CinemaGeneralNEWS

‘രണ്ടാമൂഴം’ ഉപേക്ഷിക്കാനുണ്ടായ കാരണത്തെക്കുറിച്ച് ഹരിഹരന്‍ വ്യക്തമാക്കുന്നു

ചതിയന്‍ ചന്തുവിനെ വീരനായകനാക്കി തൂലിക ചലിപ്പിച്ച അനുഗ്രഹീത എഴുത്തുകാരനായ എം.ടി മഹാഭാരതത്തിന്റെ ഭാഗമായ ‘രണ്ടാമൂഴം’ ചെയ്യുന്നുവെന്ന് നേരെത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തില്‍ ഭീമനായി മോഹന്‍ലാല്‍ അവതരിക്കും എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇങ്ങനെയൊരു ചിത്രം നിലവിലുണ്ടാകാന്‍ സാധ്യതയില്ലായെന്നു പിന്നീടു എം.ടി തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. മോഹന്‍ലാലിനെ നായകനാക്കി എം.ടി ഹരിഹരന്‍ ടീം ചെയ്യാനിരുന്ന ചിത്രം എന്തുകൊണ്ട് ഉപേക്ഷിച്ചു എന്ന് വെളിപ്പെടുത്തുകയാണ് സംവിധായകനായ ഹരിഹരന്‍. നാന സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹരിഹരന്‍റെ വെളിപ്പെടുത്തല്‍.

പഴശ്ശിരാജയ്ക്കുശേഷം മറ്റൊരു പ്രോജക്ട് കൂടി ചെയ്യണമെന്ന ആവശ്യവുമായി ഗോകുലം ഗോപാലന്‍, ഞങ്ങളെ സമീപിച്ചപ്പോള്‍, എങ്കില്‍ രണ്ടാമൂഴം ചെയ്യാമെന്ന് പറഞ്ഞത് ഞാനാണ്. എം.ടിയുടെ പ്രശസ്തമായ നോവലുകളില്‍ ഒന്നാണത്. എം.ടിക്കും ആ നിര്‍ദ്ദേശം ഇഷ്ടമായി. എഴുത്തും തുടങ്ങി. മോഹന്‍ ലാലിനെയാണ് കേന്ദ്രകഥാപാത്രമായ ഭീമനെ അവതരിപ്പിക്കാനായി തെരഞ്ഞെടുത്തത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായതിന് പിന്നാലെ മോഹന്‍ലാല്‍ എന്നെ കാണാന്‍ വീട്ടിലെത്തി. അന്ന് രണ്ടാമൂഴത്തിന്റെ പുസ്തകരൂപം എന്നോട് ചോദിച്ചുവാങ്ങിയിട്ടാണ് അദ്ദേഹം മടങ്ങിയത്. രണ്ടാമൂഴത്തിന്റെ എഴുത്ത് പുരോഗമിക്കുന്നതിനിടയില്‍ എം.ടി ഒരുകാര്യം പറഞ്ഞു. ഇത് ഒരു സിനിമയില്‍ ഒതുക്കുവാന്‍ ആകില്ല. അങ്ങനെ ചെയ്താല്‍ നോവിലെ പല പ്രധാനഭാഗങ്ങളും ഒഴിവാക്കേണ്ടി വരും. അതുകൊണ്ട് രണ്ടുസിനിമകള്‍ ചെയ്യാം. എന്നാല്‍ രണ്ടുസിനിമകള്‍ ചെയ്യാന്‍ ഗോകുലം ഒരുക്കമായിരുന്നില്ല. അങ്ങനെ ആ പ്രോജക്ട് പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. ഇപ്പോള്‍ അത് പല ഭാഷകളിലായി എടുക്കുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. അത് നല്ല തീരുമാനമാണ്. ലോകം ശ്രദ്ധിക്കുന്ന ഒരു സിനിമയായി അതിന് മാറാന്‍ കഴിയും.

shortlink

Related Articles

Post Your Comments


Back to top button