Interviews

കുറച്ച് കലിപ്പും പഞ്ചാരയുമുള്ള രസികനായ ക്യാംപസ് കഥാപാത്രം: ഒരു പ്രത്യേക തരം ത്രില്ലറുമായി ബന്ധപ്പെട്ട് ദീപക് വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു

രശ്മി രാധാകൃഷ്ണന്‍

വിനീത് ശ്രീനിവാസന്‍റെ മലര്‍വാടി എന്ന സൌഹൃദക്കൂട്ടായ്മയില്‍ മലയാള സിനിമയ്ക്ക് ലഭിച്ചത് നിവിന്‍ പോളിയുള്‍പ്പെടെയുള്ള പത്തോളം പുതുമുഖങ്ങളെയാണ്.അവരില്‍ ശ്രദ്ധേയനായ ഒരാളാണ് ദീപക് പറമ്പോല്‍.കുഞ്ഞിരാമായണത്തില്‍ കോമഡിറോളിലും തിരയില്‍ അല്‍പ്പം വില്ലന്‍ പരിവേഷത്തിലും അഭിനയിച്ച ദീപക് ജോണ്‍ പോള്‍ വാതില്‍ തുറക്കുന്നു എന്ന ചിത്രത്തില്‍ നായകനുമായി.നവംബര്‍ പതിനൊന്നാം തീയതി റിലീസ് ചെയ്യുന്ന സജിത്ത് ജഗദ്‌ നന്ദന്‍റെ ഒരേ മുഖം എന്ന ചിത്രത്തില്‍ വളരെ വ്യത്യസ്തമായ ഒരു വേഷമാണ് ദീപക് ചെയ്യുന്നത്.ആ ചിത്രത്തിന്‍റെ വിശേഷങ്ങളിലേയ്ക്ക്….

ഒരേ മുഖം

രണ്ട് കാലഘട്ടങ്ങളുടെ കഥ പറയുന്ന സിനിമയാണ് ഒരേ മുഖം.ത്രില്ലര്‍ സ്വഭാവമുള്ള ഒരു കഥ.എണ്‍പതുകളിലേ കാമ്പസ് ജീവിതവും അതിന്‍റെ തുടര്‍ച്ചയായുള്ള ചില സംഭവവികാസങ്ങളുമാണ് പ്രമേയം.എന്റെ കഥാപാത്രത്തിന്റെ പേര് പ്രകാശ്‌ എന്നാണ്.ധ്യാന്‍,അജു ഇവരൊക്കെ അടങ്ങുന്ന കാമ്പസ് ടീമിന്‍റെ ഭാഗമാണ്.കുറച്ച് കലിപ്പും പഞ്ചാരയും ഒക്കെയുള്ള രസമുള്ള ഒരു കഥാപാത്രം.കരിയറില്‍ ഇതുവരെ ചെയ്യാത്ത ഒന്നാണ്.അതിന്‍റെ പ്രതീക്ഷയിലാണ്.

സിനിമകള്‍ സൗഹൃദത്തിന്‍റെ തുടര്‍ച്ചകള്‍

ഏറ്റെടുത്ത സിനിമകള്‍ കൂടുതലും സൗഹൃദം പ്രമേയമായത് തന്നെയാണ്.കൂടെ അഭിനയിച്ചതും കൂട്ടുകാരുടെ കോമ്പിനേഷന്‍ തന്നെയാണ് കൂടുതലും.ജോണ്‍ പോള്‍ വാതില്‍ തുറക്കുന്നു,,വേട്ട തുടങ്ങിയവ ഒഴികെ.അറിയാവുന്ന ആളുകള്‍ ആകുമ്പോള്‍ സ്പീഡ് ഉണ്ടാവും കാര്യങ്ങള്‍ക്ക്.നമുക്ക് നന്നായി ഇന്പുട്ട് കൊടുക്കാം.സജെഷന്‍സ് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടാവും.അല്ലെങ്കില്‍ ചിലപ്പോള്‍ പറയാന്‍ മടിച്ച് നില്‍ക്കും.അതിന്‍റെ ടെന്‍ഷന്‍ ഉണ്ടാവും.ചിലര്‍ സജെഷന്‍സ് ആക്സെപ്റ്റ് ചെയ്യില്ല.തിര കഴിഞ്ഞ് പ്ലാന്‍ ചെയ്തിരുന്ന പടമായിരുന്നു ഒരേ മുഖം.അതിനിടയ്ക്ക് ധ്യാന്‍ കുഞ്ഞിരാമയണം ചെയ്തു.അങ്ങനെയാണ് കുറച്ചു ഡിലെ വന്നത്.

