Uncategorized

ദാമോദര്‍ജി വിചാരിച്ചിട്ടും നടക്കാത്ത കാര്യം നടക്കാന്‍ പോകുന്നു, ഗോപാലകൃഷ്ണ പണിക്കരുടെ ആ വീട് ഇനിയുണ്ടാകില്ല

സത്യന്‍അന്ത്കാടിന്റെ സംവിധാനത്തില്‍ 1986-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമാണ് ‘സന്മനസ്സുള്ളവര്‍ക്ക് സമധാനം’. ശ്രീനിവാസന്‍ രചന നിര്‍വഹിച്ച ചിത്രം മികച്ച ബോക്സ്ഓഫീസ് വിജയം നേടിയിരുന്നു. ഗോപാലകൃഷ്ണ പണിക്കര്‍ എന്ന ചെറുപ്പകാരന് മുന്നില്‍ ഒരു വഴിയേ ഉണ്ടായിരുന്നുള്ളൂ സ്വന്തം കുടുംബത്തെ കരകയറ്റാന്‍ വേണ്ടി ടൌണിലുള്ള വീട് വാടകക്കാരില്‍ നിന്ന് ഒഴിപ്പിച്ചെടുക്കുകയായിരുന്നു ഗോപാലകൃഷ്ണന്‍റെ ദൗത്യം. വീട്ടില്‍ നിന്ന് വാടകക്കാരെ ഒഴിപ്പിക്കാന്‍ ഗോപാലകൃഷ്ണന്‍ പരിശ്രമിക്കുന്ന സംഭവങ്ങളൊക്കെ ചിരിയോടെയാണ് പ്രേക്ഷകര്‍ കണ്ടിരുന്നത്.
മൂപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറവും ഗോപാലകൃഷ്ണ പണിക്കരുടെ ഈ വീടിനു യാതൊരു മാറ്റവും വന്നിട്ടില്ല എന്നതാണ് സത്യം. കൊച്ചി പഴയ കൊച്ചിയില്‍ നിന്ന് പുതിയ കൊച്ചിയായി മാറുമ്പോഴും ഗോപാലകൃഷ്ണ പണിക്കരുടെ വീട് മാത്രം പഴമയുടെ ചാരുതയില്‍ ഇന്നും തിളങ്ങി നില്‍ക്കുന്നുണ്ട്. എന്നാല്‍ ഈ വീടിന് ഇനി ആധികനാള്‍ ആയുസ്സില്ല. നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള ഈ ചാക്യാത്ത് വീട് കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ ഓര്‍മയായി തീരും. ഈ വീടിന്റെ സ്ഥാനത്ത് വലിയൊരു ഫ്‌ളാറ്റ് സമുച്ചയം ഉയരാന്‍ പോവുകയാണ്. സിനിമയുടെ ചിത്രീകരണ സമയത്തെ ഓരോ സംഭവങ്ങളും വീടിന്‍റെ യഥാര്‍ത്ഥ ഉടമസ്ഥരായ രാധ എസ് മേനോനും മകള്‍ ഗീതയും ഇന്നും ഓര്‍ക്കുന്നുണ്ട്. തിലകന്‍ അവതരിപ്പിച്ച ദാമോദര്‍ജി എന്ന ‘അധോലോക തലവന്‍’ പെട്ടിയെടുത്ത് ഓടിരക്ഷപ്പെടുന്ന രംഗമൊക്കെ രാധ മേനോന്‍റെ മനസ്സില്‍ ഇന്നും പതിഞ്ഞു കിടപ്പുണ്ട്. രാധ മേനോന്റെ മകള്‍ ഗീതയുടെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നത് ചിത്രത്തിലെ മറ്റൊരു രംഗമാണ്. ശ്രീനിവാസന്റെ സബ് ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രന്‍ എന്ന കാഥാപാത്രം വീടൊഴിപ്പിക്കാന്‍ എത്തുന്നതും കെ.പി.എസ്.സി ലളിതയുടെ കഥാപാത്രത്തെ വിരട്ടുന്നതുമായ രംഗം.
ഈ വീടിനെക്കുറിച്ചു രചയിതാവ് ശ്രീനിവാസനും ഏറെ പറയാനുണ്ട്. സിനിമയില്‍ ചിത്രീകരിച്ച ഈവീട് രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ കണ്ടിരുന്നു, ചിത്രത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ വീട് ഒഴിപ്പിക്കാന്‍ ജീപ്പില്‍ നിന്ന് ചാടിയിറങ്ങുന്ന രംഗമാണ് ഓര്‍മ്മ വരുന്നതെന്നും ശ്രീനിവാസന്‍ പറയുന്നു. ശരിക്കും ജീപ്പില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തെന്നി പോയതാണ് പക്ഷേ കട്ട് പറയാതെ ഷൂട്ടിംഗ് തുടര്‍ന്നപ്പോള്‍ അത് ചിത്രത്തിലെ മനോഹരമായ രംഗമായി മാറിയെന്നും മോഹന്‍ലാലിന് അതുകണ്ട് ചിരിയടക്കാന്‍ കഴിഞ്ഞില്ലായെന്നും ശ്രീനിവാസന്‍ പറയുന്നു. സിനിമ പോലെ തന്നെ ചിത്രത്തില്‍ ചിത്രീകരിച്ച വീടും പ്രേക്ഷകരില്‍ ഇടം നേടിയിരുന്നു. മലയാളി പ്രേക്ഷക മനസ്സില്‍ ഐശ്വര്യത്തോടെ നിറഞ്ഞു നിന്ന ഈ വീട് വരും ദിവസങ്ങളില്‍ പൊളിച്ചുമാറ്റപ്പെടും പകരം അവിടെ വലിയൊരു ഫ്ലാറ്റ് തലപൊക്കും.

shortlink

Related Articles

Post Your Comments


Back to top button