3ഡി കാഴ്ചയില്‍ വിപ്ലവം സൃഷ്ടിക്കുന്ന ആശയവുമായി എത്തിയിരിക്കുകയാണ് ടൈറ്റാനിക്കും അവതാറുമൊരുക്കി ലോകസിനിമാപ്രേമികളുടെ സ്നേഹബഹുമാനങ്ങള് നേടിയെടുത്ത സാക്ഷാല്‍ ജെയിംസ് കാമറൂണ്‍. ഗ്ലാസ് വെക്കാതെ 3ഡി കാഴ്ച സാധ്യമാക്കുന്ന തരത്തിലുള്ള സാങ്കേതികവിദ്യയുടെ വളര്‍ച്ചയെക്കുറിച്ചാണ് ജെയിംസ് കാമറൂണ്‍ തന്റെ സ്വപ്നം പങ്കുവെക്കുന്നത്. സൊസൈറ്റി ഓഫ് മോഷന്‍ പിക്ചര്‍ ആന്റ് ടെലിവിഷന്‍ എഞ്ചിനീയേഴ്സ് എന്ന സംഘടനയുടെ അംഗത്വം സ്വീകരിച്ചതിന് ശേഷം നടത്തിയ പ്രസംഗത്തിലാണ് വിഖ്യാത സംവിധായകന് തന്റെ സ്വപ്നത്തെക്കുറിച്ച് സംസാരിച്ചത്.
‘എപ്പോഴും പുതിയതിനെക്കുറിച്ചാണ് എന്റെ ചിന്ത. അതിനുവേണ്ടിയുള്ള പരിശ്രമത്തെക്കുറിച്ചും. കൂടുതല്‍ മികച്ച സാങ്കേതിക ഉപകരണങ്ങളെക്കുറിച്ച് മാത്രമല്ല, മറിച്ച് ഉയര്‍ന്ന ഡൈനാമിക് റേഞ്ച് (HDR), ഉയര്‍ന്ന ഫ്രെയിം നിരക്ക് (HFR) എന്നിവയൊക്കെ നേടിയെടുക്കാനാണ് ഇപ്പോഴത്തെ നമ്മുടെ കൂട്ടായ ശ്രമം. 3ഡിയുടെ കാര്യത്തില്‍ ഇപ്പോഴും എനിക്ക് കൂടുതലൊന്നും അറിയില്ല. പക്ഷേ അക്കാര്യത്തിലും നമുക്ക് ഏറെ മുന്നോട്ടുപോകേണ്ടതുണ്ട്. കൂടുതല്‍ തെളിച്ചമുള്ള പ്രൊജക്ഷന്, പിന്നെ ഏറ്റവും അവസാനമായി ഗ്ലാസുകളില്ലാതെ 3ഡി കാഴ്ച സാധ്യമാകുന്ന ഒരു കാലവും. അത് സാധ്യമാകുമെന്നുതന്നെയാണ് ഞാന്‍ കരുതുന്നത്. നമ്മള് ഒരിക്കല്‍ അവിടെ എത്തുകതന്നെ ചെയ്യും.’ ജെയിംസ് കാമറൂൺ തന്റെ പ്രതീക്ഷകൾ പങ്കുവയ്ക്കുന്നു .
Post Your Comments