ഡിസംബർ ഒൻപതിന് ആരംഭിക്കുന്ന കേരള രാജ്യന്തര ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്ന മാൻഹോൾ എന്ന സിനിമയ്ക്ക് ഒരു പ്രേത്യേകതയുണ്ട്. ഇരുപത്തൊന്നാമത്തെ വർഷത്തിലേക്കു കടക്കുന്ന മേളയുടെ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ വനിതാ സംവിധായികയ സംരംഭമാണ് മാൻഹോൾ. പത്രപ്രവർത്തകയും,ഡോക്യുമെന്ററി സിനിമ നിർമാതാവുമായ വിധു വിൻസെന്റ് സംവിധാനം ചെയ്ത സിനിമ ,ശക്തമായ ചില രാഷ്ട്രീയ,സാമൂഹിക യാഥാർഥ്യങ്ങളെ പങ്കുവയ്ക്കുന്നു.
കൊല്ലം നഗരത്തിലെ ചേരിപ്രദേശങ്ങളിൽ ഇന്നും തുടരുന്ന തോട്ടിപ്പണിയെപ്പറ്റിയും,ആ തൊഴിലെടുക്കുന്നവരുടെ അരികുവൽക്കരിക്കപ്പെടുന്ന ജീവിതത്തെപ്പറ്റിയും സംസാരിക്കുന്ന സിനിമ.പൊതുസമൂഹത്തിൽ നിന്നും, രാഷ്ട്രീയ നേതൃത്വങ്ങളിൽ നിന്നും ഇവർ നേരിടേണ്ടി വരുന്ന അവഗണനകളെ വെളിച്ചത്തു കൊണ്ടുവരുന്നു .ഇതേ വിഷയത്തെ ആസ്പദമാക്കി രണ്ടു വർഷങ്ങൾക്ക് മുൻപ് വിധു വിൻസെന്റ് സംവിധാനം ചെയ്ത’ വൃത്തിയുടെ ജാതി’ എന്ന ഇരുപത് മിനുട്ട് ഡോക്യൂമെന്ററിയുടെ തുടർച്ചയാണ് മാൻഹോൾ .തോട്ടിപ്പണികൾക്കുവേണ്ടി 1920 കളുടെ തുടക്കത്തിൽ ആന്ധ്രയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും കൊല്ലത്തേയ്ക് കുടിയേറിപ്പാർത്ത അരുന്ധതിയാർ വിഭാഗത്തിന്റെ ,തലമുറകളുടെ ചരിത്രവും,ജീവിതവുമായിരുന്നു ഡോക്യൂമെന്ററിയുടെ വിഷയമെങ്കിൽ , മാൻഹോൾ ഇതേ വിഷയത്തിന്റെ കുറെക്കുടി വ്യക്തമായ ചിത്രം കാട്ടിത്തരുന്നു. അരുന്ധതിയാർ വിഭാഗത്തിൽപ്പെട്ട രവികുമാർ എന്ന ഓട്ടോ ഡ്രൈവറും, തൻ്റെ കുലത്തൊഴിലായ തോട്ടിപ്പണിയോടുള്ള അയാളുടെ സമീപനങ്ങളിലെ രാഷ്ട്രീയവുമാണ് മാന്ഹോൾ എന്ന സിനിമ പ്രമേയമാക്കുന്നത്. തികച്ചും മനുഷ്വത്വ വിരുദ്ധമായ ഈ തൊഴിൽ താനും തന്റെ വരും തലമുറകളും ഇനിയെടുക്കേണ്ടതില്ലെന്നും. പൊതുസമൂഹത്തിന്റെ വെറുപ്പും,അകൽച്ചയും മാത്രം സമ്പാദിക്കാനാവുന്ന ഈ തൊഴിൽ തലമുറകളായി രോഗവും ദുരിതങ്ങളും മാത്രമാണ് തന്നിട്ടുള്ളതെന്നും രവികുമാറിന്റെ ജീവിതത്തെ ഉപജീവിച്ചുകൊണ്ട് സിനിമ വ്യക്തമാക്കുന്നു.
ചലച്ചിത്ര ഭാഷയെ സർഗാത്മകവും,രാഷ്ട്രീയവുമായ ഇടപെടലിന്റെ മാധ്യമമാക്കുന്ന സിനിമാ പ്രവർത്തകരുടെ വിഭാഗത്തിൽ കടന്നുവരുന്ന വിധു വിൻസെന്റ്,കേരള രാജ്യന്തര ചലച്ചിത്ര ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലേക്ക് സിനിമ തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതാ സംവിധായികയാണ്.ഉമേഷ് ഓമനക്കുട്ടൻ തിരക്കഥ തയ്യാറാക്കിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നതിന് സജി നായരാണ്.
Post Your Comments