* പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത, പ്രേംനസീര്‍ – മോഹന്‍ലാല്‍ ചിത്രമായ “കടത്തനാടന്‍ അമ്പാടി” 1990 ഏപ്രില്‍ 14-നാണ് റിലീസായത്. 1985-86 കാലഘട്ടത്തില്‍ ചിത്രീകരണം ആരംഭിച്ച “കടത്തനാടന്‍ അമ്പാടി” ചില സാങ്കേതിക കാരണങ്ങളാല്‍ നീട്ടി വയ്ക്കുകയായിരുന്നു. സാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സാജന്‍ വര്‍ഗ്ഗീസ് ആണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രം റിലീസിനോട് അടുത്ത സമയത്ത് നിര്‍മ്മാതാവ് സാജന്‍ വര്‍ഗ്ഗീസ് കോടതിയില്‍ പാപ്പര്‍ സൂട്ട് ഫയല്‍ ചെയ്യുകയും, അതേത്തുടര്‍ന്ന് കോടതിയുടെ നിര്‍ദ്ദേശ പ്രകാരം നവോദയ പ്രൊഡക്ഷന്‍സ് വിതരണം ഏറ്റെടുക്കുകയും ചെയ്തു. അങ്ങനെയാണ് എല്ലാ പ്രശ്നങ്ങള്‍ക്കും ഒടുവില്‍ “കടത്തനാടന്‍ അമ്പാടി” തീയറ്ററുകളില്‍” എത്തിയത്. ആദ്യത്തെ ആഴ്ച 35 ലക്ഷത്തോളം കളക്ഷന്‍ നേടി റെക്കോര്‍ഡിട്ട “കടത്തനാടന്‍ അമ്പാടി” തുടര്‍ന്ന് ദയനീയ പരാജയമായി മാറി.
* ക്ലൈമാക്സ് ചിത്രീകരണം ഒരു ഗുഹയുടെ സെറ്റില്‍ നടക്കുകയായിരുന്നു. മോഹന്‍ലാലിന്റെ കഥാപാത്രമായ അമ്പാടി ഗുഹയ്ക്കുള്ളിലെ ശക്തമായ നീരൊഴുക്കില്‍ നിന്നും ഓടി രക്ഷപ്പെടുന്നതായിരുന്നു രംഗം. ചില അബദ്ധങ്ങള്‍ സംഭവിച്ചതു കാരണം, വെള്ളത്തിന്റെ ഒഴുക്ക് പ്രതീക്ഷിച്ചതിലും ശക്തമാവുകയും, തിരക്കഥയുടെ ഒറിജിനല്‍ കോപ്പി വച്ചിരുന്ന മേശയടക്കം വെള്ളപ്പാച്ചിലില്‍ ഒലിച്ചു പോവുകയും ചെയ്തു. തിരക്കഥയുടെ ആകപ്പാടെ ഉണ്ടായിരുന്ന ആ ഒരേ ഒരു കോപ്പി നഷ്‌ടമായതിലൂടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പലതും, പ്രധാനമായും ഡബ്ബിംഗ്, നിര്‍ത്തി വയ്ക്കേണ്ടി വന്നു. ശേഷം, വീഡിയോയില്‍ താരങ്ങളുടെ ചുണ്ടനക്കം നോക്കി വരികള്‍ എഴുതിയെടുത്ത് ഡബ്ബ് ചെയ്യുകയായിരുന്നു.
* ചിത്രീകരണം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കകം പ്രശസ്ത നടന്‍ പ്രേംനസീര്‍ അന്തരിച്ചു. ചിത്രത്തിലെ പ്രധാന വേഷമായ പയ്യപ്പിള്ളി ചന്തു ഗുരുക്കളുടെ വേഷം പ്രേംനസീര്‍ ആണ് ചെയ്തത്. അദ്ദേഹത്തിന് ഡബ്ബ് ചെയ്യാനായി, അന്നത്തെ പ്രശസ്ത മിമിക്രി താരം ജയറാമിനെ ഏര്‍പ്പാട് ചെയ്തു. എന്നാല്‍, പ്രേംനസീറിനെ വളരെ ഭംഗിയായി അനുകരിക്കാന്‍ അറിയാം എന്നല്ലാതെ ഡബ്ബിംഗ് കല തീരെ വശമില്ലാതിരുന്ന ജയറാമിന് ആ ഉദ്യമത്തില്‍ നിന്നും പിന്‍മാറേണ്ടി വന്നു. ശേഷം, തിലകന്‍റെ മകന്‍ ഷമ്മി തിലകനാണ് പ്രേംനസീറിനു വേണ്ടി ഡബ്ബ് ചെയ്തത്. ചിത്രത്തില്‍ പ്രേംനസീറിനടക്കം, ഇരുപതോളം താരങ്ങള്‍ക്ക് ഷമ്മി തിലകന്‍ ഡബ്ബ് ചെയ്തു.
* മോഹന്‍ലാല്‍-ഡിസ്ക്കോ ശാന്തി ഉള്‍പ്പെടുന്ന ഗുഹയ്ക്കകത്തുള്ള ക്ലൈമാക്സ് രംഗം അക്കാലത്തെ ഏറ്റവും മികച്ച സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗിച്ച്, വളരെ ഗംഭീരമായി ചെയ്തതായിരുന്നു. അതിന്റെ പേരില്‍ പ്രിയദര്‍ശനും, ടീം അംഗങ്ങള്‍ക്കും ഇന്‍ഡസ്ട്രിയില്‍ നിന്നും ഒരുപാട് അഭിനന്ദനങ്ങള്‍ കിട്ടി.
* നടന്‍ കൊച്ചിന്‍ ഹനീഫയും, പി.കെ.ശാരംഗപാണിയും ചേര്‍ന്നാണ് “കടത്തനാടന്‍ അമ്പാടി”യുടെ രചന നിര്‍വ്വഹിച്ചത്.
ലേഖനം :- സുരേഷ് കുമാര്‍ രവീന്ദ്രന്‍
Leave a Comment