GeneralNEWS

എഡിറ്ററിൽ നിന്നും സംവിധായകനിലേക്കുള്ള ദൂരം

മലയാള സിനിമ കണ്ട ഏറ്റവും പ്രഗത്ഭരായ എഡിറ്റർമാരിൽ ഒരാളാണ് മഹേഷ് നാരായണൻ. 2007 – ൽ “രാത്രിമഴ” എന്ന ചിത്രത്തിന്റെ ഭാഗമായി പ്രൊഫഷണൽ ജീവിതത്തിൽ തുടക്കം കുറിച്ച മഹേഷ് നാരായണൻ ഇതുവരെയും ചെയ്തിട്ടുള്ള സിനിമകളെല്ലാം തന്നെ എഡിറ്റിങ്ങ് മികവിന്റെ പേരിൽ പ്രത്യേക ശ്രദ്ധ നേടിയിട്ടുള്ളവയാണ്. “ട്രാഫിക്”, “ബ്യൂട്ടിഫുൾ”, “മുംബൈ പോലീസ്”, “നിർണ്ണായകം”, “എന്ന് നിന്റെ മൊയ്‌ദീൻ”, എന്നിവയുൾപ്പെടെ ഒട്ടനവധി മലയാള ചിത്രങ്ങളും, ഇന്ത്യൻ സിനിമയിലെ മഹാരഥന്മാരിലൊരാളായ കമൽഹാസന്റെ “വിശ്വരൂപം” എന്ന ബ്രഹ്‌മാണ്ഡ തമിഴ് ചിത്രവും മഹേഷ് നാരായണന്റെ കൈ പതിഞ്ഞവയാണ്. “വിശ്വരൂപം” രണ്ടാം ഭാഗത്തിന്റെ എഡിറ്റിങ്ങും കമൽഹാസൻ ഏൽപ്പിച്ചിരിക്കുന്നത് മഹേഷിനെ തന്നെയാണ്. ഇനി ഒന്ന് വഴി മാറി സഞ്ചരിക്കാം എന്ന ചിന്തയിൽ, എഡിറ്ററിൽ നിന്നും സംവിധായകനിലേക്ക് ഓടിക്കയറുകയാണ് മഹേഷ് നാരായണൻ.

ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, പാർവ്വതി തുടങ്ങിയ ഇന്നിന്റെ താരങ്ങളെ ഒരുമിച്ച് സ്‌ക്രീനിലെത്തിക്കുന്ന ഒരു വൻസംരംഭം സംവിധാനം ചെയ്തു കൊണ്ടാണ് മഹേഷ് നാരായണൻ തൻ്റെ പുതിയ റോളിലേക്ക് പ്രവേശം നടത്തുന്നത്. “ടെയ്ക്ക് ഓഫ്” എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത് . രാജേഷ് പിള്ളൈ ഫിലിംസിന്റെ സഹകരണത്തോടെ ആന്റോ ജോസഫും, ഷെബിൻ ബേക്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സാനു ജോൺ വർഗ്ഗീസാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. റഫീഖ് അഹമ്മദിന്റെയും, ഹരിനാരായണന്റെയും വരികൾക്ക് ഷാൻ റഹ്‌മാൻ ഈണം പകരുന്നു. ഗോപീസുന്ദറാണ് പശ്ചാത്തല സംഗീതം. മഹേഷ് നാരായണനും, അഭിലാഷ് ബാലൻചന്ദ്രനും ചേർന്നാണ് എഡിറ്റിങ്ങ്.

ഇറാഖ് യുദ്ധകാലത്ത് അവിടെ കുടുങ്ങിപ്പോയ ഇന്ത്യൻ നേഴ്‌സുമാരുടെ കഥയാണ് “ടെയ്ക്ക് ഓഫ്” പറയുന്നത്. കുഞ്ചാക്കോ ബോബൻ, പാർവ്വതി തുടങ്ങിയവർ നേഴ്‌സുകളായും, ഫഹദ് ഫാസിൽ ഇന്ത്യൻ അമ്പാസഡറായും ചിത്രത്തിൽ അഭിനയിക്കുന്നു. ആസിഫ് അലിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2017 ജനുവരി മാസം ചിത്രം തീയറ്ററുകളിൽ എത്തുന്നതാണ്.

shortlink

Related Articles

Post Your Comments


Back to top button