തമിഴ് സിനിമയിൽ എൺപതുകളുടെ തുടക്കത്തിൽ ഏറ്റവും അധികം ഇമ്പാക്റ്റ് ഉണ്ടാക്കിയ നടിയാണ് രാധിക. അക്കാലത്ത് എണ്ണമറ്റ സിനിമകളിൽ മുൻനിര നായകന്മാരുടെയൊപ്പം സ്ഥിരസാന്നിധ്യമായിരുന്നു അവർ. തമിഴിനൊപ്പം ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങി എല്ലാ ഭാഷകളിലും ഒരേ സമയം തിളങ്ങിയ രാധികയ്ക്ക് മികച്ച അഭിനയ മികവിന് മൂന്നു വട്ടം തമിഴ്‌നാട് സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിച്ചതുൾപ്പെടെ ധാരാളം അവാർഡുകൾ കിട്ടിയിട്ടുണ്ട്. എങ്കിലും അറിഞ്ഞോ അറിയാതെയോ മലയാള സിനിമയിൽ നിന്നും ഒരു അകലം പാലിച്ചിരുന്നു താരം. ഇതുവരെയും നാല് ചിത്രങ്ങൾ മാത്രമാണ് മലയാളത്തിൽ രാധികയുടേതായി പുറത്ത് വന്നത്. 1993 – ൽ റിലീസായ “അർത്ഥന”യാണ് ഏറ്റവും ഒടുവിൽ രാധിക അഭിനയിച്ച മലയാള ചിത്രം.
ഇപ്പോഴിതാ 23 വർഷങ്ങൾക്കു ശേഷം, രാധികയിൽ നിന്നും രാധികാ ശരത്കുമാറായി മാറി, വീണ്ടും പുള്ളിക്കാരി മലയാള സിനിമയിൽ എത്തുകയാണ്. നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രമായ “രാമലീല”യിലാണ് രാധികയുടെ ശക്തമായ തിരിച്ചു വരവ് സാധ്യമാകുന്നത്. ചിത്രത്തിൽ രാമനുണ്ണി എന്ന എം.എൽ.ഏ ആയി വേഷമിടുന്ന ദിലീപിന്റെ അമ്മയായാണ് രാധിക അഭിനയിക്കുന്നത്. ഏറെ ശക്തമായ കഥാപാത്രമാണ് രാധികയുടേത് എന്നാണ് “രാമലീല”യോട് അടുത്ത വൃത്തങ്ങൾ വഴി അറിയാൻ സാധിക്കുന്നത്. പ്രയാഗ മാർട്ടിനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സച്ചിയാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിട്ടുള്ളത്.
കംബോഡിയ, ശ്രീലങ്ക , തായ്‌ലൻഡ് തുടങ്ങിയ വിദേശ രാജ്യങ്ങൾ, കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, പാലക്കാട് എന്നിവിടങ്ങളാണ് “രാമലീല”യുടെ പ്രധാന ലൊക്കേഷനുകൾ. ഡിസംബർ 9’ന് ചിത്രീകരണം ആരംഭിക്കുന്നതാണ്.
Post Your Comments