കൊച്ചി: ബേദി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഷ്റഫ് നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് ഏറെ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച വി.എം. വിനു സംവിധാനരംഗത്തേക്ക് മടങ്ങി വരുന്നു. റഹ്മാന്, ഭാമ, ബേബി നയന്‍താര തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രത്തിന് മറുപടി എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്നു. ബസ് കണ്ടക്ടര്‍, വേഷം, ബാലേട്ടന്, പല്ലാവൂര്‍ ദേവനാരായണന്, മകന്റെ അച്ഛന് തുടങ്ങി ഒട്ടേറെ ഹിറ്റുകള്‍ ഒരുക്കിയ വിനു 2012ല്‍ പുറത്തിറങ്ങിയ ഫെയ്സ് ടു ഫെയ്സിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് മറുപടി.
ലാവണ്ടര്‍ എന്ന ചിത്രത്തിന് ശേഷം റഹ്മാന് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഏതാനും നാളുകള്ക് ശേഷം വരുന്ന ഭാമയുടെ ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ബാങ്ക് ഉദ്ദ്യോഗസ്ഥനും വക്കീലായ ഭാര്യയും അടങ്ങുന്ന കുടംബത്തിന്റെ കഥയാണ് ചിത്രം. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് നിര്‍മ്മാതാവ് അഷറഫ് ബേദിയുടെ ഭാര്യ ജുലൈയ്ന അഷ്റഫ് ആണ്.
എം. ജയചന്ദ്രനാണ് സംഗീത സംവിധാനം. ദേവന്, അഞ്ജലി ഉപാസന, തിയേറ്റർ ആർട്ടിസ്റ്റ് സുധീപ് മുഖർജി, സന്തോഷ് കീഴാറ്റൂര്‍, ടെസ, സൃന്ദ എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കൂടാതെ വി എം വിനുവിന്റെ മകള്‍ വര്‍ഷ പിന്നണി ഗാന രംഗത്തേക്ക് വരുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
Post Your Comments