ഗോവന്‍ ചലച്ചിത്രമേളയില്‍ വേറിട്ട അനുഭവങ്ങളാല്‍ കാഴ്ച്ചയുടെ വസന്തമൊരുക്കി സംസ്കൃത ചിത്രം ഇഷ്ടി. ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടന ചിത്രം കൂടിയായ ഇഷ്ടിയെ നിറഞ്ഞ കൈയ്യടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മലയാളിയായ ഡോ. ജി പ്രഭയാണ് ഇഷ്ടിയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മല്‍സര വിഭാഗത്തിലെ ഇന്ത്യയില്‍ നിന്നുള്ള രണ്ട് ചിത്രങ്ങളില്‍ ഒന്നു കൂടിയാണ് ഇഷ്ടി. 1940 കളില്‍ കേരളത്തിലെ ബ്രാഹ്മണ സമുദായത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളാണ് ഇഷ്ടിയുടെ പ്രമേയം.സാമൂഹിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചിത്രം വി ടി ഭട്ടതിരിപ്പാടിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിശക്തമായ സ്ത്രീപക്ഷ ചിത്രം കൂടിയാണിത്. നെടുമുടി വേണുവാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മഹാകവി അക്കിത്തത്തിന്റെയും മധുസൂദനന്‍ നായരുടെയും കവിതകള്‍ക്ക് കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംഗീതം നല്‍കിയിരിക്കുന്നു. അക്കിത്തം ആദ്യമായി സിനിമയ്ക്ക് ഗാനരചന നടത്തിയെന്ന പ്രത്യേകതയും ഇഷ്ടിക്കുണ്ട്. ലോക ചരിത്രത്തിലെ മൂന്നാമത്തെ സംസ്കൃത സിനിമയാണ് ഇഷ്ടി. സംസ്കൃതത്തിലെ ആദ്യത്തെ സാമൂഹിക സിനിമ എന്ന വിശേഷണവും ഇഷ്ടിക്ക് സ്വന്തമായി. ഇതിനു മുന്‍പ് പുറത്തിറങ്ങിയ രണ്ടു സംസ്കൃത സിനിമകളും പുരാണവും ചരിത്രവും അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ബ്രാഹ്മണ കുലത്തില്‍ നില നിന്നിരുന്ന പഴയ ആചാരങ്ങള്‍ തിരശീലയില്‍ കാണാനായത് ആസ്വാദകര്‍ക്കും പുതിയ അനുഭവമായി. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യന്‍ പനോരമയില്‍ സംസ്കൃത സിനിമ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കുന്നത്. വിനോദ് മങ്കരയുടെ പ്രിയമാനസം ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഉദ്ഘാടനചിത്രം.
Post Your Comments