ആസ്വാദക ഹൃദയങ്ങള്‍ ഏറ്റുവാങ്ങിയ ഒട്ടനവധി പാട്ടുകള്‍ സമ്മാനിച്ച സംഗീത വിസ്മയം എ.ആര്. റഹ്മാന് തന്റെ സംഗീതത്തെക്കുറിച്ച് ഗോവയില്‍ 47- മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തോടനുബന്ധമായി സംഘടിപ്പിച്ച എന്‍.എഫ്.ഡി.സി ഫിലിം ബസാറില്‍ സംസാരിച്ചു. എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ സംഗീതം ചെയ്യാന്‍ ആരെക്കൊണ്ടും കഴിയില്ല. അങ്ങനെ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ആരെയും സംതൃപ്തിപ്പെടുത്താന്‍ കഴിയാതാവും. വിമര്‍ശനങ്ങള്‍ സാധാരണമാണ്. അതില്‍ എനിക്ക് ഒട്ടും പരിഭവവുമില്ല. പക്ഷേ, വിമര്‍ശനങ്ങള്‍ സൃഷ്ടിപരമാകണമെന്നു മാത്രം. എല്ലാവര്ക്കും പ്രിയങ്കരമാകുന്ന സംഗീതം ചെയ്യാന്‍ എനിക്കറിയില്ല എന്നും അദ്ദേഹം പറഞ്ഞു. വ്യക്തി വിരോധത്തില്‍ നിന്നും ഉണ്ടാകുന്ന വിമര്‍ശനങ്ങള്‍ താന്‍ അംഗീകരിക്കുന്നില്ലെന്നും , സൃഷ്ടിപരമായ വിമര്‍ശനങ്ങളെ സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംഗീതത്തിന്‍െറ മഹത്തായ പൈതൃകം ബാക്കിയാക്കി കടന്നുപോയ എം. ബാലമുരളീകൃഷ്ണയുടെ സംഗീതം ആഘോഷിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ഇതിഹാസമാണ് ബാലമുരളീകൃഷ്ണ. ശാസ്ത്രീയ സംഗീതത്തെ എപ്പോഴും ഉണര്ത്തിനിര്ത്തിക്കൊണ്ട് അത്തരമൊരു പ്രതിഭയെ ആഘോഷിക്കുകയാണ് വേണ്ടതെന്നും പറഞ്ഞ റഹ്മാന് അദ്ദേഹം എക്കാലവും ഓര്‍മിക്കപ്പെടേണ്ടതാണെന്നും കൂട്ടിച്ചേര്‍ത്തു.
ലോകത്തിലെ പ്രമുഖരായ സംഗീതജ്ഞരുമായി ചേര്‍ന്ന് പരിപാടി അവതരിപ്പിക്കുന്നത് തന്റെ സംഗീതത്തോടുള്ള അഭിനിവേശവും സംഗീതം സജീവമായി നിലനിര്‍ത്താന്‍ നടത്തുന്ന അന്വേഷണങ്ങളുമാണെന്ന് പറയുന്ന അദ്ദേഹം തന്റെ ഉയര്‍ച്ചയില്‍ കൂടെ ഉണ്ടായിരുന്ന ദൈവത്തോടും കുടുംബത്തോടും ആരാധകരോടും താന്‍ കടപ്പെട്ടിരിക്കുന്നുവെന്നും പറഞ്ഞു.
Post Your Comments