Movie Reviews

അഭിനവമോഹിനികൾ അഥവാ അശുഭജന്മങ്ങൾ – മ്യൂസിക് വീഡിയോ റിവ്യൂ

“അഭിനവ മോഹിനികള്‍ ചിലമ്പണിഞ്ഞൊരുങ്ങുന്നു
പൂങ്കാവനത്തിങ്കല്‍ നടനമാടാന്‍…
വില്ലെടുക്കൂ സ്വാമീ, ഒന്നുണരൂ വീരാ…
അവരുടെ അഹന്തയ്ക്കൊരറുതിയാക്കാന്‍…”

നമ്മുടെ നാട് നേരിടുന്ന മറ്റെല്ലാ പ്രശ്നങ്ങളും പൂര്‍ണ്ണമായും പരിഹരിച്ച് തീര്‍പ്പാക്കിയതിനു ശേഷം, “ശബരിമലയിലെ സ്ത്രീ സ്വാതന്ത്ര്യം” എന്ന പുത്തന്‍ പുതിയ നാടകവുമായി കേരളത്തിലേക്ക് കാലെടുത്തു വയ്ക്കാന്‍ തയ്യാറെടുക്കുന്ന “അഭിനവമോഹിനി”കൾക്കുള്ള ശക്തമായ താക്കീതാണ് ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് പുറത്തിറക്കിയ പുതിയ മ്യൂസിക് വീഡിയോ. ഈസ്റ്റ് കോസ്റ്റ് പുറത്തിറക്കിയ “തിരുവാഭരണം” എന്ന അയ്യപ്പഭക്തിഗാന സമാഹാരത്തിലെ “അഭിനവമോഹിനികൾ” എന്ന ഏറ്റവും രസകരമായ ഗാനത്തിന്റേതാണ് വീഡിയോ. വിജയൻ ഈസ്റ്റ് കോസ്റ്റ് സംവിധാനം നിർവ്വഹിച്ച മ്യൂസിക് വീഡിയോയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അനിൽ നായരാണ്. സന്തോഷ് വർമ്മ എഴുതിയ പ്രസ്തുത ഗാനം സംഗീതം നിർവ്വഹിച്ച് ആലാപിച്ചത് ‘ജയവിജയ’ സഹോദരന്മാരിൽ ജയനാണ്.

ആചാര-വിശ്വാസ പ്രകാരം യൗവനയുക്തയായ സ്ത്രീകൾക്ക് പ്രവേശനം നിഷേധ്യമായ ശബരിമലയിൽ, തലതിരിഞ്ഞ നവീന ആശയങ്ങളുടെ ബലത്തിൽ തലയും കുത്തി ഓടിക്കയറും എന്ന് ശപഥം ചെയ്തിരിക്കുകയാണ് ചില മഹിളാരത്നങ്ങൾ. അവരെ ചാട്ടവാറിന് അടിക്കുന്നത് പോലെയാണ് “അഭിനവമോഹിനകൾ” എന്ന ഗാനത്തിലെ ഓരോ വരികളും. ജയൻ മാഷിന്റെ ശബ്ദത്തിൽ, വളരെ ഉറച്ച ഭാവത്തോടെ, അത് കേൾക്കുമ്പോൾ ഉദ്ദേശശുദ്ധിയും വ്യക്തം. ജാതി-മത-ലിംഗ ഭേദമന്യേ, യഥാർത്ഥ വിശ്വാസികൾ എല്ലാ തരക്കാരുടെയും ആചാരാനുഷ്ഠാനങ്ങളെ ബഹുമാനപൂർവ്വം അംഗീകരിക്കുമ്പോൾ, ചിലർക്ക് എന്തിനെയും എതിർത്ത് പ്രവർത്തിക്കുക എന്നത് ഒരു വിനോദമായി മാറുകയാണ് നമ്മുടെ നാട്ടിൽ. ഇവരുടെയൊക്കെ വിചാരം സ്വാതന്ത്ര്യം എന്നാൽ “ആയിരത്തിൽ ഒരുവൻ” എന്ന പദവി നേടുക എന്നാണ്. പോസിറ്റിവ് അർത്ഥത്തിലല്ല, 999 പേർ നല്ലതെന്ന് പറയുന്ന ഏതെങ്കിലും ഒരു കാര്യത്തെ ദൂരെ മാറി നിന്ന് എതിർക്കുന്ന ആ ഒരാൾ, ആ രീതിയിൽ ആയിരത്തിൽ ഒരുവൻ / ഒരുവൾ! അത്തരക്കാർക്ക് സാമാന്യബോധവും , പൊതുജനചിന്തയുമൊക്കെ ചിറി കോട്ടി ചിരിച്ചു കളയാനുള്ള വെറും തമാശകൾ മാത്രമാണ്.

ശബരിമല എന്നത് വെറുമൊരു തീർത്ഥാടന കേന്ദ്രം മാത്രമല്ല. കാലങ്ങളായി, ഒരുപാടൊരുപാട് ഭക്തരുടെ ചിന്തകൾ ചേർന്ന് ഏകോപിപ്പിക്കപ്പെട്ട ചില പ്രത്യേക വിശാസങ്ങൾ കുടികൊള്ളും ഇടമാണ്. പരമ്പരാഗതമായ ആചാരങ്ങളുടെ ബലത്തോടെ അത് ഇന്നും പരിശുദ്ധമായി നിലനിൽക്കുന്നു. സർക്കാർ നിയന്ത്രണത്തിലുള്ള ദേവസ്വം ബോർഡ് ശബരിമലയ്ക്ക് സംരക്ഷണം നൽകുന്നു എന്നതാണ് സത്യം. അല്ലാതെ, അവിടെ സർക്കാർ നിയമങ്ങൾക്കോ, കോടതി നിർദ്ദേശങ്ങൾക്കോ പോലും സ്ഥാനമില്ലെന്നിരിക്കെ, ഈ പറഞ്ഞ അഭിനവ മോഹിനികൾക്ക് അവിടെ എന്ത് വിലയാണ് കൊടുക്കേണ്ടത് ? പണ്ട് ക്ഷേത്ര പ്രവേശനം എന്ന മഹത്തായ വിപ്ലവം നടന്ന കാലത്തു പോലും, ആചാരങ്ങളെയോ വിശാസങ്ങളെയോ തകർക്കാനുള്ള ശ്രമങ്ങൾ എവിടെയും നടന്നു കണ്ടില്ല. ഇതിപ്പോൾ ജീവിതത്തിലെ “തൃപ്തി”യില്ലായ്മ കാരണം, പാവപ്പെട്ട വിശ്വാസികളുടെ സംതൃപ്തി കളയാനായി ചിലർ ഒരുമ്പെട്ടിറങ്ങുകയാണ്. എന്ത് വില കൊടുത്തും അത് തടയുക തന്നെ വേണം.

ലോകം പുരോഗമിക്കുകയാണ്, ജീവിത നിലവാരവും ബന്ധപ്പെട്ട രീതികളും അതിനൊത്ത് മാറുകയാണ്. പക്ഷെ അതിൻ്റെ അർത്ഥം, ആചാരാനുഷ്ഠാനങ്ങളെ അറുത്തു മുറിച്ച്, പടിയടച്ച് പിണ്ഡം വയ്ക്കണം എന്നാണോ ? വിശ്വാസികൾ മറ്റുള്ളവർക്ക് ഉപദ്രവമായിത്തീരുന്നു എന്ന അവസ്ഥ വന്നാൽ എല്ലാവരും അവിടെ ഇടപെടണം, തിരുത്തൽ നടപടികൾ എടുക്കണം. അല്ലാതെ അവിശ്വാസികൾക്ക് എല്ലിന്റെ ഇടയിൽ കൊഴുപ്പ് കയറുന്ന സമയത്തെല്ലാം, അവരുടെ പേക്കൂത്തിന് കുടപിടിച്ചു കൊടുക്കേണ്ട ആവശ്യമുണ്ടോ ? അവിശ്വാസികളുടെ വിശ്വാസമില്ലായ്ക്കുള്ള അതേ പ്രാധാന്യം തന്നെയാണ് വിശ്വാസികളുടെ വിശ്വാസത്തിനും! ഇതിന്റെയൊക്കെ മാനദണ്ഡം “ഇഷ്ടമുണ്ട്”, “ഇഷ്ടമില്ല” എന്നിങ്ങനെ രണ്ട് തട്ടുകളാണ് , അല്ലാതെ “ഉണ്ട്”, “ഇല്ല” എന്ന സമ്പൂർണ്ണ മിഥ്യാ ബോധമല്ല. ചിന്തിക്കേണ്ട വിഷയം തന്നെയാണ്. ഈശ്വരൻ എന്നത് മനസ്സിൽ കുടികൊള്ളുന്ന ഒരു ബോധമാണ്. ചിലർക്ക് അത് കാണാൻ കഴിയാതെ, അമ്പലങ്ങൾ തേടി പോകുന്നു. അവിടത്തെ അന്തരീക്ഷം അനുഭവിച്ചറിഞ്ഞ് അവർ മനസായൂജ്യം നേടുന്നു. രണ്ടിന്റെയും ഫലം ഒന്ന് തന്നെ. ഭക്തി എന്നത് ഈ രണ്ട് വിഭാഗങ്ങളിൽ ഒന്നിൽ പെടണം. അല്ലാതെ, ന്യൂ ജനറേഷൻ എന്ന പ്ലക്കാർഡും പൊക്കിപ്പിടിച്ചു കൊണ്ട് ഭക്തിനാടകം നടന്നുവരെ ഇതിൽ പെടുത്താൻ കഴിയില്ല.

ഇക്കാലത്ത് ഏറ്റവും ആവശ്യമുള്ള സമയത്ത് തന്നെയാണ് “അഭിനവമോഹിനികള്‍” എന്ന ഈ മ്യൂസിക് വീഡിയോ റിലീസായിട്ടുള്ളത്. ഒരൊറ്റ വീഡിയോയോടെ ഈ പറഞ്ഞ അശുഭജന്മങ്ങള്‍ സ്വയം തിരുത്തി നേരെയാകും എന്നല്ല, പക്ഷെ എന്തിനും ഒരു തുടക്കം വേണമല്ലോ. ഈ വിഷയത്തില്‍ ഇത് തന്നെയാണ് തുടക്കം. അഭിനന്ദനങ്ങള്‍.

സുരേഷ് കുമാര്‍ രവീന്ദ്രന്‍

shortlink

Related Articles

Post Your Comments


Back to top button