CinemaIndian CinemaNEWS

കാരുണ്യ സ്പര്‍ശവുമായി അയാള്‍ മുന്‍ഷി വേണുവിന്‍റെ ജീവിതത്തിന് കരുത്താകുന്നു

മുന്‍ഷി വേണു ചികിത്സിക്കാന്‍ പണമില്ലാതെ കഷ്ടപ്പെടുന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആ വാര്‍ത്ത കണ്ടു സഹായിക്കാന്‍ സന്മനസ്സു കാണിച്ച ഒരു വ്യക്തിയുടെ കുറിപ്പ് വൈറല്‍ ആകുകയാണ്. മൈ കണ്ണൂര്‍ എന്ന ഫേസ് ബുക്ക് പേജിലാണ് ഈ കുറിപ്പ്. ആത്മാര്‍ഥമായി നമ്മള്‍ എന്താഗ്രഹിച്ചാലും അത് നടക്കുമെന്നും അതിനു ദൈവത്തിന്‍റെ തുണയുണ്ടാകുമെന്നും ഈ കുറിപ്പില്‍ പറയുന്നു.  ഇങ്ങനെയൊക്കെയാണ് കണ്ണൂരിലെ മനുഷ്യർ.. എന്ന തലകെട്ടില്‍ കൊടുത്തിരിക്കുന്ന കുറിപ്പ്  സഹായിക്കാന്‍ സന്മനസുള്ള വ്യക്തികള്‍ക്ക് പ്രചോദനമാകുന്നതാണ്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

