
വടക്കാഞ്ചേരി സംഭവത്തില്‍ സിപിഎം ഇങ്ങനെയാകും പ്രതികരിക്കുകയെന്ന് കരുതിയില്ലെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. രണ്ടു വര്ഷം മുന്‍പ് നടന്ന സംഭവം തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ജനങ്ങള്‍ക്ക് മുന്നിലെത്തിച്ചത് ഭാഗ്യലക്ഷ്മിയാണ്.
“ഫെയ്സ്ബുക്കിലൂടെയും ഫോണിലൂടെയും വാട്ട്‌സ് ആപ്പിലൂടെയും മെയിലിലൂടെയും ഒരുപാട് പേര്‍ പിന്തുണ അറിയിച്ചിരുന്നു. മാത്രമല്ല നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസവുണ്ട്. എന്നാല്‍ സിപിഎം ഇതിനോട് ഇങ്ങനെയാകും പ്രതികരിക്കുകയെന്ന് കരുതിയിരുന്നില്ല.” ഒരു പ്രമുഖ മാധ്യമത്തിലൂടെ ജനങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍.
ബലാത്സംഗത്തിന് ഇരയായവര്‍ സമൂഹത്തിനു മുന്നില്‍ കുറ്റവാളികളായി അവതരിപ്പിക്കപ്പെടുകയും കുറ്റവാളികള്‍ മാന്യന്മാരായി നില്‍ക്കുകയും ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്. ഇതിന് ഉത്തരവാദികള്‍ സമൂഹം തന്നെയാണ്. നിര്‍ഭയ കേസിലാകട്ടെ, ജിഷാ വധം ആകട്ടെ, ഓരോ സംഭവം നടക്കുമ്പോഴും അതിലെ ഇരകളായ പെണ്‍കുട്ടികള്‍ക്കാണ് കുറ്റമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
പ്രവര്‍ത്തനസ്വാതന്ത്ര്യവും സംസാരസ്വാതന്ത്ര്യവും നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കാത്തതിനാല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താത്പര്യമില്ലെന്നും കഴിയുന്ന രീതിയില്‍ മറ്റുള്ളവരെ സഹായിക്കുക മാത്രമാണ് ലക്ഷ്യമെന്നും അവര്‍ പറഞ്ഞു.
“വടക്കാഞ്ചേരി സംഭവം ഇത്ര അധികം ജനശ്രദ്ധ നേടുമെന്ന് വിചാരിച്ചിരുന്നില്ല. വിഷയം മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും കത്തിപ്പടര്‍ന്നു തുടങ്ങുകയും ചെയ്തപ്പോഴാണ് എന്തുകൊണ്ട് അവസാനം വരെ പൊരുതിക്കൂടാ എന്ന് ചിന്തിക്കുന്നത്. മികച്ച പിന്തുണയാണ് എല്ലായിടത്തു നിന്നും ലഭിച്ചത്” ഭാഗ്യലക്ഷ്മി പറയുന്നു.
എന്റെ മുന്നില്‍ വന്ന ഒരു വിഷയത്തെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക മാത്രമാണ് ഞാന്‍ ചെയ്തിട്ടുള്ളത്. കേസിന്റെ തുടര്‍ നപടികള്‍ തീരുമാനിക്കേണ്ടത് പോലീസാണ്. പെണ്‍കുട്ടിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ടെങ്കില്‍ അത് മനസിലാക്കേണ്ടത് പോലീസാണ്. ബലാത്സംഗ കുറ്റവും മാതാപിതാക്കളെ സംരക്ഷിക്കുന്നില്ലെന്ന കുറ്റവും രണ്ടും രണ്ടാണ്. അതിനെ അങ്ങനെ തന്നെ വേണം കാണാനെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു .
ആണ്‍മേല്‍ക്കോയ്മ നിലനില്‍ക്കുന്ന സമൂഹമാണ് നമ്മുടെതെന്നും മക്കളുടെ മോശം സ്വഭാവത്തിനു കാരണം അമ്മമാര്‍ മാത്രമാണെന്ന ധാരണ തിരുത്തണമെന്നും ആരു വളര്‍ത്തുന്നു എന്നതിലല്ല, സ്ത്രീകളെ ബഹുമാനത്തോടെ പരിഗണിക്കാന്‍ സാധിക്കുന്ന മാനസിക നിലവാരം കുഞ്ഞുങ്ങളില്‍ വളര്‍ത്തിയെടുക്കാന്‍ ആര്‍ക്കു സാധിക്കുന്നുവെന്നത്തിലാണ് കാര്യമെന്നും ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു. ഇരയുടെ പേര് വെളിപ്പെടുത്തിയത് തെറ്റായ നടപടിയാണ്. അത് നിയമത്തോടുള്ള അജ്ഞത അല്ലെങ്കില്‍ പുച്ഛത്തിനെയാണ് സൂചിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു
“ഉപദ്രവിച്ച ആളുകളുടെ പേര് ആ കുട്ടി തന്നെയാണ് വെളിപ്പെടുത്തിയത്. അതുകൊണ്ടു തന്നെ ഈ വിഷയത്തില്‍ ഇടപെട്ടു എന്നത് ഭാഗ്യലക്ഷ്മി എന്ന വ്യക്തിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് കരുതുന്നില്ല. ഇത്തരം സംഭവങ്ങള്‍ അറിയുകയാണെങ്കില്‍ ഇനിയും അതില്‍ ഇടപെടാന്‍ തയ്യാറാണ്”-ഭാഗ്യലക്ഷ്മി പറഞ്ഞു
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യാന്‍ അതിവേഗ കോടതികള്‍ക്കു വേണ്ടി പൊതുജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും അവര്‍ പറഞ്ഞു.
Post Your Comments