നല്ല പാട്ടുകള്‍ വേണമെന്ന് ആഗ്രഹിക്കുന്ന സംവിധായകര്‍ ഒരിക്കലും പാട്ടിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാറില്ലെന്ന് ചലച്ചിത്ര പിന്നണിഗായകന്‍ ഉണ്ണി മേനോന് പറഞ്ഞു. പ്രസ്ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല എഴുത്തുകാര്‍ ഇല്ലാത്തതുകൊണ്ടല്ല, നല്ല പാട്ടുകള്‍ ഉണ്ടാവാത്തത്. പലപ്പോഴും സിനിമകള്‍ പിന്തുടരുന്ന രീതി ട്യൂണുകള്‍ നല്കി പാട്ടെഴുതിക്കുകയാണ്. അങ്ങനെ വരുമ്പോള്‍ വരികളിലും വാക്കുകളിലും വിട്ടുവീഴ്ച ചെയ്യേണ്ടി വരാറുണ്ട്. എന്നാല്‍ ചുരുക്കം ചില സംവിധായകര്‍ ഒരിക്കലും പാട്ടില്‍ വിട്ടു വീഴ്ച ചെയ്യാറില്ല.
പല വേദികളിലും പഴയ പാട്ടുകള്‍ തന്നെയാണ് തനിക്ക് ഇപ്പോഴും പാടേണ്ടിവരുന്നത്. അവ കേള്‍ക്കാനാണ് ഇന്നും എല്ലാവര്ക്കും ഇഷ്ടം. അതിനാല്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പുള്ള പാട്ടുകളിലാണ് ഇപ്പോഴും ജീവന്തുടിക്കുന്നതെന്നും ഉണ്ണിമേനോന് കൂട്ടിച്ചേര്‍ത്തു.
പുതിയ സിനിമകളും പാട്ടുകളും ഏറെ വരുന്നുണ്ടെങ്കിലും ഓര്‍മയില്‍ നില്ക്കുന്ന പാട്ടുകള്‍ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചിത്രത്തിന്റെ സംവിധായകരും, സംഗീത സംവിധായകരും, നിര്‍മ്മാതാക്കളും മാത്രമായിരുന്നു മുന്‍പ് പാട്ടുകള്‍ക്ക് റോയല്‍റ്റി അവകാശപ്പെടുന്നത് . സ്വന്തം ശബ്ദത്തില്‍ പുറത്തുവരുന്ന പാട്ടുകള്‍ക്ക് ഗായകര്‍ക്കും റോയല്‍റ്റി അവകാശപ്പെടാമെന്ന സ്ഥിതി അടുത്തയിടെ വന്ന സുപ്രീം കോടതിവിധിയോടെ ഇവിടെ വന്നു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ മേഖലകളിലുമെന്നപോലെ ലോബിയിംഗും പാരവയ്പ്പുമൊക്കെ എല്ലാക്കാലത്തും സിനിമയിലും ഉണ്ട്. താന്‍ ഒരിക്കലും അവസരങ്ങള്‍ തേടി പോയിട്ടില്ല. അതാവാം തനിക്ക് അവസരങ്ങള്‍ കുറയാന്‍ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിനിമയുടെ സംവിധായകരെയോ, നടന്മാരെയോ താന്‍ തിരക്കാറില്ല. പാടാന്‍ ലഭിക്കുന്ന അവസരങ്ങളില്‍ പാട്ട് ഭംഗിയാക്കാന്‍ മാത്രമാണ് താന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments