“കട്ടപ്പനയിലെ ഋത്വിക് റോഷൻ” എന്ന ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. തുടർച്ചയായി രണ്ടാമത്തെ ഹിറ്റുമായി സംവിധായകൻ നാദിർഷയും, തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണനും, ബിബിൻ ജോർജ്ജും പ്രേക്ഷക ഹൃദയം കീഴടക്കി മുന്നേറുന്ന കാഴ്ചയ്ക്ക് മലയാള സിനിമാ വ്യവസായം സാക്ഷിയാകുന്നു. വിഷ്ണു തന്നെയാണ് പ്രധാന കഥാപാത്രമായ കിച്ചുവിനെ അവതരിപ്പിച്ചിട്ടുള്ളത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തെ ഏറെ രസകരമായ ഒരു വിശേഷം അടുത്തിടെ ഒരു ചാനലിൽ വിഷ്ണു പങ്കിടുകയുണ്ടായി. “മിന്നാമിന്നിയ്ക്കും കാലം” എന്ന ഹൈലൈറ്റ് പാട്ട് ചിത്രീകരിക്കുകയായിരുന്നു. തെന്നിന്ത്യയിലെ ഏറ്റവും പ്രശസ്തനായ നൃത്ത സംവിധായകൻ ദിനേശ് മാസ്റ്ററാണ് കൊറിയോഗ്രാഫി. തമിഴ് സൂപ്പർ താരം വിജയ് പ്രധാന വേഷത്തിലെത്തുന്ന “ഭൈരവ” എന്ന ചിത്രത്തിലെ വർക്കിന് ശേഷം ദിനേശ് മാസ്റ്റർ ചെയ്തതാണ് “കട്ടപ്പനയിലെ ഋത്വിക് റോഷൻ”. ചിത്രീകരണത്തിനിടെ സംവിധായകൻ നാദിർഷാ ദിനേശ് മാസ്റ്ററോട് ഒരു അപേക്ഷ നടത്തി, പാട്ടിൽ ചെറുതായിട്ടൊന്ന് നൃത്തം ചെയ്ത് അഭിനയിക്കാമോ എന്ന്. കേട്ട പാടെ ദിനേശ് മാസ്റ്റർ ‘നോ’ പറഞ്ഞു. ആ പരിപാടി തനിക്ക് വഴങ്ങില്ല, തീരെ താൽപ്പര്യമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാൽ നാദിർഷ വിടാൻ ഭാവമില്ലായിരുന്നു. നിർബന്ധപ്പെടുത്തൽ എന്ന പ്രക്രിയ അദ്ദേഹം തുടർന്നു.
ഒടുവിൽ, തുടക്കക്കാരനായ വിഷ്ണുവിന്റെ പെർഫോമൻസ് കണ്ട് അതിൽ പൂർണ്ണ സംതൃപ്തി തോന്നയതും ചേർത്ത്, ദിനേശ് മാസ്റ്റർ നൃത്തം ചെയ്യാം എന്ന് സമ്മതിച്ചു. അങ്ങനെ, വർഷങ്ങളായി ഈ ഫീൽഡിൽ ജോലി ചെയ്തിട്ട്, അദ്ദേഹം ആദ്യമായി ഒരു സിനിമയുടെ ക്യാമറയ്ക്ക് മുന്നിൽ എത്തി. ഷോട്ട് എടുക്കുന്നതിനു മുൻപ് ദിനേശ് മാസ്റ്റർ നായകനായ വിഷ്ണുവിനോട് പരസ്യമായി പറഞ്ഞു, “വിജയ്, ധനുഷ്, വിശാൽ എന്നിവർ പറഞ്ഞിട്ട് പോലും ഞാൻ ക്യാമറയ്ക്കു മുന്നിൽ എത്തിയിട്ടില്ല. ഇപ്പോൾ ഇതാ നിനക്ക് വേണ്ടി ചെയ്യുന്നു” എന്ന്. ഏറെ സന്തോഷത്തിലായ വിഷ്ണു ആ ഒരു സ്പിരിറ്റ് കൂടെ ഉൾക്കൊണ്ടാണ് ആ പാട്ടിൽ ഗംഭീരമായി നൃത്തം ചെയ്തത്.
Post Your Comments