പുരുഷന്‍െറ കാഴ്ചപ്പാടിലെ സ്ത്രീ പ്രശ്നങ്ങളാണ് ചലച്ചിത്രങ്ങളില്‍ പലപ്പോഴും ചിത്രീകരിക്കപ്പെടുന്നതെന്നു കല്‍പ്പറ്റ നാരായണന്‍. ലോകത്തെ അടിച്ചമര്‍ത്തപ്പെട്ടവരുടെ മൊത്തം പ്രതിനിധിയാണ് സ്ത്രീ. മുഖ്യധാരയില്‍ എന്നും രണ്ടാം നിരയിലേക്ക് മാറ്റിനിര്‍ത്തപ്പെടുന്ന സ്ത്രീയുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ‘ഷി ബിലീവ്സ്’ എന്ന ഡോകുമെന്‍ററി സിനിമയുടെ പ്രഥമ പ്രദര്‍ശനത്തോടൊപ്പം സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിത്രകാരിയും കവയിത്രിയുമായ ഷിംന സംവിധാനം ചെയ്ത 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രമാണ് ‘ഷി ബിലീവ്സ്’. മാമാമിയ പ്രൊഡക്ഷന്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ക്യാമറ എം.ജെ. രാധാകൃഷ്ണന്‍, സണ്ണി ജോസഫ്, അനില്‍ സണ്ണി, ശ്രീരാം രമേശ് എന്നിവരും സംഗീതം ജോണ്‍ പി. വര്‍ക്കിയും നിര്‍വഹിച്ചിരിക്കുന്നു. അരയിടത്തുപാലം ഓറിയന്‍റല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ ‘സിനിമാ പാരഡൈസോ’ മിനി തിയറ്ററായറ്ററിലാണ് പ്രദര്‍ശനം നടന്നത്.
ഒരു ന്യൂനപക്ഷം സ്ത്രീകള്‍ മതവും സമൂഹവും സൃഷ്ടിച്ചുവെച്ച വേലിക്കെട്ടുകള്‍ പൊളിച്ച് സ്വന്തം ജീവിതം നിര്‍മിക്കാന്‍ ശ്രമിക്കുമ്പോഴും ഭൂരിഭാഗവും ഒതുങ്ങി നില്‍ക്കാന്‍ ശ്രമിക്കുന്നതാണ് പുതിയയ കാലത്തും കാണുന്നതെന്നും സ്ത്രീയെ സമൂഹത്തിന്‍െറ മുന്‍നിരയിലേക്ക് നയിക്കുന്നതില്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് ഏറെയൊന്നും മുന്നേറാന്‍ കഴിഞ്ഞിട്ടില്ലെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത സിവിക് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു.
പുരുഷന്‍െറ പിന്നില്‍ നില്‍ക്കേണ്ടവളാണ് സ്ത്രീയെന്ന പാഠം ഇപ്പോഴും പിന്തുടരുകയാണ് പെണ്‍കുട്ടികളെന്ന് കെ. അജിത പറഞ്ഞു. സ്ത്രീക്ക് ശക്തിപകരാനുള്ള കൂട്ടായ്മകള്‍ കൂടുതല്‍ സജീവമാകേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഡിസംബര്‍ 4ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം വഴുതക്കാട് കലാഭവന്‍ തിയറ്ററിലും ഡിസംബര്‍ 23ന് 5.30ന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളിലും ‘ഷി ബിലീവ്സ്’ പ്രദര്‍ശിപ്പിക്കും.
Post Your Comments