// ഇങ്ങനെയൊക്കെയാണ് കണ്ണൂരിലെ മനുഷ്യർ..! //

കഴിഞ്ഞ തിങ്കളാഴ്ച ഉച്ച ഭക്ഷണത്തിനു ശേഷം വീട്ടിൽ വിശ്രമിക്കുമ്പോഴാണ് ഫേസ്ബുക്കിൽ മനോരമ ന്യൂസിൽ മുൻഷി വേണുവിന്റെ ദയനീയ വാർത്ത കണ്ടത്. ആരോരുമിലാത്ത മുൻഷി വേണുവേട്ടൻ കിഡ്നി സംബന്ധമായ രോഗത്താൽ താമസിക്കാൻ ഇടമില്ലാതെ ബുദ്ധിമുട്ടുന്ന കാര്യം അങ്ങനെയാണ് ഞാൻ അറിഞ്ഞത്.
വാർത്ത കണ്ടയുടൻ തന്നെ കണ്ണൂരിൽ ഞാൻ താമസിക്കുന്ന വീട്ടിൽ വേണുവേട്ടന് താമസ സൗകര്യം ഒരുക്കാൻ തയ്യാറാണ് എന്ന് ഫേസ്ബൂക്കിലൂടെ ഞാൻ അറിയിച്ചു. നാലംഗങ്ങൾ മാത്രമുള്ള എന്‍റെ വീട്ടിൽ അഞ്ചാമതൊരാൾ വരുന്നത് കൊണ്ട് യാതൊരു ബുദ്ധിമുട്ടുമില്ല. കൂടാതെ എന്നെ നല്ല കാര്യത്തിനും എന്നും സപ്പോർട് ചെയ്യാറുള്ള ബ്രണ്ണൻ കോളേജ് ഇക്കണോമിക്സ് വിഭാഗം മേധാവിയായ എന്‍റെ ഗുരുനാഥൻ ഫൽഗുനൻ സാറിനോട് അഭിപ്രായവും ചോദിച്ചു.
അങ്ങനെ ആലപ്പുഴ മനോരമ ഓഫീസിൽ നിന്നു വേണുവേട്ടന്റെ നമ്പർ സംഘടിപ്പിച്ചു പിറ്റേന്ന് തന്നെ ഞാൻ വേണുവേട്ടൻ താമസിക്കുന്ന ചാലക്കുടിയിലുള്ള പാലിയേറ്റിവ് സെന്ററിലേക്ക് പോയി.
വളരെയധികം ക്ഷീണിതനായിരുന്നു വേണുവേട്ടൻ. വേണുവേട്ടനോട് കാര്യങ്ങൾ സംസാരിച്ചു. കൂടാതെ പാലിയേറ്റീവ് സെന്ററിന്റെ അഡ്മിനിസ്ട്രേറ്റർ ഫാ: മാത്യു തടത്തിലുമായി സംസാരിച്ചു. അങ്ങനെ വേണുവേട്ടൻ കണ്ണൂരിലുള്ള എന്‍റെ വീട്ടിൽ കൊണ്ടു വരാനുള്ള ഏർപ്പാട് ചെയ്തു.കൂടാതെ കണ്ണൂരിൽ ഡയാലിസിസ് ചെയ്യാൻ വേണ്ട സൗകര്യം ഒരുക്കിയിട്ടു തിരിച്ചു വരാം എന്ന് ഉറപ്പു നൽകി. വേണുവേട്ടനോടൊപ്പം ഒരുമിച്ചു ഉച്ചക്ക് ഭക്ഷണം കഴിച്ചിട്ടാണ് ഞാനും എന്‍റെ അനിയനും അവിടെ നിന്നു ഇറങ്ങിയത്.
സത്യം പറഞ്ഞാൽ കണ്ണൂരിൽ നിന്നു ചാലക്കുടിയിലേക്ക് യാത്ര തിരിക്കുമ്പോൾ എന്‍റെ കയ്യിൽ ആകെ മുന്നൂറു രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മയോട് കടം വാങ്ങിയാണ് ഞാൻ പോയത്.
പക്ഷെ കണ്ണൂരിൽ തിരിച്ചെത്തിയ എനിക്ക് വൈകാതെ മനസ്സിലായി ഞാൻ വിചാരിച്ചപോലെ എലുപ്പമള്ള ഡായാലിസിസ് സൗകര്യം ഒരുക്കുക എന്നത്. കണ്ണൂരിൽ സൗജന്യമായി ഡായാലിസിസ് ചെയ്യുന്ന 11 സെന്ററുകളുണ്ട്. പക്ഷെ എല്ലായിടത്തും നിലവിൽ അനേകം രോഗികൾ ഡായാലിസിസ് ചെയ്യുന്നു. കൂടാതെ നൂറുകണക്കിന് പേർ വെയ്റ്റിംഗ് ലിസ്റ്റിൽ അവസരം കാത്ത് കിടക്കുന്നു. സത്യം പറയട്ടെ, അവിടെ കാത്ത് കിടക്കുന്നവർക്കു അവസരം ലഭിക്കണമെങ്കിൽ നിലവിൽ ഡായാലിസിസ് ചെയ്ത് കൊണ്ടിരിക്കുന്ന ഏതെങ്കിലും ഒരു രോഗി കിഡ്നി മാറ്റിവെക്കുകയോ താമസം മാറി പോകുകയോ അല്ലെങ്കിൽ മരണമടയുകയോ വേണം. ചില സെന്ററുകളിൽ 60 വയസ്സ് കഴിഞ്ഞവരെ എടുക്കില്ല. കൂടാതെ
