Uncategorized

‘മാറ്റത്തിന്റെ വഴിയേ കുതിക്കുന്ന മലയാളസിനിമ’ പുത്തന്‍ ചുവടുവയ്പുമായി ഫുക്രി വരുന്നു

 

മലയാളത്തില്‍ മാറ്റങ്ങളിലേക്കുള്ള തുടക്കമാകുന്ന സിനിമകള്‍ എന്നും ചരിത്രത്തിന്റെ ഭാഗമാണ്. വിഗതകുമാരനിലും ബാലനിലും തുടങ്ങി പുലിമുരുകന്‍ വരെ എത്തി നില്‍ക്കുന്ന,  മാറ്റങ്ങളിലേക്ക് വഴി തെളിച്ച സിനിമകളുടെ പട്ടികയില്‍ ഇടം പിടിക്കാന്‍ ഒരുങ്ങുകയാണ് ജയസൂര്യയുടെ ഫുക്രിയും. സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോള്‍ അതേ ലൊക്കേഷനില്‍ത്തന്നെ ഡബ്ബിങ്ങും എഡിറ്റിങ്ങും നടത്താനുള്ള സംവിധാനവുമായാണ് ഫുക്രി എത്തുന്നത്. ‘ഡബ്ബിങ് ഓണ്‍ വീല്‍സ്’ , അതാണ് ഫുക്രി പരിചയപ്പെടുത്തുന്ന പുതിയ സംവിധാനം.

നേരത്തെ സിനിമ പൂര്‍ണമായി ഷൂട്ട് ചെയ്ത ശേഷമായിരുന്നു ഡബ്ബിങ്ങും എഡിറ്റിങ്ങും തുടങ്ങുന്നതു തന്നെ. പ്രൊഡ്യൂസര്‍ക്ക് പണവും ഡയറക്ടര്‍ക്കും നടീനടന്മാര്‍ക്കും സമയവും നഷ്ടം. എന്നാല്‍, ‘ഡബ്ബിങ് ഓണ്‍ വീല്‍സ്’ ആയപ്പോള്‍ ഷൂട്ടിങ് കഴിഞ്ഞ് സ്റ്റുഡിയോയില്‍ കൊണ്ടുപോയി ചെയ്തിരുന്ന എഡിറ്റിങ്ങും ഡബ്ബിങ്ങുമൊക്കെ ഇപ്പോള്‍ ഷൂട്ടിങ് ലൊക്കേഷനില്‍ത്തന്നെ ചെയ്യാമെന്നായി. ഇപ്പോള്‍ സിനിമ മുഴുവന്‍ ‘ഹൈ ഡെഫനിഷന്‍’ (എച്ച്.ഡി.) ഫോര്‍മാറ്റിലായി. ഇത് നേരെ എഡിറ്റിങ് മേശയിലേക്ക് കൊണ്ടുപോവുകയാണ്. ഇതിനായി ഒരു ‘കാരവന്‍’, പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റഡിയോയായി സജ്ജീകരിച്ചിരിക്കുന്നു. കാരവന്‍ ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിച്ച്, അവിടെ എഡിറ്റര്‍ക്ക് കിട്ടുന്ന എച്ച്.ഡി. ഫയലില്‍ അദ്ദേഹം എഡിറ്റിങ് നടത്തുന്നു. ഷൂട്ടിങ്ങിനിടയ്ക്കുള്ള സമയങ്ങളില്‍ എഡിറ്റ് ചെയ്ത സിനിമാ ഭാഗങ്ങള്‍ സംവിധായകന്‍ കാണുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ആവശ്യമുള്ള തിരുത്തലുകള്‍ നടത്തി, അത് അപ്പോള്‍ത്തന്നെ പൂര്‍ണ രൂപത്തിലാക്കുന്നു.  ഇത് നേരെ കാരവനില്‍ തന്നെയുള്ള ഡബ്ബിങ് എന്‍ജിനീയര്‍ക്ക് നല്‍കുന്നു.  അപ്പോള്‍ തന്നെ ഡബ്ബിങ്ങും തുടങ്ങുകയായി.   അന്നേദിവസം ഷൂട്ടിങ്ങില്ലാത്ത , ലൊക്കേഷനിലുള്ള  അഭിനേതാവിന്റെ ഡബ്ബിങ് നടത്തുന്നു.  ആവശ്യമുള്ള മാറ്റങ്ങള്‍ അപ്പോള്‍ത്തന്നെ വരുത്തുന്നു.  ആവശ്യമെങ്കില്‍ അഭിനേതാക്കളെ വിളിച്ച് വീണ്ടും ഷൂട്ട് ചെയ്യും. അതായത്, സിനിമയുടെ ഷൂട്ടിങ് തീരുമ്പോള്‍ത്തന്നെ എഡിറ്റിങ്ങും ഡബ്ബിങ്ങും പൂര്‍ത്തിയാക്കാന്‍ സാധിക്കും.

‘ഡബ്ബിങ് ഓണ്‍ വീല്‍സ്’ലൂടെ എഡിറ്റിങ്ങും ഡബ്ബിങ്ങും സൃഷ്ടിച്ചിരുന്ന അധികചെലവും സമയ നഷ്ടവും ഒഴിവായികിട്ടും. ‘മൈ ടോക്കീസ്’ ഉടമ ജന്‍ഡോ ജോസിന്റെ സഹകരണത്തോടെ ‘ഫുക്രി’യുടെ നിര്‍മാതാവും ഡി.ഡി. ഗ്രൂപ്പ് ഉടമയുമായ എല്‍ദോയാണ് ‘ഡബ്ബിങ് ഓണ്‍ വീല്‍സ്’ നിര്‍മ്മിച്ചിരിക്കുന്നത്. ‘മൈ ടോക്കീസി’ലെ ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റുമാരായ വിനോദ് പി. ശിവറാം, മനോജ് വേണുഗോപാല്‍ എന്നിവരാണ് ഇതിന്റെ സാങ്കേതികവിദ്യ നിര്‍വഹിച്ചിരിക്കുന്നത്.

സിദ്ദിക്കിന്റെ സംവിധാനത്തില്‍ ഒരുക്കുന്ന ‘ഫുക്രി’യില്‍ ജയസൂര്യ, മഡോണ സെബാസ്റ്റിന്‍ , പ്രയാഗാ മാര്‍ട്ടിന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button