അറുപതുകളില്‍ മലയാള സിനിമയില്‍ സജീവമായിരുന്ന കെ.ആര് രാജം എന്ന അഭിനേത്രിയെ പഴയ തലമുറയില്‍പ്പെട്ടവരാരും മറക്കാന്‍ ഇടയില്ല. ശകുന്തള, ലോറ നീ എവിടെ, പഞ്ചവന്‍ കാട്, തിലോത്തമ, ഏഴ് രാത്രി, അന്വേഷിച്ചു കണ്ടെത്തിയില്ല തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ട ഈ കലാകാരി ജീവിത പ്രതിസന്ധികളോട് മല്ലിടുകയാണിപ്പോള്‍. അവശ കലാകാരന്മാര്ക്ക് നല്കുന്ന എഴുനൂറ്റി അന്‍പത് രൂപ പെന്ഷന് മരുന്നിനു പോലും തികയില്ല. അവസരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ ഇനിയും അഭിയിക്കാന്‍ രാജമ്മ തയ്യാറാണ്. അഭിനയിക്കാന്‍ ഒരു അവസരം കൂടി തരുമോ എന്ന് രാജമ്മ ചോദിക്കുന്നത് അഭിനയിക്കാന്‍ വേണ്ടി മാത്രം അല്ല, ജീവിക്കാന്‍ വേണ്ടിയാണ്. തന്റെ അവസ്ഥ ചൂണ്ടിക്കാട്ടി അധിക്യതര്‍ക്ക് നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നു രാജമ്മ പറയുന്നു.
അവസരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ ഇനിയും അഭിനയിക്കാന്‍ രാജമ്മ തയ്യാറാണ്. മാവേലിക്കര തലക്കര സ്വദേശിനിയാണ് രാജമ്മ. നാടകങ്ങളിലൂടെയാണ് സിനിമയിലെത്തുന്നത്. യൂണിവേഴ് സല്. ആലപ്പി തീയറ്റേഴ്സ്, കേരള തീയറ്റേഴ്സ്, കെ.പി.എസ്.സി, കായംകുളം പീപ്പിള്‍ തീയേറ്റര്‍ തുടങ്ങിയ നാടക ട്രൂപ്പുകളുടെ പ്രധാന നടിയായിരുന്നു ഇവര്‍. കുഞ്ചാക്കോ നിര്‍മിച്ച ‘ശകുന്തള’യില്‍ നായികയായ കെ.ആര്. വിജയയുടെ കൂട്ടുകാരിയുടെ റോളിലായിരുന്നു ആദ്യം വെള്ളിത്തിരയില്‍ മുഖം കാണിച്ചത്. തുടര്‍ന്ന് ഉദയയുടെ ഉള്‍പ്പെടെ ഒരു പിടി ചിത്രങ്ങളില്‍ വേഷമിട്ടു. പിന്നീട് സിനിമയില്‍ നിന്നും മാറി നാടകത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അയ്യായിരത്തോളം വേദികളില്‍ നായികയായി തിളങ്ങി. പ്രമുഖരുടെ ഒപ്പം വെള്ളിത്തിരയിലും വേദികളിലും നിറഞ്ഞാടിയ രാജമ്മ ആ സുവര്‍ണ നാളുകള്‍ ഇന്നും ഓര്‍മ്മകളില്‍ സൂക്ഷിക്കുന്നു. 1981ല്‍ ‘രാമരാജ്യം’ എന്ന നാടകത്തിലായിരുന്നു രാജമ്മ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. കെ.പി.എ.സി. സുലോചന, എം.ജി. സോമന് തുടങ്ങിയ പ്രമുഖര്‍ ‘രാമരാജ്യ’ത്തില്‍ വേഷമിട്ടിരുന്നു.
പിന്നീട് ബിസിനസ്സുകാരനായ പരമേശ്വരന് പിള്ളയെ വിവാഹം കഴിച്ചു. കുടുംബ ജീവിതത്തിലേയ്ക്ക് കടന്നതോടെ നാടകവേദികളില്‍ നിന്നും രാജമ്മ വിടപറഞ്ഞു. ഭര്‍ത്താവിന്റെ മരണത്തോടെയാണ് രാജമ്മയുടെ ജീവിതം ഇരുളടഞ്ഞത്. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ക്കൊപ്പം ഏകാന്തതയും സാമ്പത്തിക പ്രതിസന്ധിയും ഈ മുന്‍താരത്തെ പ്രതിസന്ധിയിലാക്കുന്നു. അഭിനയം മാത്രമാണ് അറിയാവുന്ന ഏക തൊഴില്‍. എന്നാല്‍, അവസരങ്ങള്‍ ലഭിക്കാത്തതിനാല്‍ തൊഴിലുറപ്പ് ജോലിക്കു വരെ പോകാന്‍ ഇവര്‍ തയ്യാറായി. മന്ത്രിമാര്‍ക്ക് ഉള്‍പ്പെടെ നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
അതിനിടെ ചില സ്നേഹിതര്‍ ഏതാനും ചില സീരിയലുകളില്‍ അവസരം നല്കി. പിന്നീട് അവസരങ്ങള്‍ ഒന്നും ലഭിച്ചില്ല. ഇനിയും അവസരങ്ങള്‍ ലഭിച്ചാല്‍ മുഖത്ത് ചായമിടാന്‍ ഈ കലാകാരി ഒരുക്കമാണ്. ഒരിക്കല്‍ കൂടി അഭിനയത്തിന്റെ വാതില്‍ മുമ്പില്‍ തുറക്കപ്പെടണേ എന്ന പ്രാര്‍ത്ഥനയിലാണ് രാജമ്മ.`
Post Your Comments