
തമിഴ്‌നാട്ടിലെ ചലച്ചിത്രനിര്‍മ്മാതാക്കളുടെ സംഘടനയായ തമിഴ്‌നാട് പ്രൊഡ്യൂസര്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ ബാക്കിനില്‍ക്കേ നടന്‍ വിശാലിനെ സംഘടനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. താരസംഘടനയായ നടികര്‍ സംഘം പിടിച്ചെടുത്തതിന് സമാനമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിലും വിശാല്‍ തന്റെ പാനലിനെ നിര്‍ത്തുമെന്ന സൂചനകള്‍ക്കിടെയാണ് സംഘടനയുടെ നടപടി.
ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിര്‍മ്മാതാക്കളുടെ സംഘടനയെ അപകീര്‍ത്തിപ്പെടുത്തുകയും പ്രവര്‍ത്തനത്തില്‍ സംശയം രേഖപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ നടപടി. സെപ്തംബര്‍ രണ്ടിന് ഇതുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന് വിശാല്‍ തൃപ്തികരമായ മറുപടി നല്‍കിയില്ല എന്നും ആക്ഷേപമുണ്ട്.
റിലീസ് ചിത്രങ്ങളുടെ വ്യാജന്‍ പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട് വിശാല്‍ നടത്തിയ പരാമര്‍ശമാണ് സംഘടനയെ ചൊടിപ്പിച്ചത്.
ബംഗളൂരുവിലെ പിവിആര്‍ ഒറിയോണ്‍ മാളില്‍ നിന്ന് ഏഴോളം പുതിയ തമിഴ് സിനിമകളുടെ വ്യാജന്‍ പകര്‍ത്തിയതായി കണ്ടെത്തിയ ഫോറന്‍സിക് റിപ്പോര്‍ട്ടിന്‍മേല്‍ ആവശ്യമായ നടപടിയെടുക്കാന്‍ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ തയ്യാറായില്ലെന്നാണ് വിശാലിന്റെ ആരോപണം. ചെറിയ നിര്‍മ്മാതാക്കളുടെ കൂടി താല്‍പ്പര്യം സംരക്ഷിക്കാന്‍ സംഘടനയുടെ ഘടന അഴിച്ചുപണിയണമെന്നാണ് വിശാലിന്റെ അഭിപ്രായം.
വിശാലിനെ വച്ച് സിനിമയെടുത്ത ഒരാള്‍ക്ക് പോലും ലാഭം കിട്ടിയിട്ടില്ലെന്നും എങ്ങനെ ആളുകളോട് സംസാരിക്കണമെന്ന് വിശാല്‍ പഠിക്കണമെന്നും കലൈപുലി എസ് താണു പ്രതികരിച്ചു. ശരത്കുമാറിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരെ ആരോപണം ഉന്നയിച്ചാണ് വിശാല്‍ നടികര്‍ സംഘം തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. സംഘടനയെ ദുര്‍ബലമാക്കിയത് ശരത് കുമാറും സംഘവുമാണെന്ന വിശാലിന്റെ ആരോപണം സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞതിലൂടെയാണ് വിശാലിന് തെരഞ്ഞെടുപ്പില്‍ വിജയിക്കാനായത്. മൂന്ന് തവണ പ്രസിഡന്റായ ശരത്കുമാറിനെ അട്ടിമറിച്ചാണ് വിശാല്‍ നടികര്‍ സംഘം പിടിച്ചെടുത്തത്.
Post Your Comments