
നിരവധി കാഴ്ചകള്‍ ഉള്ള ലോകത്തെ എല്ലായിടവും കാണുവാന്‍ എല്ലാര്ക്കും കഴിയാറില്ല. എന്നാല്‍ ലോകം മുഴുവന്‍ സഞ്ചരിക്കാതെ ലോകം മുഴുവന്‍ കാണാന്‍ സിനിമ വഴി ഏവര്‍ക്കും സാധിക്കുമെന്ന് ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍ പേഴ്‌സണ്‍ ബീന പോള്‍. സമൂഹത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഇത് ഉപകാരപ്പെടുമെന്നും ബീനാ പോള്‍ പറഞ്ഞു.
ലോകം മാറികൊണ്ടിരിക്കുന്നു. ആ മാറ്റത്തെ ഉള്കൊണ്ടുകൊണ്ട് സമൂഹത്തെ പ്രതിഫലിപ്പിക്കാന്‍ സിനിമയ്ക്ക് കഴിയുന്നു. അതുകൊണ്ടാണ് ചര്‍ച്ചകളും സംവാദങ്ങളും മേളകളും സിനിമയെ അടിസ്ഥാനമാക്കി ഇവിടെ നടക്കുന്നതെന്നും അവര്‍ പറഞ്ഞു. ചലച്ചിത്ര മേള എന്ന് പറഞ്ഞാല്‍ വലിയൊരു ഇവന്റാണെന്നും താനും സംവിധായകന്‍ കമലുമൊക്കെ മേളയുടെ ഒരു മുഖം മാത്രമാണെന്നും അതിന് പിന്നില്‍ ഒട്ടേറെ പേരുടെ പ്രവര്‍ത്തനമുണ്ടെന്നും ബീനാ പോള്‍ വ്യക്തമാക്കി.
കുടിയേറ്റവും സ്ത്രീയും കേന്ദ്രമായി വരുന്ന ചലച്ചിത്ര മേളയില്‍ തന്റെ വിദ്യാര്‍ത്ഥി കൂടിയായ വിധു വിന്‍സെന്റിന്റെ മാന്‍ ഹോള്‍ എന്ന സിനിമ മേളയിലെ മത്സരചിത്രമായത്തില്‍ വളരെയധികം സന്തോഷമുണ്ടെന്നു തുറന്നു പറഞ്ഞ ബീന സിനിമയുടെ പ്രമേയം എല്ലാവരേയും ആകര്‍ഷിക്കുന്നവയാണെന്നും സിനിമയ്ക്ക് പുരസ്‌കാരം ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കുമെന്നും പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മികച്ച സൗകര്യമാണ് ഈ വര്‍ഷത്തെ മേളയില്‍ ഒരുക്കിയിട്ടുള്ളതെന്നും ബീന പോള്‍ അറിയിച്ചു. താമസം, യാത്ര തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങള്‍ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ലഭ്യമാക്കുമെന്നും, സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്തുമെന്നും ബീനാ പോള്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments