവതരിപ്പിക്കുന്ന ഈ വീഡിയോ ദുബൈ ടൂറിസത്തിന്റെ പുതിയ പരസ്യചിത്രമാണ്. ദുബൈ തന്‍െറ രണ്ടാം വീടെന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് ലോകനഗരത്തിലേക്ക് സഞ്ചാരികളെ കിങ് ഖാന് ക്ഷണിക്കുന്നത്.
വെള്ളിയാഴ്ച പുറത്തിറങ്ങിയ ഈ വീഡിയോ കണ്ടവരുടെ എണ്ണം ഇതിനകം തന്നെ രണ്ടു ലക്ഷം പിന്നിട്ടു. ദുബൈയെയും ഷാറൂഖിനെയൂം തങ്ങള്‍ ഒരുപാട് സ്നേഹിക്കുന്നുവെന്ന് പറയുന്ന കമന്റുകളും ധാരാളം.
പ്രചോദനം പകരുന്ന ഈ നഗരത്തെ തീര്‍ത്തും പുതിയ രീതിയില്‍ കാണുന്നതിനും കണ്ടെത്തുന്നതിനും ദുബൈ ടൂറിസവുമൊത്തുള്ള ഈ ചിത്രം സഹായിച്ചതായി ഷാറൂഖ് ഖാന് പറയുന്നു. താന്‍ ഈ നഗരത്തിന്റെ കടുത്ത ആരാധകനാണെന്നും എന്റെ രണ്ടാം വീടിനു തുല്യമാണ് ഈ നഗരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രമുഖ പരസ്യചിത്ര സംവിധായകനും മലയാളിയുമായ പ്രകാശ് വര്‍മയുടെ നേതൃത്വത്തിലുള്ള നിര്‍വാഹ ഫിലിംസാണ് ചിത്രം ഒരുക്കിയത്.
ദുബൈയും ഇന്ത്യയും തമ്മിലുള്ള സുന്ദരമായ ബന്ധത്തെ ഷാറൂഖ് ഖാന് പ്രതിനിധീകരിക്കുന്നുണ്ടെന്ന് ദുബൈ ടൂറിസം ആന്‍ഡ് കമേഴ്സ്യല്‍ മാര്‍ക്കറ്റിങ് കോര്പ്പറേഷന് സി.ഇ.ഒ ഇസ്സാം കാസിം അഭിപ്രായപ്പെട്ടു.
Post Your Comments