കല്‍പ്പറ്റ: സംഗീതമെന്ന ഒറ്റ വികാരത്തില്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ താമരശ്ശേരി ചുരമിറങ്ങി വരുന്നു. മറ്റഡോറിയ എന്ന മ്യൂസിക്കല്‍ ബാന്റുമായി. വയനാട്ടില്‍ നിന്നുമുള്ള ആദ്യ മ്യൂസിക്കല്‍ ബാന്റാണ് മറ്റഡോറിയ. മറ്റഡോറിയ അണിയിച്ചൊരുക്കിയ വെട്ടം എന്ന ഗാനം യൂട്യൂബില്‍ തരംഗമായി മാറികഴിഞ്ഞു.
കേരളത്തിന് അകത്തും പുറത്തുമായി പഠിക്കുന്ന അമര്‍നാഥും തന്‍വീറും അശ്വിനും മെല്‍വിനും ഷിനാസും ഷിയാസും സംഗീതമെന്ന ഒറ്റ വികാരത്തില്‍ കൂട്ടുകൂടി ഒന്നിച്ചതാണ് മറ്റഡോറിയ.
വയനാട്ടില്‍ നിന്നുമുള്ള ആദ്യ സമ്പൂര്‍ണ്ണ മ്യൂസിക്കല്‍ ബാന്റായിരിക്കും മറ്റഡോറിയ എന്നാണ് ഇവര്‍ പറയുന്നത്. ഹിറ്റായ പലപാട്ടുകള്‍ക്കും കവര്‍ ചെയ്ത് നേരത്തേ തന്നെ ശ്രദ്ധേയമായ സംഘം ഇതാദ്യമായാണ് സ്വന്തം തയ്യാറാക്കിയ ഗാനവുമായെത്തുന്നത്.
ചടുലതാളത്തിലൊരുക്കിയ വെട്ടം എന്ന ഗാനം ഇതിനോടകം തന്നെ നിരവധിപേര്‍ യൂട്യൂബില്‍ കണ്ടു കഴിഞ്ഞു. ബാന്റിന് പേര് നല്‍കിന്നതിന് പിന്നിലും ഇവര്‍ക്കൊരു കഥ പറയാനുണ്ട്. ആറ് പേരുടെയും ഇഷ്ട വാഹനമാണ് മറ്റഡോര്‍. വീണുകിട്ടുന്ന അവസരങ്ങളിലെല്ലാം യാത്രപോകാനിഷ്ടമുള്ള സംഘത്തിന്റെ യാത്ര മറ്റഡോറിലാണ്. വണ്ടിയോടുള്ള സ്‌നേഹമാണ് ബാന്റിന് പേര് നല്‍കുമ്പോളും ഇവര്‍ ഓര്‍ത്തത്. അങ്ങനെ നാട്ടിന്‍ പുറത്ത് പാടി നടന്ന പിള്ളേരുടെ ബാന്റ് മറ്റഡോറിയ ആയി. പാട്ടുകളിലെല്ലാം തന്നെ മറ്റഡോറിന്‍റെ സാന്നിധ്യമുണ്ട്.
ജില്ലയ്ക്ക് പുറത്ത് പഠിക്കുന്നതുകാരണം വല്ലപ്പോഴും വീണുകിട്ടുന്ന അവധി ദിവസങ്ങളും ഞായറാഴ്ച്ചകളിലുമാണ് പാട്ട് കമ്പോസിംഗും വീഡിയോ പിടുത്തവുമെല്ലാം നടത്തുക. എന്തായാലും പാട്ടും ബാന്റും ഹിറ്റായതോടെ നാട്ടിലെ താരങ്ങളാണ് വര്‍.
Post Your Comments