ചലച്ചിത്രാസ്വാദനത്തിന്റെ വര്‍ണ്ണക്കാഴ്ചയൊരുക്കി ഗോവാ ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരി തെളിയും. ഈ മാസം 28 വരെനീണ്ടു നില്‍ക്കുന്ന മേളയില്‍ 88 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. നാൽപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ അയ്യായിരത്തിലേറെ ഡെലിഗേറ്റുകളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. 1032 എൻട്രികളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 194 ചിത്രങ്ങളാണ് ഇത്തവണ മേളയിൽ വിരുന്നൊരുക്കുക. എൻട്രികളുടെ കാര്യത്തിൽ ഇത്തവണ റെക്കോർഡ് ആണെന്ന് സെലക്‌ഷൻ ജൂറി പറയുന്നു. കഴിഞ്ഞ മാസം അന്തരിച്ച പോളിഷ് സംവിധായകൻ ആന്ദ്രെ വെയ്ദയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ അവസാന ചിത്രമായ ‘ആഫ്റ്റർഇമേജാണ്’ ഉദ്ഘാടന ചിത്രം.
ചലച്ചിത്ര മേളയ്ക്ക് തിളക്കമേകാന്‍ കാനിൽ തിളങ്ങിയ 12 ചിത്രങ്ങളുണ്ട്. മലയാളി സംവിധായകൻ ജി.പ്രഭയുടെ ഇഷ്ടി’ എന്ന സംസ്കൃതചിത്രമാണ് ഇന്ത്യൻ പനോരമയിലെ ഉദ്ഘാടന ചിത്രം. മത്സരവിഭാഗത്തിലും ‘ഇഷ്ടി’യുണ്ട്. 2 ഇന്ത്യൻ സിനിമകളടക്കം 15 ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുള്ളത്. സംസ്കൃത സിനിമ ഇഷ്ടി, മാനസ് മുകുൾ പാലിന്റെ കളേഴ്സ് ഓഫ് ഇന്നസെൻസ് എന്നിവയാണ് മത്സരവിഭാഗത്തിലുള്ള ഇന്ത്യൻ സിനിമകള്‍. പനോരമ വിഭാഗത്തിൽ ആകെ 22 ചിത്രങ്ങളാണുള്ളത്. അതിൽ മൂന്നെണ്ണം മലയാളം. ജോ.ബിജുവിന്റെ കാട് പൂക്കുന്ന നേരം, ജയരാജിന്റെ വീരം, എംബി പദ്മകുമാറിന്റെ രൂപാന്തരം എന്നിവയാണ് പനോരമാ വിഭാഗത്തിലെ മലയാള ചിത്രങ്ങള്‍.
കൊറിയൻ സിനിമകൾക്ക് ഇത്തവണ കൂടുതൽ പ്രാതിനിധ്യം ഉണ്ടാകും. കിം ജി വൂൺ സംവിധാനം ചെയ്ത ദ ഏയ്ജ് ഓഫ് ഷാഡോസ് ആണ് സമാപന ചിത്രം. പ്രശസ്ത ഹോളിവുഡ് സംവിധായകൻ ഇവാൻ പാസെർ അദ്ധ്യക്ഷനായ ജൂറി ആകും അവാർഡ് ജേതാക്കളെ നിശ്ചയിക്കുക. ഉദ്ഘാടനചടങ്ങിൽ ബോളിവുഡ് താരം അജയ് ദേവ്ഗണാണ് മുഖ്യാതിഥി. ഇത്തവണത്തെ ലൈഫ് ടൈം അചീവ്മെന്റ് പുരസ്കാരം അരനൂറ്റാണ്ടു കാലത്തിനിടെ നൂറിലേറെ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള വിഖ്യാത കൊറിയൻ സംവിധായകൻ ഇം ക്വാ തീക്കിനാണ്. ഇന്ത്യൻ ഫിലിം പഴ്സനാലിറ്റി ഓഫ് ദി ഇയർ സെന്റിനറി പുരസ്കാരം ഗായകനും അഭിനേതാവുമായ എസ്.പി.ബാലസുബ്രഹ്മണ്യത്തിനാണ്. സമാപനചടങ്ങില്‍ സംവിധായകൻ എസ്എസ് രാജമൗലി അതിഥിയായെത്തും.
Post Your Comments