കിഴക്കമ്പലം പഞ്ചായത്തില്‍ ലക്ഷംവീടുകള്‍ ഒറ്റ വീടാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നടന്‍ ജയറാം നിര്‍വഹിച്ചു. ഉദ്ഘാടന ചടങ്ങില്‍ മക്കളായ കണ്ണന്റേയും ചക്കിയുടേയും സംഭാവനയായി രണ്ട് വീടുകള്‍ നിര്‍മിക്കുന്നതിനുള്ള 20 ലക്ഷം രൂപയുടെ ചെക്കും ജയറാം കൈമാറി. ഗ്രാമപഞ്ചായത്തിന്റെയും ട്വന്റി-20യുടെയും നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയില്‍ വിലങ്ങ്, കാനാമ്പുറം, ഞാറള്ളൂര്‍ എന്നീ മൂന്ന്‍ കോളനികളിലായി 72 വീടുകളാണ് ഒറ്റ വീടുകളാക്കി നിര്‍മിച്ചു നല്‍കുന്നത്. കിഴക്കമ്പലം പഞ്ചായത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല പഞ്ചായത്തായി മാറുമെന്ന് ജയറാം പറഞ്ഞു. വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറാന്‍ താന്‍ കുടുംബസമേതം എത്തുമെന്നും ജയറാം അറിയിച്ചു.
പദ്ധതിയുടെ ആദ്യ ഘട്ടത്തിന് ഞാറള്ളൂര്‍ കോളനിയില്‍ തുടക്കം കുറിച്ചു. 700 ചതുരശ്ര അടി വരുന്ന ഓരോ വീടിനും 12 ലക്ഷം രൂപയാണ് ചെലവ്. പഞ്ചായത്തിന്റെ വിഹിതമായി രണ്ട് ലക്ഷം രൂപയും (എസ്.സി. വിഭാഗത്തിന് മൂന്നുലക്ഷം) ട്വന്റി-20 യുടെ വകയായി 10 ലക്ഷം രൂപയും ഓരോ വീടിനുമായി നല്‍കും. ട്വന്റി-20 യുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു ലക്ഷംവീട് കോളനികള്‍ ഒറ്റ വീടാക്കുകയെന്നത്. ഭരണത്തിലേറി ആദ്യ കമ്മിറ്റിയില്‍ തന്നെ കോളനി നവീകരണത്തിനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കി. എപ്പോള്‍ വേണമെങ്കിലും നിലം പതിക്കാവുന്ന മേല്‍ക്കൂരയ്ക്കു കീഴില്‍ ദുരിത ജീവിതം നയിച്ചവര്‍ക്കാണ് ട്വന്റി-20 യുടെ നേതൃത്വത്തില്‍ 700 ചതുരശ്ര അടി വരുന്ന വീട് നിര്‍മിച്ചു നല്‍കുന്നത്. ആറു മാസത്തിനുള്ളില്‍ വീടുകളുടെ പുനര്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് ട്വന്റി-20 ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ് പറഞ്ഞു. അടുത്ത മഴയ്ക്കു മുന്‍പ് തന്നെ എല്ലാ കോളനികളും പുനര്‍ നിര്‍മിച്ച് അവിടെ താമസിക്കുന്നവരെ സുരക്ഷിതമാക്കാനാണ് ട്വന്റി-20 ലക്ഷ്യമിടുന്നത്.
Post Your Comments