വേണുവേട്ടന് ഡായാലിസിസ് ചെയ്യാൻ കഴുത്തിന് താഴെയാണ് ട്യൂബ് ഇട്ടത്. കൈയിൽ ചെയ്യാൻ പറ്റാത്തവർക്കാണ് കഴുത്തിന് താഴെ ട്യൂബ് ഇടുക. സൗജന്യമായി ഡായാലിസിസ് ചെയ്യുന്ന ഒരിടത്തും കഴുത്തിന് ട്യൂബ് ഇട്ട രോഗികളെ ഡായാലിസിസ് ചെയ്യാനുള്ള സൗകര്യമില്ല. എന്നാൽ പണം അടച്ചു ഏതെങ്കിലും ഹോസ്പിറ്റലിൽ നിന്നു ഡായാലിസിസ് ചെയ്യാം എന്ന് ഞാൻ തീരുമാനിച്ചു. ഒരു തവണ ഡായാലിസിസ് ചെയ്യാൻ ഏതാണ്ട് 1500 ഓളം രൂപ ചിലവ് വരും. വേണുവേട്ടന് ആഴ്ചയിൽ മൂന്നു പ്രാവശ്യം ഡായാലിസിസ് ചെയ്യണം. ഇതിനു വേണ്ടി കണ്ണൂരിലെ പ്രമുഖ ആശുപത്രികളിൽ അന്വേഷിച്ചപ്പോൾ അവിടെയൊക്കെ നിരവധി രോഗികൾ ഡായാലിസിസ് ചെയ്ത്കൊണ്ടിരിക്കുന്നു. ഒരാളെ ഉൾപെടുത്താൻ വേക്കൻസിയില്ല എന്ന് അറിയിച്ചു. അങ്ങനെ നിരാശനായി ഇരിക്കുമ്പോഴാണ് എന്‍റെ സുഹൃത്തും ചേംബർ ഓഫ് കോമേഴ്സിന്റെ മുൻ പ്രസിഡന്റുമായ മഹേഷ് ബാലിഗ
എന്നെ വിളിച്ചിട്ടു കണ്ണൂരിലെ പ്രമുഖ വ്യാപാരിയും വെസ്റ്റേൺ ടെക്സ്ടൈൽസ് എക്സ്പോർട്ടേഴ്‌സ് ഉടമയായ ചേംബർ ഓഫ് കോമേഴ്സിന്റെ മുൻ പ്രസിഡന്റുമായ സി.എച്. അബൂബക്കർ ഹാജിയെ ചെന്നു കാണാനും അദ്ദേഹം വേണ്ടത് ചെയ്യും എന്ന് അറിയിച്ചു. ചേംബറിന്റെ ജോ: സെക്രട്ടറിയും എന്‍റെ പ്രിയ സുഹൃത്തുമായ പി.ഷാഹിന്റെ ഉപ്പയാണ് അബൂബക്കർ ഹാജി. ഏറെ പ്രതീക്ഷയോടെ അബൂബക്കർ ഹാജിയുടെ ഓഫീസിൽ പോയ ഞാൻ അക്ഷരാര്‍ത്ഥത്തിൽ ഞെട്ടി. അവിടെ ചെന്ന ഞാൻ കണ്ടത് കണ്ണൂരിലെ എം.എം ഹോസ്പിറ്റലിലെ എം.ഡി ക്കു നൽകാൻ സ്വന്തം കൈപടയിൽ എഴുതി തയ്യാറാക്കിയ കത്തുമായി എന്നെ കാത്തു നിൽക്കുന്ന അബൂബക്കർ ഹാജിയെയാണ്. കൂടാതെ എന്‍റെ തോളിൽ തട്ടി അഭിനന്ദിച്ചിട്ടു പറഞ്ഞു “ജോഫിൻ ധൈര്യമായി എം.എം ഹോസ്പിറ്റലിലേക്ക് പോകൂ. അവിടെ വേണ്ടതൊക്കെ ഒരുക്കിയിട്ടുണ്ടാകും. ഞാൻ ഹോസ്പിറ്റലിന്റെ മാനേജിങ് കമ്മിറ്റി ചെയർമാൻ കൂടിയാണ്.”
കത്തുമായി ഹോസ്പിറ്റലിൽ എത്തിയ ഞാൻ അതിശയിച്ചു. മറ്റുല്ല ഹോസ്പിറ്റലുകൾ ബുദ്ധിമുട്ടാണെന്നു പറഞ്ഞയിടത്തു സൗജന്യമായി ഡായാലിസിസ് ചെയ്യാൻ ഉള്ള അപേക്ഷ ഫോം ഹോസ്പിറ്റൽ അധികൃതർ തന്നു. എന്നിട്ടു എന്നോട് പറഞ്ഞു ” ഫോം പൂരിപ്പിച്ചു നല്കൂ. നമുക്ക് ശ്രമിക്കാം “.
ഇപ്പോൾ എനിക്ക് പൂർണ ബോധ്യമായി…നാം ആത്മാർത്ഥമായി നല്ലൊരു കാര്യം ചെയ്യാൻ ആത്മാർഥമായി തുനിഞ്ഞിറങ്ങിയാൽ ദൈവം കൈവിടില്ല. ഇത് പോലെ സന്മനസുള്ളവരുടെ രൂപത്തിൽ ദൈവം നമ്മെ സഹായിക്കാൻ തീർച്ചയായും ഉണ്ടാകും.ഞാൻ കേവലം ഒരു നിമിത്തം മാത്രം !!!

shortlink

Related Articles

Post Your Comments


Back to top button