നോട്ട് മരവിപ്പിക്കൽ നടപടിയെ പിന്തുണച്ചുകൊണ്ട് സംവിധായകൻ സനൽ കുമാർ ശശിധരൻ രംഗത്ത്.
ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകൾ പിൻവലിച്ചത് കലാപമുണ്ടാക്കുമെന്നും അതുവഴി ഒരു അടിയന്തിരാവസ്ഥ ഉണ്ടാക്കുമെന്നുമൊക്കെയുള്ള അഭ്യൂഹങ്ങൾ പടർത്തുന്നവർ ചെയ്യുന്നത് സത്യത്തിൽ ഒരു വലിയ സാമൂഹ്യദ്രോഹമാണ്’ സനൽ കുമാർ തന്റെ നിലപാട് വ്യക്തമാക്കുന്നു .
സനൽ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് –
ഞാൻ ഒരു മോഡിഭക്തനോ അയാളുടെ തീവ്രവലതുപക്ഷ-ഹിന്ദുത്വനയങ്ങളെ അനുകൂലിക്കുന്ന ആളോ അല്ല. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷവും അതിനു മുൻപും ഓരോ നയങ്ങളെയും അതതു സാഹചര്യത്തിൽ എന്റെ അറിവിനുംബുദ്ധിക്കും അനുസരിച്ച് അലോചിക്കുകയും അഭിപ്രായങ്ങൾ ഉറക്കെ തന്നെ പറയുകയും ചെയ്തിട്ടുണ്ട്. (എന്തെങ്കിലും ആനുകൂല്യങ്ങൾ നേടിയെടുക്കാൻ ഏതെങ്കിലും സർക്കാരിനുവിധേയത്വം പുലർത്തുന്ന ശീലം ഇല്ലാത്തതുകൊണ്ട് അങ്ങനെ വേണമെന്ന് കരുതിയാലും ചെയ്യാൻ കഴിയാറില്ല). എന്നാൽ ആയിരത്തിന്റെയും അഞ്ഞൂറിന്റേയും നോട്ടുകൾ പൊടുന്നനെ പിൻവലിച്ച നടപടി ഈ സർക്കാരിന്റെ വലതുപക്ഷ-മുതലാളിത്ത നയത്തിൽ നിന്നും ഒരിക്കലും ഉണ്ടാകുമെന്ന് കരുതിയ ഒന്നല്ല. സത്യത്തിൽ ഇത് ഒരു തീവ്ര ഇടതുപക്ഷ സർക്കാർ കേന്ദ്രത്തിൽ രൂപം കൊണ്ടാൽ മാത്രം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാവുന്ന (പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നറിഞ്ഞുകൊണ്ടുതന്നെ മാറ്റത്തിനായി അത് സഹിക്കാം എന്ന ധാർഷ്ട്യത്തോടെ നടപ്പാക്കപ്പെടുന്ന) ഒരു നടപടിയായാണ് എനിക്ക് തോന്നിയത്. പൊടുന്നനെ ഒരു മാറ്റം കൊണ്ടുവരുന്ന ഒരു നയപരിപാടിയും ആരെയും ബുദ്ധിമുട്ടിക്കാതെ കൊണ്ടുവരാൻ കഴിയില്ല എന്ന് ആർക്കാണറിയാത്തത്? ഇത് സൂചിപ്പിക്കാനാണ് ഭൂപരിഷ്കരണത്തെക്കുറിച്ച് സൂചനയുള്ള പോസ്റ്റിട്ടത്. അത് മനസിലാക്കാൻ കഴിയാത്ത സുഹൃത്തുക്കളല്ല കഴുതക്കരച്ചിലുമായി എന്നെ സംഘിയാക്കി എഴുനള്ളിക്കുന്നത്. രാഷ്ട്രീയ തിമിരം കൊണ്ട് അന്ധരായ ഒരുകൂട്ടർ എല്ലായ്പ്പോഴും ഇങ്ങനെയാണ്. വിപ്ലവം വരും വിപ്ലവം വരും എന്ന പ്രതീക്ഷവിറ്റ് ജീവിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ വിശ്വസിക്കുന്നവരത്രെ ഇവർ. വിപ്ലവത്തെക്കുറിച്ച് അവർക്കുള്ള ഭാവനകൾ ഗുൽമോഹറിന്റെ ചുവന്നപൂക്കൾ പോലുള്ള കവികൽപനകളായതിനാൽ യഥാർത്ഥത്തിലുള്ള വിപ്ലവത്തിന് ആരെയും വേദനിപ്പിക്കാതെ വരാൻ കഴിയില്ല എന്നവർക്കറിയില്ല. സമൂഹത്തിൽ സമൂലമാറ്റമുണ്ടാക്കുന്ന എല്ലാ നയപരിപാടികളും നിലനിൽക്കുന്ന വ്യവസ്ഥയെ ഒന്നുലയ്ക്കും. ആ ഉലയ്ക്കലിനെ മനുഷ്യൻ മറികടക്കുന്നത് കുറച്ചുകൂടി നല്ലൊരു വ്യവസ്ഥ ഉണ്ടായിവരുന്ന സമീപകാലത്തെക്കുറിച്ചുള്ള പ്രതീക്ഷകൊണ്ടാണ്. ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകൾ പിൻവലിച്ചത് കലാപമുണ്ടാക്കുമെന്നും അതുവഴി ഒരു അടിയന്തിരാവസ്ഥ ഉണ്ടാക്കുമെന്നുമൊക്കെയുള്ള അഭ്യൂഹങ്ങൾ പടർത്തുന്നവർ ചെയ്യുന്നത് സത്യത്തിൽ ഒരു വലിയ സാമൂഹ്യദ്രോഹമാണ്. രണ്ടോ മൂന്നോ ആഴ്ചയുടെ മിതവ്യയം കൊണ്ടും പരസ്പരധാരണകൊണ്ടും മറികടക്കാവുന്ന ബുദ്ധിമുട്ടേ രാജ്യത്തുണ്ടായിട്ടുള്ളൂ. ആത്യന്തികമായി സാധാരണ ജനത്തിന് ഗുണകരമായി ബാധിക്കുന്നതാണ് തീരുമാനമെന്ന് രാഷ്ട്രീയക്കണ്ണട മാറ്റിവെച്ച് ചിന്തിച്ചാൽ മനസിലാക്കാവുന്നതേയുള്ളു. ഇതുപറഞ്ഞതുകൊണ്ട് ഞാൻ സംഘിയായിപ്പോയി എന്ന നിലവിളിയുയർന്നാൽ എനിക്ക് യാതൊരു പ്രശ്നവുമില്ല. മോഡിയെ എതിർത്താൽ ഞാൻ പുണ്യാളനാവുകയും എതിർത്തില്ലെങ്കിൽ നരാധമനാവുകയും ചെയ്യുന്ന നിങ്ങളുടെ കളി നന്നായി ആസ്വദിക്കുന്നുണ്ട്. എതിരഭിപ്രായം പറയുന്നവരെ തേജോവധം ചെയ്ത് വായടപ്പിക്കാം എന്ന നിങ്ങളുടെ പഴയ രാഷ്ട്രീയപാഠം വിലപ്പോവുന്നത് ഇമേജിനെ വളരെയധികം ആരാധിക്കുന്നവരുടെ അടുത്താണ്. സനൽ കുമാർ ശശിധരൻ എന്ന ഇമേജിനോട് സനൽകുമാർ ശശിധരൻ എന്ന വ്യക്തിക്ക് യാതൊരു മതിപ്പുമില്ല. അത് നിങ്ങളൊക്കെ കൂടി ഉണ്ടാക്കുകയും നിങ്ങളൊക്കെക്കൂടി ചവിട്ടുകയും ചെയ്യുന്ന ഒന്നാണ്. എന്നെ സംബന്ധിച്ച് ഞാനിപ്പോഴും ഭക്ഷണം കഴിച്ചില്ലെങ്കിൽ വിശന്ന് കുഴഞ്ഞുവീഴുകയും മലവിസർജജനം ചെയ്യാൻ മുട്ടിപ്പോയാൽ എല്ലാ താത്വികപ്രശ്നങ്ങളും അടുപ്പിൽ വെച്ച് ഏറ്റവും അടുത്തുള്ള കക്കൂസ് നോക്കി ഓടേണ്ടിവരികയും ചെയ്യുന്ന ഒരു സാധാരണ മനുഷ്യജീവി മാത്രമാണ്. മരിക്കാതിരിക്കുന്ന കാലത്തോളം എന്റെ ശരികൾ ഞാൻ പറഞ്ഞുകൊണ്ടിരിക്കും. എന്റെ വീട്ടിലിരുന്നോ എന്റെ ഫെയ്സ്ബുക്ക് വാളിലോ പറയുന്നതേക്കുറിച്ച് അത്രവേവലാതിയാണെങ്കിൽ ഇങ്ങോട്ട് വരാതിരിക്കാനോ അൺഫോളോ ചെയ്തുപോകാനോ എല്ലാ സ്വാതന്ത്ര്യവും നിങ്ങൾക്കുണ്ട്. ആരോടും ഒരു വിരോധവുമില്ല. എല്ലാവർക്കും നല്ലത് സംഭവിക്കട്ടെ :)
Post Your Comments