ഷാര്‍ജാ പുസ്തകോല്‍വസത്തിലെ മുഖാമുഖത്തില്‍ മമ്മൂട്ടിക്കെതിരെ മാധ്യമപ്രവര്ത്തകന് ചോദിച്ച ചോദ്യം വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. മീഡിയാ വണ്‍ ഗള്‍ഫ് ചീഫും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ എംസിഎ നാസറിന്റെ ചോദ്യമാണ് മമ്മൂട്ടിയെ പ്രകോപിപ്പിച്ചത്. മമ്മൂക്കയോട് അടുക്കാന്‍ മോഹന്‍ലാലിന്റെ അത്ര എളുപ്പമല്ല, ഒരു ജനകീയനല്ല എന്നൊരു പൊതുബോധമുണ്ട്, അതൊന്ന് മാറ്റിക്കൂടേ? എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകനായ നാസറിന്റെ ചോദ്യം ആ പൊതുബോധം മാറ്റേണ്ടത് ആരാണ് ഞാനാണോ അതോ പൊതുബോധം വച്ചുള്ളവരാണോ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത വലിയ ചര്‍ച്ചയായ സാഹചര്യം സൃഷ്ടിച്ചതോടെ മാധ്യമ പ്രവര്‍ത്തകനും ഒരു ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന് നല്കിയ അഭിമുഖത്തില്‍ തന്റെ നിലപാട് അറിയിച്ചു. മമ്മൂട്ടിയെ വളരെ അധികം ഇഷ്ടപ്പെടുന്നുവെന്നും, എന്ന് കരുതി ആദ്ദേഹത്തെ സുഖിപ്പിക്കുന്ന ചോദ്യം മാത്രമേ ചോദിക്കുകയുള്ളൂ എന്ന നിലപാട് തനിക്കില്ലായെന്നും എം.സി.എ നാസര്‍ പറയുന്നു.
‘’മമ്മൂട്ടിയെ ഏറെ സ്നേഹിക്കുന്ന ആളാണ് ഞാന്‍, അതായത് മമ്മൂട്ടിയിലെ നടനെ, എന്ന് കരുതി സുഖിപ്പിക്കുന്ന ചോദ്യമേ ചോദിക്കൂ എന്ന നിലപാട് എനിക്കില്ല. പിണറായി വിജയന് മുതല്‍ വി പി സിംഗിനോട് വരെ കൃത്യതയോടെ ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്. അത് ഇനിയും തുടരും. മോഹന്‍ലാലിനെ രണ്ട് വട്ടം സുദീര്‍ഘമായി ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. എന്നാല്‍ ആ നടനോട് മമ്മൂട്ടിയെ പോലെ ഇഷ്ടം പോരാ, എന്നിട്ടും സൗഹൃദത്തിന്റെ ഊഷ്മളത കാരണം ലാലിനോട് സ്നേഹം തോന്നിപ്പോകും. പത്തേമാരിയുടെ ചിത്രീകരണ വേളയില്‍ ഷൂട്ടിംഗ് സ്ഥലത്ത് 3 മണിക്കൂര്‍ കാത്തുനിന്നിട്ടും ഒരു ബൈറ്റ് തരാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. അസുഖകരമായ ചോദ്യത്തെ അദ്ദേഹം എന്തിന് ഭയക്കുന്നു. മമ്മൂട്ടിക്ക് അഹംഭാവവും അഹങ്കാരവും ഉണ്ട് എന്നല്ല. മമ്മൂക്കയുടെ സ്വഭാവത്തില്‍ ഉണ്ടെന്ന് പറയുന്ന അഹംഭാവം എന്നും, അത്തരമൊരു പൊതുബോധം എന്നുമാണ് ഞാന്‍ പരാമര്‍ശിച്ചത്, അദ്ദേഹത്തിന്റെ പ്രസംഗം അവസാനിച്ചുകൊണ്ടുള്ള പരാമര്‍ശം എന്നില്‍ ചെറിയ വിഷമം ഉണ്ടാക്കി. ആരോഗ്യകരമായ സംവാദമെന്ന നിലയിലാണ് ഞാന്‍ ചോദ്യമുന്നയിച്ചത്. അദ്ദേഹത്തെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ള ചോദ്യമായിരുന്നില്ല.’’
Post Your Comments