Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaNEWS

“ഐ, ഡാനിയല്‍ ബ്ലേക്ക്”

 

സാധാരണ ജനതയുടെ കേള്‍ക്കപ്പെടാതെപോകുന്ന ശബ്ദങ്ങളുടെപുറകെ ക്യാമറക്കണ്ണുമായി അലയുന്ന ചലച്ചിത്രകാരന്‍ എന്ന നിലയില്‍ ലോക ചലച്ചിത്രവേദിയില്‍ ഇടം പിടിച്ചിട്ടുള്ള ചലച്ചിത്രകാരനാണ് കെന്‍ലോച്ച്.  എന്പതാമത്തെ വയസിലും അതിനു മാറ്റം വന്നിട്ടില്ലെന്നുള്ളതിനു തെളിവാണ് “ഐ, ഡാനിയല്‍ ബ്ലേക്ക്” എന്ന ചലച്ചിത്രം.  ഇത്തവണത്തെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പാമെദോര്‍ പുരസ്‌കാരം നേടിയെടുക്കാനും ഐ, ഡാനിയല്‍ ബ്ലേക്കിനു കഴിഞ്ഞു. വര്‍ത്തമാന ബ്രിട്ടീഷ് സാമൂഹിക സാഹചര്യത്തിന്റെ നിറംമങ്ങിയ യാഥാര്‍ഥ്യങ്ങളുടെ പരിച്ഛേദമാണ് ചിത്രത്തിന്റെ പ്രമേയം.

2014 -ല്‍ ചലച്ചിത്രനിര്‍മാണത്തില്‍നിന്ന് വിരമിക്കുകയാണെന്ന് കെന്‍ലോച്ച് പറഞ്ഞിരുന്നു. എന്നാല്‍, അറുപതുകള്‍ മുതല്‍ അതതുകാലത്തെ സാമൂഹികക്രമങ്ങളിലെ അസമത്വങ്ങള്‍ക്കും പട്ടിണിക്കും തൊഴിലില്ലായ്മയ്ക്കും തൊഴിലാളി മുന്നേറ്റങ്ങള്‍ക്കും ചലച്ചിത്രങ്ങളിലൂടെ ദൃശ്യഭാഷ്യം രചിച്ചിരുന്ന കെന്‍ലോച്ചിന് അതത്ര വേഗം സാധ്യമാകുമായിരുന്നില്ല.  ബ്രിട്ടനില്‍ അധികാരത്തിലുള്ള കണ്‍സര്‍വേറ്റീവ് ഭരണകൂടം സാധാരണജനതയുടെ അവകാശങ്ങള്‍ക്കുനേരെ കണ്ണടയ്ക്കുമ്പോള്‍ “ഐ, ഡാനിയല്‍ ബ്ലേക്ക്”ലൂടെ പ്രതികരിക്കുകയാണ് കെന്‍ലോച്ച്. ബ്രിട്ടനിലെ ഭവനരഹിതരും പട്ടിണി കിടക്കുന്നവരും എന്നും കെന്‍ലോച്ചിന്റെ ചലച്ചിത്രങ്ങളുടെ ഭാഗമാണ്. 1966-ല്‍ പുറത്തുവന്ന ടെലിവിഷന്‍ചിത്രമായ കാത്തി, കം ഹോം, കെസ്, റിഫ്-റാഫ്, ദ നാവിഗേറ്റേഴ്സ് എന്നിവയിലെല്ലാം ലോച്ച് വരച്ചുകാട്ടുന്നത്  അസമത്വത്തിന്റെയും പട്ടിണിയടക്കമുള്ള സാമൂഹിക അനീതികളുടെയും ചിത്രം തന്നെയാണ്.  മുഖ്യധാരയില്‍നിന്ന് സമൂഹത്തിന്റെ ഒരു കോണിലേക്ക് പറിച്ചെറിയപ്പെടുന്ന വ്യക്തിയും അവര്‍ അനുഭവിക്കേണ്ടി വരുന്ന പട്ടിണിയുമാണ് ഐ, ഡാനിയല്‍ ബ്ലേക്കിന് ജീവന്‍ നല്‍കുന്നത്.

അമ്പത്തൊമ്പതുവയസ്സുള്ള മരപ്പണിക്കാരനായ ഡാനിയല്‍ ബ്ലേക്ക് ഹൃദയാഘാതംവന്ന് ജോലിചെയ്യാന്‍ കഴിയാതെ പോകുമ്പോള്‍, തനിക്കവകാശപ്പെട്ട സാമ്പത്തിക സഹായത്തിനായി അധികാരസ്ഥാപനങ്ങളില്‍ കയറിയിറങ്ങുകയും ഭരണകൂടത്തിന്റെ ചുവപ്പുനാടയില്‍പ്പെട്ട് പണംകിട്ടാതെ ഉഴലുന്നതുമാണ് ഐ. ഡാനിയല്‍ ബ്ലേക്കിന്റെ പ്രമേയം. സാമ്പത്തിക സഹായത്തിനായി അധികാരസ്ഥാപനങ്ങളില്‍ കയറിയിറങ്ങുമ്പോള്‍ കണ്ടു മുട്ടിയ സമാന അവസ്ഥയിലുള്ള കെയ്റ്റിയുടെയും രണ്ടു കുട്ടികളുടെയും പിതൃതുല്യനായ സുഹൃത്താണ്    ഡാനിയല്‍.  കെയ്റ്റിയും ഡാനിയലും തുടര്‍ച്ചയായി അവഗണിക്കപ്പെടുന്ന കാഴ്ചകള്‍ പ്രേക്ഷകന്റെ കണ്ണുകളെ  നനയിപ്പിക്കുന്നതാണ്.  ഒടുവില്‍  അപ്പീല്‍ അനുവദിച്ചുകിട്ടിയപ്പോള്‍, അപ്പീല്‍ ഹിയറിങ്ങിന്റെ ദിവസം കെയ്റ്റിയോടൊപ്പം അധികാരികള്‍ക്ക് മുന്നിലെത്തുന്ന ഡാനിയല്‍ ഹിയറിങ്ങിനു തൊട്ടുമുന്പു തളര്‍ന്നു വീണു മരിക്കുന്നു.

ചിത്രത്തില്‍   ജോബ് സെന്ററിന്റെ പുറംചുമരില്‍ “ഞാന്‍, ഡാനിയല്‍ ബ്ലേക്ക് മരണംവരെ നിരാഹാരമിരിക്കാന്‍ പോകുന്നു” എന്ന് ബ്ലേക്ക് എഴുതുന്ന ഒരു രംഗമുണ്ട്. ഇവിടെ നിന്നാണ് ചിത്രത്തിന് വേണ്ടി ലോച്ച് ഈ പേര് തിരഞ്ഞെടുക്കുന്നത്. ചിത്രത്തിനു കാന്‍ ഫിലിം ഫെസ്റ്റിവലില്‍ കിട്ടിയ അംഗീകാരം സാമൂഹിക അനീതികള്‍ അനുഭവിക്കുന്ന ബ്രിട്ടനിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് കിട്ടുന്ന അംഗീകാരമാണ്.

shortlink

Related Articles

Post Your Comments


Back to top button