സംവിധായകനും എഴുത്തുകാരനുമൊക്കെയായ കലവൂര്‍ രവികുമാറിന്റെ പുതിയ ചിത്രമാണ് കുട്ടികളുണ്ട് സൂക്ഷിക്കുക, അനൂപ് മേനോന്‍ ഭാവന തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്യും. കുട്ടികളുണ്ട് സൂക്ഷിക്കുക എന്ന തന്റെ ചിത്രത്തില്‍ അഭിനയിച്ച പുതുമുഖ താരങ്ങള്‍ക്ക് ഭാവിയിലേക്കുള്ള ആത്മവിശ്വാസം പകര്‍ന്നു നല്‍കുകയാണ് കലവൂര്‍ രവികുമാര്‍. എന്റെ സിനിമയില്‍ അഭിനയിച്ച പുതുമുഖ താരങ്ങള്‍ ഒന്നും എന്റെ ബന്ധുക്കളോ സുഹൃത്തുക്കളോ അല്ല. സിനിമയിൽ അവസരം തേടി എത്തിയ കുറേ പേരിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു അവര്‍. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കലവൂര്‍ രവികുമാര്‍ വ്യക്തമാക്കുന്നു.
കലവൂര്‍ രവികുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
പുതുമുഖങ്ങളോട് ഒരു വാക്ക്
————————————————
‘കുട്ടികളുണ്ട് സൂക്ഷിക്കുക’ എന്ന എന്‍റെ ചിത്രത്തിൽ പ്രമുഖതാരങ്ങളോടൊപ്പം നിരവധി പുതുമുഖങ്ങളും രംഗത്തുണ്ട്. അവരാരും എന്‍റെ സുഹൃത്തുക്കളോ ബന്ധുക്കളോ അല്ല – സിനിമയിൽ അവസരം തേടി എത്തിയ കുറേ പേരിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ടവർ. അവരെല്ലാം പ്രതിഭകളായിരുന്നു. അതായതു എന്‍റെ ഔദാര്യം കൊണ്ടല്ല അവർ ഈ ചിത്രത്തിൽ അഭിനയിച്ചത്. അവരുടെ പ്രതിഭ കൊണ്ടാണ്. ചിലർ മികച്ച വേഷങ്ങളാണു ചെയ്തത്. ചിലർക്കു പശ്ചാത്തലത്തിൽ നിൽക്കാനെ അവസരമുണ്ടായുള്ളു. അവർക്കു ദു:ഖം തോന്നരുത്. ഒരു സിനിമയാകുമ്പോൾ എല്ലാവരെയും ഉൾപ്പെടുത്തുക അത്ര എളുപ്പമല്ലല്ലോ..പിന്നെ ഇതൊരു തുടക്കമാണെന്നു കരുതുക. ഒരു കാലത്തു പുതുമുഖങ്ങളായി, ഇത്തരം ഘട്ടങ്ങളിലൂടെ കടന്നു പോയാണു ഓരോരുത്തരും വലിയ നടന്മാരായി തീർന്നിട്ടുള്ളത്. സിനിമയുടെ അന്തരീക്ഷം എന്തെന്നും, സാങ്കേതികത എന്തെന്നും തിരിച്ചറിയാൻ ഈ അവസരം ഉപയോഗപ്പെട്ടെന്നെങ്കിലും വിചാരിക്കുക. നിങ്ങളിൽ പലരും മികച്ച നടന്മാരായി തീരുമെന്നും എനിക്കുറപ്പുണ്ട്.
ഇനിയൊരു ചിത്രം ചെയ്യുമ്പോൾ കൂടുതൽ മികച്ച വേഷങ്ങൾക്കായി നിങ്ങളിൽ പലരെയും ഞാൻ ക്ഷണിക്കുകയും ചെയ്യും.
സത്യത്തിൽ പുതുമുഖങ്ങൾ എല്ലാ ചിത്രത്തിലും ഉണ്ടാകണമെന്നു ആഗ്രഹിക്കുന്ന ആളാണു ഞാൻ. ഞാൻ തിരക്കഥ എഴുതിയ നമ്മൾ, മഞ്ഞുപോലൊരു പെൺകുട്ടി, ഗോൾ, ഫാദേർസ് ഡേ എന്നീ ചിത്രങ്ങളിലെല്ലാം പുതുമുഖങ്ങളാണു പ്രധാന വേഷങ്ങൾ ചെയ്തത്. ഭാവന, രേണുകാ മേനോൻ, സിദ്ധാർത്ഥ് ഭരതൻ, ജിഷ്ണു, രജത് മേനോൻ, അക്ഷ, അമൃത ഇങ്ങനെ കുറേ താരങ്ങൾ അങ്ങനെയാണല്ലോ തിരശ്ശീലയിൽ എത്തുന്നത്. ഏതു കഥ പറഞ്ഞാലും പുതുമുഖങ്ങൾ മതി എന്നു ഞാൻ നിർദ്ദേശിക്കുമെന്നു അക്കാലത്തു കമൽസർ എന്നെ പരിഹസിച്ചിട്ടുണ്ട്.സത്യത്തിൽ ഞാൻ അങ്ങനെ ഒരു സ്വപ്നം കൊണ്ടു നടക്കുന്നുണ്ട്. നമ്മൾ, മലർവാടി ആർട്സ് ക്ലബ്, ആനന്ദം പോലെ പുതുമുഖങ്ങളെ വെച്ച് ഒരു എന്‍റർടെയിനർ. എന്നെങ്കിലും ഒരു നിർമ്മാതാവു തയ്യാറാകുമ്പോൾ ഞാൻ അങ്ങനെ ഒരു ചിത്രം ചെയ്യും ഉറപ്പ്. ചില സ്വപ്നങ്ങൾ തന്നെ ആവേശകരമാണ്.
എന്തായാലും ‘കുട്ടികളുണ്ട് സൂക്ഷിക്കുക’യിൽ പങ്കെടുത്ത പുതുമുഖങ്ങൾക്കെല്ലാം നന്ദി. ഇനി എന്തെങ്കിലും കുഞ്ഞു സങ്കടങ്ങളുണ്ടായിട്ടുണ്ടെങ്കിൽ ദയവായി മറന്നു കളയുക കേട്ടോ..
ഒരുപാട് സ്നേഹം.. നന്ദി
Post Your Comments