അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശനാനുമതി ലഭിച്ച ‘കാ ബോഡി സ്കേപ്സി’നു തടസ്സമായി കേന്ദ്ര വാര്‍ത്താ വിനമയ മന്ത്രാലയം. ഹിന്ദുത്വത്തെ അപമാനിക്കുന്നു എന്ന കാരണം പറഞ്ഞ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ട ‘ക ബോഡിസ്കേപ്സി’നെതിരെ കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം കടുത്ത നിലപാടെടുത്തതോടെ ചിത്രം മേളയില്‍ നിന്നു പുറത്തായിരിക്കുകയാണ്. ഇതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സംവിധായകന്‍ ജയന്‍ ചെറിയാന് .
ഐ എഫ് എഫ് കെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്ന ‘ക ബോഡിസ്കേപ്സി’ന് കേന്ദ്ര സര്‍ക്കാര്‍ പ്രദര്‍ശനാനുമതി നല്‍കിയില്ലെന്ന് കാണിച്ച് ഇന്നലെ കേരള ചലച്ചിത്ര അക്കാദമി ചെറിയാന് കത്തു നല്‍ക്കുകയായിരുന്നു. സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് ലഭിക്കാത്ത സിനിമകള്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാന്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ അനുമതി ലഭിക്കേണ്ടതുണ്ട്. മറ്റു സിനിമകള്‍ക്കെല്ലാം അനുമതി നല്‍കിയ മന്ത്രാലയം ‘ക ബോഡിസ്കേപ്സി’ന് അനുമതി നിഷേധിക്കുകയായിരുന്നു . ഹിന്ദു ദൈവമായ ഹനുമാനേയും ഹിന്ദുത്വത്തെയും അപമാനിക്കുന്നു എന്ന ആരോപണമാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിക്കു കാരണമെന്ന് പറയപ്പെടുന്നു. കേന്ദ്രാനുമതി ഇല്ലെന്ന പേരില്‍ ഒരു സിനിമയെ പുറത്താക്കുന്നത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ചരിത്രത്തിലെ ആദ്യസംഭവമായിരിക്കും. സ്വവര്‍ഗ്ഗാനുരാഗം പ്രമേയമാക്കിയിട്ടുള്ള ‘ക ബോഡിസ്കേപ്സി’ല്‍ ‘കിസ് ഓഫ് ലൗ’ ഉള്‍പ്പെടെ സമീപകാലത്ത് കേരളത്തിലുണ്ടായ നിരവധി സംഭവങ്ങൾ പരാമര്‍ശിക്കുന്നുണ്ട്. കേരള ചലച്ചിത്ര മേളയില്‍ ചിത്രത്തെ ചലച്ചിത്രാസ്വാദകര്‍ സ്വാഗതം ചെയ്തിരുന്നു.
ചിത്രം ഹിന്ദുമതത്തെ അപമാനിക്കുന്നതാണെന്ന് വിലയിരുത്തിയാണ് ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച ജയന്‍ ചെറിയാന് അനുകൂലമായി വിധിയുണ്ടായിരുന്നു. 30 ദിവസത്തിനുള്ളില്‍ ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് സപ്തംബര്‍ 27 നാണ് കോടതി ഉത്തരവിട്ടത്. എന്നാല്‍ ഹൈക്കോടതി വിധി മാനിക്കാന്‍ സെന്‍സര്‍ബോഡ് തയ്യാറായില്ലെന്ന് ജയന്‍ ചെറിയാന്‍ പറയുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ വീണ്ടും കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. നീതി ലഭിക്കുമെന്നും മേളയില്‍ ചിത്രം കാണിക്കാന്‍ കഴിയുമെന്നുമുള്ള ആത്മവിശ്വാസത്തിലാണ് ജയൻ. ജയന്‍ ചെറിയാന്റെ ആദ്യ സിനിമയായ പാപ്പിലിയോ ബുദ്ധയ്ക്കും സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചിരുന്നു.
Post Your Comments