ശ്രീനിവാസന്‍ “ശശി” യാകുന്നു

 

നായക വേഷത്തില്‍ ശ്രീനിവാസന്‍ വീണ്ടുമെത്തുന്നു. ശ്രീനിവാസന്‍ നായകനാകുന്ന രണ്ട് സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. സജിന്‍ ബാബു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘അയാള്‍ ശശി’യാണ് ഒരു സിനിമ‍.  ഇതിന്റെ ചിത്രീകരണം പൂര്‍ത്തിയായി. അയാള്‍ ശശിയില്‍ ശശി നമ്പൂതിരി എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. കൊച്ചു പ്രേമന്‍, അനില്‍ നെടുമങ്ങാട്, കമ്മട്ടിപ്പാടം ഫെയിം ദിവ്യ ഗോപിനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. ചിത്രം ജനുവരിയില്‍ റിലീസ്ചെയ്യും.

മറ്റൊരു ചിത്രത്തിലും നായകന്റെ റോളില്‍ നടന്‍ എത്തുകയാണ്. വിനീഷ് മില്ലേനിയം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന് ‘കല്ലായി എഫ്.എം’ എന്നാണ് പേരിട്ടിരിക്കുന്നത്. സജീവ് വ്യാസനാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്. സംഗീതവും ആലാപനവും എം.ജി.ശ്രീകുമാറിന്റേതാണ്. ശ്രീനാഥ് ഭാസി, കലാഭവന്‍ ഷാജോണ്‍, കോട്ടയം നസീര്‍, അനീഷ് ജി.മേനോന്‍, സുനില്‍ സുഖദ, വിജിലേഷ്, കൃഷ്ണപ്രഭ, പാര്‍വതി രതീഷ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

‍കല്ലായ് എഫ്‌എം മുഹമ്മദ് റഫിയെയും അദ്ദേഹത്തിന്റെ സംഗീതത്തെയും വിഷയമാക്കി ഒരുങ്ങുന്ന സിനിമയാണ്. ചിത്രത്തില്‍ റഫിയുടെ ഇളയമകന്‍ ഷാഹിദ് പ്രധാന വേഷത്തിലെത്തും. മുഹമ്മദ് റഫിയുടെ കടുത്ത ആരാധകനായി ശ്രീനിവാസന്‍ മുഖ്യകഥാപാത്രമായി എത്തുന്ന ‘കല്ലായി എഫ്.എം’ എന്ന ചിത്രത്തില്‍ റഫിയായാണ് ഷാഹിദ് വേഷമിടുന്നത്.

Share
Leave a Comment