വില്യം ഷേക്സ്പിയറിന്റെ മാക്‌ബത്ത് എന്ന നാടകത്തെ ആസ്പദമാക്കി ജയരാജ് സംവിധാനം ചെയ്യുന്ന വീരത്തിന്റെ കേരള പ്രീമിയർ ഇരുപത്തൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പ്രദര്‍ശിപ്പിക്കും. മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുക. ചിത്രത്തിന്റെ ഇന്ത്യൻ പ്രീമിയർ ഡൽഹിയിലെ ബ്രിക്‌സ് ചലച്ചിത്ര മേളയിൽ പ്രദര്‍ശിപ്പിച്ചിരുന്നു. നവരസങ്ങളെ അടിസ്ഥാനമാക്കി ജയരാജ് ഒരുക്കുന്ന അഞ്ചാമത്തെ ചിത്രമാണ് വീരം. വടക്കൻ മലബാറിന്റെ പുരാവൃത്തചരിത്രമായ വടക്കൻ പാട്ടിന്റെ പശ്ചാത്തലത്തിലാണ് ജയരാജ് മാക്ബത്തിന്റെ ദുരന്തകഥയെ വീരത്തിലൂടെ അവതരിപ്പിക്കുന്നത്.
ഉണ്ണിയാർച്ചയോടുള്ള പ്രണയം നിമിത്തം ആരോമൽ ചേകവരോട് ചതി ചെയ്യേണ്ടി വരുന്ന ചന്തു ചേകവരെയാണ് ജയരാജ് മാൿബെത്തിൽ കണ്ടെത്തുന്നത്. തികച്ചും വ്യത്യസ്തമായ രണ്ടു ദേശങ്ങളിൽ , കാലങ്ങളിൽ രചിക്കപ്പെട്ട ഈ രചനകളിലെ സാമ്യം കൗതുകകരമാണ്. ലേഡി മാക്ബത്തിനോടുള്ള അന്ധമായ വിശ്വാസം മൂലമാണ് മാക്ബത്തിന് തന്റെ രാജാവായ ഡങ്കനെ ചതിയിലൂടെ കൊലപ്പെടുത്തേണ്ടി വരുന്നത്. നിയന്ത്രിക്കാനാവാത്ത അധമാസക്തികകളിൽ എളുപ്പത്തിൽ കീഴ്‌പ്പെട്ടുപോകുന്ന അവസ്ഥ കാലാതീതമായി മനുഷ്യൻ എന്നും,എവിടെയും അഭിമുഖീകരിച്ചിരുന്നുവെന്ന് ഈ നിരീക്ഷണം കാണികളെ ബോധ്യപ്പെടുത്തുന്നു. മുൻപ് ഷേക്സ്പിയറിന്റെ തന്നെ ഒഥല്ലോയുടെ മലയാളാവിഷ്കാരമായിരുന്നു ജയരാജ് സംവിധാനം ചെയ്ത കളിയാട്ടം. തെയ്യത്തിന്റെ മിത്തിക്കൽ പശ്ചാത്തലത്തിലാണ് ഒഥല്ലോയെ സംവിധായകൻ അവതരിപ്പിച്ചത്.
ആഗ്രയിലും ഔറങ്കബാദിലും വെച്ചായിരുന്നു വീരത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. ഹിന്ദി നടൻ കുനാൽ കപൂർ ചന്തു ചേകവരെ അവതരിപ്പിക്കുന്നു. ശിവജിത് നമ്പ്യാർ ആരോമൽ ചേകവരായും , ഹിമർഷാ വെങ്കട് സ്വാമി ഉണ്ണിയാർച്ചയായും സ്‌ക്രീനിലെത്തും. പ്രധാനമായും ഓഡീഷെനിലൂടെ കണ്ടെത്തിയ പുതുമുഖങ്ങളാണ് മറ്റ് വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ചെന്നൈയിലും മുംബൈയിലുമായി അയ്യായിരത്തോളം പേർ ഓഡീഷെനിൽ പങ്കെടുത്തിരുന്നു. ചന്ദ്രകല ആർട്സിന്റെ ബാനറിൽ ചന്ദ്രമോഹൻ ഡി പിള്ള നിർമിക്കുന്ന ചിത്രത്തിന്റെ നിർമാണ ചിലവ് 35 കോടിയാണ്. എസ് കുമാർ ഛായാഗ്രഹണവും, അപ്പു ഭട്ടതിരി എഡിറ്റിങ്ങും നിർവഹിക്കുന്നു .
Post Your Comments