പ്രേക്ഷകര്‍ കണ്ടു പരിചയിച്ച മംമ്തയില്‍ നിന്ന് കുറെയേറെ വ്യത്യാസമുണ്ട് യഥാര്‍ത്ഥ മംമ്തയിലേക്ക്. പുറമെ കാണുന്ന ബോള്‍ഡ്നസിനപ്പുറത്ത് ഏറെയാരും അറിയാത്ത, കേള്‍ക്കാത്ത മറ്റൊരു കഥയുണ്ട് മംമ്തയുടെ ജീവിതത്തില്‍. ജീവിതത്തിലേക്ക് തിരികെ നടക്കാന്‍ വേദനകളുടെ ഒരു കടല്‍ തന്നെ താണ്ടണമായിരുന്നു മംമ്തക്ക്. അനുഭങ്ങള്‍ നല്‍കിയ ധൈര്യം മാത്രം നെഞ്ചോട് ചേര്‍ത്ത് നടന്നു തീര്‍ത്ത വഴികളിലേയ്ക്ക് ഒരിക്കല്‍ക്കൂടി തിരിഞ്ഞു നോക്കുകയാണ് മംമ്ത. ക്ലബ് എഫ്‌എം ദുബായ്ക്കു നല്‍കിയ അഭിമുഖത്തിലാണ് മംമ്ത തന്റെ മനസു തുറന്നത്.
“ജീവിതം എന്താണെന്നു ചോദിച്ചാല്‍ ഇപ്പോള്‍ നാം കടന്നുപോകുന്ന നിമിഷങ്ങള്‍ തന്നെ. അതില്‍ സന്തോഷകരമായ കാര്യങ്ങള്‍ മാത്രമല്ല സംഭവിക്കുന്നത്. ദു:ഖകരമായ സംഭവങ്ങളും ഉണ്ടാകും. ആ തിരിച്ചറിവ് വന്ന നിമിഷം മുതല്‍ കാന്‍സര്‍ എന്റെ മനസ്സിനെ തൊട്ടിട്ടില്ല. ജീവിതത്തില്‍ എനിക്ക് എന്റേതായ ആദര്‍ശങ്ങളുണ്ട്. അത് പണയം വയ്ക്കാതെയാണ് ഇത്രയും കാലം ജീവിച്ചത്”. മംമ്ത പറയുന്നു.
മംമ്ത മോഹന്‍ദാസ് ഒരു അഭിനേതാവ് മാത്രമല്ല, യാതൊരു അഭിനയത്തിനും സാധ്യതയില്ലാത്ത ജീവിതത്തിലെ തിരിച്ചുവരവിന്റെ പ്രതീകം കൂടിയാണ്. കാന്‍സര്‍ എന്ന വില്ലനില്‍ നിന്ന് ഒരിക്കലല്ല, പലവട്ടം തിരിച്ചുവന്നു മംമ്ത. അത്രയും ആവേശത്തോടെ അത് മംമ്തയെ പിന്തുടരുകയും ചെയ്തു. വാക്കുകളിലൂടെ പ്രതിഫലിപ്പിക്കാവുന്നതിലും അപ്പുറത്തെ ദുരിതജീവിതമാണ് വെള്ളിത്തിരയില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലാഘവത്തോടെ മംമ്ത അതിജീവിച്ചുകൊണ്ടിരിക്കുന്നത്.
‘ലോസ് ആഞ്ജലീസില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചത്. ശാരീരികമായി ഞാന്‍ ഏറെ ക്ഷീണിതയായിരുന്നു. എഴുന്നേറ്റ് 10 മിനിറ്റ് നടക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പോലും ജീവിതം സുഖം മാത്രമല്ല ദുഖവും ഉള്ളതാണെന്ന ചിന്തയാണ് എനിക്ക് ധൈര്യം നല്‍കിയത്. ആരെയും ആശ്രയിക്കാതിരുന്നത് എന്റെ മനോബലം സ്വയം അളക്കാനായിരുന്നു. എന്നെത്തന്നെ കണ്ടെത്താനായിരുന്നു. ലോസ് ആഞ്ജലീസിലെ ജീവിതമാണ് എന്റെ കാഴ്ചപ്പാട് തന്നെ മാറ്റിയത്. അവിടെയായിരുന്നു രോഗത്തിന് ചികിത്സ തേടിയിരുന്നത്. ആദ്യത്തെ ഡോസ് മരുന്നു എടുത്തപ്പോള്‍ തന്നെ ഒരുപാട് ശുഭകരമായ മാറ്റങ്ങള്‍ സംഭവിക്കുന്നതായി തോന്നി.’
“സത്യത്തില്‍ അവിടുത്തെ ഒരു മെഡിക്കല്‍ എക്സിപിരിമെന്റിന്റെ ഭാഗമായി ഞാന്‍ നിന്നുകൊടുക്കുകയായിരുന്നു. മരുന്നിന്റെ ഗവേഷണത്തിന്റെ ഭാഗമായി എന്റെ ശരീരം ഒരു പരീക്ഷണവസ്തുവാക്കി വിട്ടുകൊടുക്കുകയായിരുന്നു. അവിടുത്തെ ക്ലിനിക്കല്‍ ട്രയലിന്റെ വിഷയമായിരുന്നു ഞാന്‍. ഒരു ഗിനിപ്പന്നിയെപ്പോലെയെന്ന് പറയാം. എന്നെക്കൂടാതെ 22 പേരുണ്ടായിരുന്നു ഈ പരീക്ഷണത്തില്‍. അതില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ഞാനായിരുന്നു. അമേരിക്കന്‍ സ്വദേശിയല്ലാത്ത ഒരേ ഒരു വ്യക്തിയും ഞാന്‍ മാത്രമായിരുന്നു. ഈ മരുന്ന് എല്ലാ പരീക്ഷണങ്ങള്‍ക്കും ശേഷം ഭാവിയില്‍ ഒരുപാട് പേരില്‍ എത്തുമെന്നാണ് എന്റെ പ്രതീക്ഷ.” മംമ്ത പറഞ്ഞു.
Post Your Comments