General

മനസ്സില്‍ നിന്നും മായാത്ത അതുല്യ പ്രതിഭയുടെ പതിമൂന്നാം ഓര്‍മ്മ വര്‍ഷം

തനത് ശൈലിയിലെ വില്ലന്‍ ഭാവങ്ങളില്‍ നിന്നും വേറിട്ട തരത്തില്‍ വില്ലനിസം മലയാള സിനിമയില്‍ പകര്‍ന്നാടിയ നടനായിരുന്നു നരേന്ദ്രപ്രസാദ്‌. മാറ്റത്തിന്റെ വഴിയിലൂടെ മലയാള സിനിമ നീങ്ങുമ്പോഴും പ്രതിനായക സങ്കല്‍പ്പങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ്വ് പകര്‍ന്ന നടനായിരുന്നു അദ്ദേഹം. മലയാളികളുടെ മനസ്സില്‍ നിന്നും ഒരിക്കലും മായാത്ത ഈഅതുല്യ പ്രതിഭ മറഞ്ഞിട്ട് ഇന്ന് പതിമൂന്ന് വര്‍ഷം തികയുകയാണ്.

നാടകത്തിലൂടെയായിരുന്നു നരേന്ദ്രപ്രസാദിന്റെ കലാജീവിതം ആരംഭിച്ചത്. കേരളത്തിലെ നാടകചരിത്രത്തിലെ നാഴികല്ലായ ‘നാട്യഗ്രഹം’ രൂപപ്പെടുത്തിയത് നരേന്ദ്ര പ്രസാദായിരുന്നു. അറുപതുകളുടെ തുടക്കം മുതല്‍ നാടകരംഗത്ത് സജീവമായിരുന്ന നരേന്ദ്രപ്രസാദ് വളരെ വൈകിയാണ് മലയാള സിനിമാലോകത്തേക്ക് ചുവടുറപ്പിക്കുന്നത്.
തൊണ്ണൂറുകളുടെ തുടക്കം മുതല്‍ മലയാള സിനിമയില്‍ സജീവ സാന്നിദ്ധ്യമായിരുന്ന നരേന്ദ്രപ്രസാദ്‌ ചെറുതും,വലുതുമായ നിരവധി വേഷങ്ങളാണ് വെള്ളിത്തിരയില്‍ പകര്‍ന്നാടിയത്. ‘മേലെപറമ്പില്‍ ആണ്‍വീട്’, ‘ആറാം തമ്പുരാന്‍’, ‘ഏകലവ്യന്‍’, ‘തലസ്ഥാനം’, ‘ഭീഷ്മാചര്യ’ തുടങ്ങിയ നിരവധി സിനിമകളില്‍ അദ്ദേഹത്തിന്റെ കരുത്തുറ്റ അഭിനയം പ്രേക്ഷകര്‍ കണ്ടറിഞ്ഞതാണ്. ‘ആറാം തമ്പുരാനി’ലെ കൊളപ്പുള്ളി അപ്പന്‍ തമ്പുരാന്‍റെ ഭാവചേഷ്ടകള്‍ ഓരോ പ്രേക്ഷകനും അത്ഭുതമാര്‍ന്ന വിധമാണ് നോക്കിയിരുന്നത്. പ്രതിനായകനില്‍ കത്തി നിന്ന വേറിട്ട അഭിനയ മികവിന്റെ പ്രകടനം നരേന്ദ്രപ്രസാദ് എന്ന പ്രതിഭയുള്ള നടനില്‍ അസാധ്യമായി നിലകൊണ്ടു. ‘മേലെപറമ്പില്‍ ആണ്‍വീട്’ പോലെയുള്ള നര്‍മ സിനിമകളിലും സ്വഭാവിക രീതിയിലുള്ള അഭിനയം നിറയ്ക്കാന്‍ നരേന്ദ്രപ്രസാദിലെ നടന് അനായാസം കഴിഞ്ഞിട്ടുണ്ട്.

പ്രതിനായകന്മാര്‍ മലയാള സിനിമയില്‍ അനേകം വന്നുപോരുമ്പോഴും നരേന്ദ്രപ്രസാദിന് മലയാള സിനിമയില്‍ അവസരം നഷ്ടപ്പെടാതിരുന്നതിന്റെ കാരണം തന്നെ അദ്ദേഹത്തിന് പകരംവയ്ക്കാന്‍ മറ്റൊരു നടനില്ല എന്നതാണ്.
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായിട്ടായിരുന്നു നരേന്ദ്രപ്രസാദിന്റെ സിനിമാജീവിതം തുടങ്ങിയത്. ഭരതന്‍റെ വൈശാലിയില്‍ ‘ലോമപാദ’ രാജാവിന് ശബ്ദം നല്‍കികൊണ്ടായിരുന്നു നരേന്ദ്രപ്രസാദിന്റെ സിനിമ കരിയര്‍ ആരംഭിച്ചത്. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്. സിനിമ എന്നതിനപ്പുറം സാഹിത്യകാരന്‍ എന്ന നിലയിലും പ്രശസ്തനായ അദ്ദേഹം കോളേജ് അദ്ധ്യാപകനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പ്, മലയാള നാട് വാരിക എന്നീ വാരികകളിൽ പുതിയ സാഹിത്യത്തെ വിലയിരുത്തിക്കൊണ്ട് നരേന്ദ്രപ്രസാദ് ലേഖനങ്ങൾ എഴുതാറുണ്ടായിരുന്നു. മലയാള സിനിമ ലോകത്തിനെന്ന പോലെ സാഹിത്യ ലോകത്തിനും ഒരുപിടി നല്ലസംഭാവനകള്‍ ചേര്‍ത്തുവച്ചിട്ടാണ് നരേന്ദ്രപ്രസാദ് ഓര്‍മ്മകളുടെ ലോകത്തേക്ക് വിടപറഞ്ഞത്. കാലമെത്ര നീങ്ങിയാലും മനസ്സിന്‍റെയുള്ളില്‍ നിന്ന് അടര്‍ന്നു പോകില്ല ഈ അതുല്യ കലാകരന്‍, അതിന് അനുവദിക്കില്ല,അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ ഒരിക്കല്‍ക്കൂടി പ്രണാമം.

shortlink

Related Articles

Post Your Comments


Back to top button