CinemaIndian CinemaKollywoodMollywoodNEWS

സിങ്കം ത്രീ റിലീസ് മാറ്റാന്‍ ഉള്ള കാരണം സൂര്യ വെളിപ്പെടുത്തുന്നു

സൂര്യയുടെ ബിഗ്‌ ബജറ്റ് ചിത്രമാണ് ഹരി സംവിധാനം ചെയ്ത എസ് ത്രീ. ദൊരൈസിങ്കം ഐപിഎസ് എന്ന കരുത്തനായ പോലീസ് ഓഫീസറായി സൂര്യ മൂന്നാം വട്ടമെത്തുന്ന സിനിമയുടെ റിലീസ് മാറ്റിയത് തമിഴ് ചലച്ചിത്ര ലോകത്ത് ചര്‍ച്ചയായിരുന്നു. ആദ്യം ദീപാവലി റിലീസ് തീരുമാനിച്ചിരുന്ന ചിത്രം പിന്നീട് ഡിസംബര്‍16ന് തമിഴ്-തെലുങ്ക് പതിപ്പുകളിലായി റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ അത് ഡിസംബര്‍ 23ലേക്ക് മാറ്റിയതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മാസങ്ങള്‍ക്ക് മുമ്പേ പ്രഖ്യാപിച്ച റിലീസ് തീയതി മാറ്റാനുള്ള കാരണം സംവിധായകന്‍ ഹരിയോ, നിര്‍മ്മാതാവ് കെ ഇ ജ്ഞാനവേല്‍രാജയോ ഇതുവരെ വിശദീകരിച്ചിരുന്നില്ല. എന്നാല്‍ റിലീസ് മാറ്റിവയ്ക്കാനുള്ള യഥാര്‍ത്ഥ കാരണം ഒടുവില്‍ സൂര്യ തന്നെ വെളിപ്പെടുത്തി.

ഹൈദരാബാദില്‍ എസ് ത്രീ തെലുങ്ക് പതിപ്പായ യെമുഡു പ്രമോഷന്‍ വേദിയിലാണ് റിലീസ് നീട്ടിവയ്ക്കാനിടയായ സാഹചര്യത്തെ കുറിച്ച് സൂര്യ പ്രതികരിച്ചത്. രാം ചരണ്‍ തേജയുടെ ധ്രുവയുമായി ബോക്‌സ് ഓഫീസ് മത്സരം ഒഴിവാക്കാനാണ് ചിത്രം റിലീസ് മാറ്റിയതെന്ന് സൂര്യ സൂചന നല്‍കി. ഡിസംബര്‍ 9നാണ് ധ്രുവ റിലീസ് ചെയ്യുന്നത്. ജയം രവിയും അരവിന്ദ് സ്വാമിയും കേന്ദ്രകഥാപാത്രങ്ങളായ തനി ഒരുവന്‍ എന്ന ചിത്രത്തിന്‍റെ തെലുങ്ക് റീമേക്കാണ് ധ്രുവ. രാംചരണ്‍ തേജയുടെ പ്രധാന റിലീസുമാണ് ഈ ചിത്രം. ”രാംചരണിന്റെ ധ്രുവ ഞങ്ങളുടെ കുടുംബത്തില്‍ നിന്നുള്ള സിനിമ പോലെയാണ്, അതിനാലാണ് എസ് ത്രീ റിലീസില്‍ ചെറിയ മാറ്റം വരുത്തിയത്. രാംചരണിന്റെ കരിയറിലും ഈ സിനിമ നിര്‍ണ്ണായകമാണ്.” എന്ന് സൂര്യ പ്രചരണചടങ്ങില്‍ വ്യക്തമാക്കി.

തെലുങ്കിലെ വന്‍ റിലീസുമായി എത്തുന്ന രാംചരണ്‍ തേജയുടെ ധ്രുവ അല്ലു അരവിന്ദാണ് നിര്‍മ്മിക്കുന്നത്.. ചിത്രം മികച്ച വിജയമാകട്ടെ എന്നും സൂര്യ ആശംസിച്ചു. ധ്രുവ റിലീസിന് ശേഷം രണ്ടാഴ്ച കഴിഞ്ഞെത്തുന്ന എസ് ത്രീ തെലുങ്ക് പതിപ്പിന് കൂടുതല്‍ തിയറ്ററുകള്‍ കിട്ടുമെന്നതും തിയറ്ററുകളില്‍ വലിയ മത്സരം നേരിടില്ല എന്നതും റിലീസ് മാറ്റിയത് കൊണ്ട് പ്രശ്നമില്ല എന്നതരത്തിലാണ് നിര്‍മ്മാതാക്കള്‍.

shortlink

Related Articles

Post Your Comments


Back to top button