പ്രേക്ഷകര്‍ ചെയ്ത പുണ്യമാണ് എന്‍റെ സൗന്ദര്യം എന്ന് മലയാളത്തിന്റെ പ്രിയ നടന്‍ മമ്മൂട്ടി. മുപ്പത്തിയഞ്ചാമത് ഷാര്‍ജ പുസ്തകമേളയില്‍ ചോദ്യോത്തരവേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്രയും സൗന്ദര്യം ലഭിക്കാന്‍ എന്തു പുണ്യമാണ് താങ്കള്‍ ചെയ്തതെന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് താരം അങ്ങനെ പറഞ്ഞത്.
ദുല്‍ഖറും താനും ഒന്നിച്ചുള്ള ഒരു ചിത്രത്തിന് താനും കാത്തിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മമ്മൂട്ടി അഹങ്കാരിയും ജനങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്നുവെന്നുമുള്ള പൊതുബോധം മാറ്റണ്ടേ എന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ആ പൊതുബോധം വെച്ചുപുലര്‍ത്തുന്നവരാണ് അത് മാറ്റേണ്ടതെന്നും താനതിനു ആള്‍ അല്ലന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. ഭാഷ ഒരിക്കലും മരിക്കുകയില്ലെന്നും അദ്ദേഹം അഭിപ്രയപ്പെട്ടു. ‘ഭാഷ മരിക്കുന്നു, യുവതലമുറ വായിക്കുന്നില്ല എന്നെല്ലാം ആവലാതികള്‍ ഉണ്ടെങ്കിലും, എല്ലാ ഭാഷകളും വാസ്തവത്തില്‍ വളരുകയാണ്. ഭാഷയില്‍ പുതിയ വാക്കുകള്‍ ഉണ്ടാകുന്നു, വാക്കുകള്‍ക്ക് പുതിയ അര്‍ത്ഥങ്ങള്‍ ഉണ്ടാകുന്നു. വായനയും ഭാഷയും മരിക്കുന്നില്ല. ഭാഷ വളരുക തന്നെയാണ് എന്ന് മമ്മൂട്ടി അഭിപ്രായപ്പെട്ടു. ഷേക്‌സ്പിയറുടെ കാലത്ത് 40,000 വാക്കുകളാണ് ഇംഗ്ലീഷില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് ഒരു ലക്ഷം കവിഞ്ഞിരിക്കുന്നു. മലയാളത്തിലും ഭാഷയുടെ അര്‍ഥം പ്രയോഗവും മാറിക്കൊണ്ടിരിക്കുന്നു. അടിപൊളി, തകര്‍ത്തു, പൊളിച്ചു എന്നതെല്ലാം പുതിയ അര്‍ഥത്തിലാണ് ഉപയോഗിക്കുന്നത് എന്ന് 3 പുസ്തകങ്ങളുടെ രചയിതാവ് കൂടിയായ മമ്മൂട്ടി പറഞ്ഞു.
സിനിമാ നടനാവണമെന്ന തീരുമാനം ഒരു സിനിമ കണ്ട ദിവസം തന്നെ താന്‍ തീരുമാനിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ തന്റെ സിനിമയാത്ര ആരംഭിച്ച മഹാരാജാസിനെ കുറിച്ചുള്ള ഓര്‍മ്മകളും അദ്ദേഹം പങ്കുവെച്ചു. കലാകാരന്മാര്‍ക്ക് വളരാന്‍ പറ്റിയ അന്തരീക്ഷമായിരുന്നു മഹാരാജാസില്‍. എം ലീലാവതി , എം കെ സാനു , എ അച്യുതന്‍ തുടങ്ങിയ പ്രഗത്ഭര്‍ പഠിപ്പിച്ചിട്ടും താന്‍ ഇത്രയേ നന്നായുള്ളു എന്നതാണ് അദ്ഭുതമെന്നു മഹാരാജാസ് കാലഘട്ടത്തെക്കുറിച്ച് ഗൃഹാതുരയോടെ ഓര്‍ത്തു മമ്മൂട്ടി പറഞ്ഞു.
ഒരുപാട് ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ നടത്തുന്ന അദ്ദേഹം സല്‍കര്‍മങ്ങള്‍ മറ്റുള്ളവര്‍ അറിയണമെന്നില്ല ദൈവം മാത്രം അറിഞ്ഞാല്‍ മതിയെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ചെയ്തത് കൊട്ടിഘോഷിക്കുമ്പോള്‍ ജാള്യം തോന്നുകയാണ് ചെയ്യാറെന്നും അഭിപ്രായപ്പെട്ടു. താന്‍ അത്ര വലിയ മഹാനൊന്നുമല്ല. ഒരു പാടു കുഴപ്പങ്ങളുള്ള ആളാണ്.
വായന പുസ്തകങ്ങളിലും അക്ഷരങ്ങളിലും ഒതുക്കരുത്. ജീവിതങ്ങളെയും പ്രകൃതിയെയും വായിക്കാനാകണം. കാണാവുന്നതും കേള്‍ക്കാവുന്നതുമായ വേദനയും പ്രയാസങ്ങളൂം വായിച്ചെടുക്കാനാകണം. സസ്യങ്ങളുടെയും ജീവജാലങ്ങളുടെയും വേദന നാം അറിയാതെ പോകരുത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments