വസ്ത്രാലങ്കാരകനായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചതിനു ശേഷം അഭിനയ രംഗത്ത് സജീവമായ നടനാണ് ഇന്ദ്രന്‍സ്. തമിഴ് സിനിമയിലെ ചിരിയുടെ തലൈവനായ നാഗേഷിന്റെ കടുത്ത ആരാധകനായ ഇന്ദ്രന്‍സ് നാഗേഷിന്റെ ഭാവരൂപങ്ങളുമായാണ് കോമഡി നായകനായി തിളങ്ങിയത്. ചിരിയുടെ അരങ്ങു തകര്‍ത്ത ഇന്ദ്രന്‍സിനെപ്പറ്റി പറയുമ്പോള്‍ അനിയന് ബാവ ചേട്ടന് ബാവയിലെ “കുടക്കമ്പീ” വിളി മലയാളികളോര്ത്തു പോകും. വാര്‍ധക്യപുരാണത്തിലെ നാടകമാനേജരായ കുറ്റാനം കുട്ടികൃഷ്ണനും ത്രീമെന്‍ ആര്‍മിയിലെ ഓട്ടോ രജനിയും ഇന്ദ്രന്‍സിന്റെ അഭിനയ രംഗത്തെ വഴിത്തിരിവുകളായി. ഇന്ദ്രന്‍സിനു പകരം ഇന്ദ്രന്‍സിനു മാത്രം എത്താന്‍ കഴിയുന്ന കഥാപാത്രങ്ങളെ നടന് സൃഷ്ടിച്ചു. അവയൊക്കെയും മലയാളികളെ ഏറെ ആകര്‍ഷിച്ചിരുന്നു.
ഇന്ദ്രന്‍സിലെ കോമഡി നായകനെ ഇരു കൈയും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് മുമ്പില്‍ നടന് സീരിയസ് ആകുകയാണ്. ഇപ്പോള്‍ ഇന്ദ്രന്‍സിനെ തേടിയെത്തുന്നത് നിസ്സഹായത അനുഭവിക്കുന്ന സീരിയസ് കഥാപാത്രങ്ങളാണ്. ഓരോ കഥാപാത്രങ്ങളുടെയും സ്വഭാവ സവിശേഷതകള്‍ സംവിധായകന് വിവരിക്കുമ്പോള്‍ അത്തരം കഥാപാത്രങ്ങളുടെ മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് സഞ്ചരിക്കുന്നതെന്നു നടന് പറയുന്നു. അടൂര്‍ ഗോപാലകൃഷ്ണന്റെ ‘പിന്നെയും’ എന്ന ചിത്രത്തിലെ കുട്ടനെന്ന കഥാപാത്രത്തെ കൈയൊതുക്കത്തോടെ അഭിനയിച്ച് ഫലിപ്പിക്കാന്‍ ഇന്ദ്രന്‍സിനായി. ‘പിന്നെയു’ മിലെ കുട്ടന് തനിക്ക് തന്നത് അഭിനന്ദന പ്രവാഹമായിരുന്നെന്ന് ഇന്ദ്രന്‍സ് പറഞ്ഞു. എന്നാല്‍, സീരിയസ് കഥാപാത്രങ്ങളെ തനിക്ക് പേടിയാണെന്നും കഥാപാത്രം ആവശ്യപ്പെടുന്ന ഭാവവും രൂപവും നോട്ടവും എങ്ങനെയാവണമെന്നതിനെക്കുറിച്ചുള്ള വേവലാതി തന്നെ പിടികൂടിയിരിക്കുകയാണെന്നും ഇന്ദ്രന്‍സ് പറയുന്നു.
ഇത്തരം കഥാപാത്രങ്ങളുടെ മാനസിക വിചാരങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ തമാശ പറഞ്ഞ് മറ്റുള്ളവരെ ചിരിപ്പിക്കാനുള്ള ശേഷി കുറഞ്ഞുവരുകയും വയസ്സനാവുകയാണെന്ന തോന്നല്‍ കൂടി വരുകയും ചെയ്യുകയാണെന്നാണ് താരം അഭിപ്രായപ്പെടുന്നത്.
Post Your Comments