ജീവിതത്തിന്റെ കയ്പ്പേറിയ ദുരിത യാഥാർഥ്യങ്ങളെ സിനിമയിലേയ്ക്ക് സന്നിവേശിപ്പിച്ച ഇറ്റാലിയൻ സംവിധായകൻ വിറ്റോറിയ ഡി സികെ ഓർമ്മയായിട്ട് ഇന്നേക്ക് നാല്പത്തി രണ്ടു വർഷം തികയുന്നു. ഇറ്റാലിയൻ നിയോ റിയലിസ്റ്റിക് സിനിമയുടെ പ്രയോക്താവെന്ന നിലയിലാണ് ഡി സികെയെ ലോകത്തിന് പരിചയം. ചുറ്റുപാടുമുള്ള ജീവിതയാഥാർഥ്യങ്ങളുടെ ആഴങ്ങളിൽ ചേർന്ന് നിന്നുകൊണ്ട്, അങ്ങേയറ്റം യാഥാർഥ്യ ബോധത്തോടെ സിനിമകൾ ചെയ്യുകയായിരുന്നു ഡി സികെ.
ബൈസിക്കിൾ തീവ്സ് എന്ന ചലച്ചിത്രമാണ് അദ്ദേഹത്തെ ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തുന്നത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള റോമിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ചിത്രം ഡി സികെയുടെ രാഷ്ട്രീയ സാമൂഹിക കാഴ്ചപ്പാടുകൾ വ്യെക്തമാക്കപ്പെട്ട ചിത്രമാണ്. നായകനായ റിക്കി, ഒരു തൊഴിൽ കിട്ടുന്നതിന് വേണ്ടി തന്റെ അവസാന സമ്പാദ്യവും വിറ്റ് ഒരു സൈക്കിൾ വാങ്ങുന്നു. എന്നാൽ അത് മോഷ്ടിക്കപ്പെട്ടതോടെ അയാൾ വീണ്ടും തെരുവിലാക്കപ്പെടുന്നു. തന്റെ ഈ നീറുന്ന പ്രശ്നവുമായി നഗര ചത്വരങ്ങളിൽ അലയുന്ന റിക്കി അപമാനങ്ങളും,പറ്റിക്കലുകളും നേരിടുന്നു . റോമിലെ അടിസ്ഥാന വർഗത്തോടുള്ള ഉപരിവർഗത്തിന്റെ അവഗണന നിറഞ്ഞ കാഴ്ചപ്പാട് ചിത്രത്തിൽ പല സാഹചര്യങ്ങളിലും സംവിധായകൻ സൂഷ്മമായി സന്നിവേശിപ്പിച്ചിട്ടുണ്ട്. ഭാര്യ മരിയയും മകൻ ബ്രൂണോയും അടങ്ങുന്ന കുടുംബം അയാളെ സൈക്കിൾ വീണ്ടെടുക്കാൻ സഹായിക്കുന്നു. ദുരിതങ്ങൾക്കിടയിലും സന്തോഷത്തിന്റെയും, പ്രതീക്ഷയുടെയും തുരുത്തുകളെ അവശേഷിപ്പിച്ചുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത് .
ഇന്ത്യൻ ചലച്ചിത്ര സംവിധായകനായ സത്യജിത് റേ അടക്കം ഒട്ടേറെ പ്രതിഭകളെ സിനിമയിലേയ്ക്ക് വലിച്ചടിപ്പിച്ച ചിത്രമാണ് ബൈസിക്കിൾ തീവ്സ്. ഇറ്റലിയിലെ ഒരുൾനാടൻ ഗ്രാമത്തിൽ ജനിച്ച ഡി സികെ നാടക നടനായാണ് കലാരംഗത്തെത്തുന്നത് . ചൂതാട്ടം ലഹരിയായി കൊണ്ടുനടന്നിരുന്ന ഡി സികെ തന്റെ സിനിമകളിലും അതിന്റെ അംശങ്ങളെ ഉൾച്ചേർത്തിരുന്നു. ബൈസിക്കിൾ തീവ്സ് അടക്കം നാല് സിനിമകൾ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഓസ്കാർ നേടിയിട്ടുണ്ട്.
Post Your Comments