സൂപ്പര്‍താരം മോഹന്‍ലാലിനെ ആദ്യമായികണ്ട അനുഭവത്തെക്കുറിച്ച് പങ്കിടുകയാണ് യുവതാരം ഫഹദ് ഫാസില്‍. ഫാസിലിന്‍റെ ‘മഞ്ഞില്‍ വിരിഞ്ഞപൂക്കളി’ലൂടെ ശ്രദ്ധനേടിയ മോഹന്‍ലാല്‍ എന്നനടനെ അടുത്തറിയാന്‍ ഒരുപാട് തവണ ഭാഗ്യം ലഭിച്ചിട്ടുണ്ടെന്ന് നാനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഫഹദ് ഫാസില്‍ പങ്കുവെയ്ക്കുന്നു.
“ലാലേട്ടനെ ആദ്യമായി കാണുന്നത് മണിച്ചിത്രത്താഴിന്റെ ലൊക്കേഷനില്‍വെച്ചാണ്. ഞാന്‍ അന്ന് അഞ്ചാം ക്ലാസ്സില്‍ പഠിക്കുകയാണ്. ബോഡിംഗില്‍ നിന്ന് പഠിച്ചിരുന്ന ഞാന്‍ എല്ലാ വെള്ളിയാഴ്ചയും വീട്ടിലേക്ക് പോകും. പതിവുപോലെ എന്നെ പിക്ക് ചെയ്യാന്‍ ഡ്രൈവറെത്തി. വരുന്ന വഴി തൃപ്പുണിത്തുറ പാലസില്‍ വരെ കയറിയിട്ട് പോയാല്‍ മതിയെന്ന് വാപ്പയുടെ നിര്‍ദ്ദേശമുണ്ടായിരുന്നു. ഞാനവിടെ എത്തുമ്പോള്‍ ഷൂട്ടിംഗ് നടക്കുകയാണ്. മണിച്ചിത്രത്താഴാണ് സിനിമ. ലാലേട്ടന്‍ ജോയിന്‍ ചെയ്ത ദിവസം കൂടിയായിരുന്നു. അന്നാണ് ഞാന്‍ ലാലേട്ടനെ കാണുന്നത്, ആദ്യമായി. അന്ന് പരിചയപ്പെടാനോ സംസാരിക്കാനോ കഴിഞ്ഞില്ല. ഷൂട്ടിംഗ് തിരക്കിലായിരുന്നു എല്ലാവരും. ഇത് രണ്ടും സംഭവിക്കുന്നത് പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. ‘ചന്ദ്രലേഖ’യുടെ ഷൂട്ടിംഗ് സമയത്ത്. മദ്രാസിലെ ഏതോ സ്റ്റുഡിയോ ഫ്ളോറിലായിരുന്നു ഷൂട്ടിംഗ്. അന്ന് പ്രിയേട്ടനാണ് എന്നെ ലാലേട്ടന് പരിചയപ്പെടുത്തുന്നത്. ‘കുട്ടികളെല്ലാം വളരെ വേഗമാണല്ലോ വളരുന്നത്.’ എന്നായിരുന്നു ലാലേട്ടന്റെ ആദ്യത്തെ പ്രതികരണം. അപ്പോഴാണ് ഞാന്‍ മനസ്സിലാക്കുന്നത്, എന്നെ വളരെ ചെറുപ്പത്തിലേ ലാലേട്ടന്‍ കണ്ടിട്ടുണ്ടെന്ന്. ഒരിക്കല്‍ ആലപ്പുഴയില്‍ ഒരു പടത്തിന്റെ ഷൂട്ടിംഗിന് വന്നപ്പോഴും ലാലേട്ടന്‍ വീട്ടില്‍ വന്നിരുന്നു. ഊണ് കഴിക്കാന്‍. അന്ന് കുറേസമയം വീട്ടിലുണ്ടായിരുന്നു. ഞങ്ങളുടെ കൂടിക്കാഴ്ചകളിലൊന്നും സിനിമ ഒരു വിഷയമേ ആയിരുന്നിട്ടില്ല. കാറുകളോടുള്ള എന്റെ ഭ്രമം ലാലേട്ടന് അറിയാം, വാപ്പ പറഞ്ഞ്. അതുകൊണ്ട് മിക്കവാറും കാറുകളെക്കുറിച്ചായിരിക്കും സംസാരിക്കുക. ഞാന്‍ ഓരോ തവണ കാണുമ്പോഴും ലാലേട്ടന്‍ ഓരോ കാര്‍ സ്വന്തമാക്കിയിരിക്കും. അതിനെക്കുറിച്ചൊക്കെ കൗതുകത്തോടെയാണ് അദ്ദേഹം പറഞ്ഞിരുന്നത്. എന്നെ വിസ്മയിപ്പിച്ചിട്ടുള്ള, അതിശയിപ്പിച്ചിട്ടുള്ള നടനാണ് ലാലേട്ടന്‍. ക്യാമറയ്ക്ക് മുന്നിലാണ് ആ മാജിക് സംഭവിക്കുന്നത്. അത് എന്താണെന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ”. ഫഹദ് ഫാസില്‍ വ്യക്തമാക്കുന്നു.
Post Your Comments