Oremukham01

നടനെന്ന നിലയില്‍ സ്വയം വിലയിരുത്തുന്നത്

അത്രയ്ക്കൊന്നും ആയിട്ടില്ല.ഇതാണ് കൂടുതല്‍ ചേരുന്നത് എന്ന തരത്തിലുള്ള വിലയിരുത്തലിനുള്ള സമയമായിട്ടില്ല.സംവിധായകനെ ഡിപ്പെന്റ്റ് ചെയ്യുന്ന ഒരു നടന്‍ തന്നെയാണ് ഞാന്‍ ഇപ്പോഴും.കുഞ്ഞിരാമായണത്തില്‍ ബേസിലും തിരയില്‍ വിനീതേട്ടനും പറഞ്ഞതനുസരിച്ചാണ് ബീഹേവ് ചെയ്തത്..ഓരോ റോളും എക്സ്പീരിയന്‍സ് ചെയ്യുക എന്നതാണ് ഇപ്പോള്‍.തിരയില്‍ സീരിയസ് ആയിരുന്നു.കുഞ്ഞിരാമായണത്തില്‍ ഹ്യൂമര്‍.ചെയ്തു നോക്കുമ്പോള്‍ മാത്രമേ മനസ്സിലാകുകയുള്ളൂ.അവസാനം എപ്പോഴെങ്കിലും തീരുമാനിയ്ക്കാനുള്ള ഒരു സമയം വരുമായിരിയ്ക്കും.ഏതാണ് നമ്മുടെ വഴിയെന്ന്!

കലാപശ്ചാത്തലം

കാര്യമായിട്ടൊന്നുമില്ല.പക്ഷെ സിനിമ വെറുതെ വന്നതല്ല.ഒരുപാട് ആഗ്രഹിച്ച് നടന്ന കാലമുണ്ടായിരുന്നു.സംവിധായകരുടെ അടുത്ത് ചാന്‍സ് ചോദിച്ച് പോകും.അങ്ങനെയിരുന്നപ്പോഴാണ് മലര്‍വാടിയുടെ ഒഡീഷന്‍ ന്യൂസ് പത്രത്തില്‍ കാണുന്നത്.അങ്ങനെ അതില്‍ ഒരു ചെറിയ വേഷം. മലര്‍വാടിയ്ക്ക് ശേഷവും അത് വച്ചിട്ട് സംവ്ധയകരെ കാണാന്‍ പോകുമായിരുന്നു.
പത്താം ക്ലാസ്സില്‍ വച്ചാണ് ആദ്യമായി സ്റെജില്‍ കയറിയത്.അഭിനയിയ്ക്കാന്‍ ആഗ്രഹിച്ചിട്ട് ഒന്നുമല്ല.ആ സ്കൂളിലെ അവസാന വര്‍ഷമായിരുന്നു.അവിടുന്ന് പോകുന്നേന് മുന്‍പ് പര് തവണയെങ്കിലും സ്റെജില്‍ കയറണം എന്നോര്‍ത്ത് ഞങ്ങള്‍ ഫ്രണ്ട്സ് തട്ടിക്കൂട്ടിയ ഒരു നാടകം!പിന്നീട് കോളേജില്‍ എത്തിയപ്പോഴും എന്തും ചെയ്യും എന്ന കോളേജ് സ്പിരിറ്റിന്റെ ഭാഗമായിട്ട് പരിപാടികള്‍ക്ക് കേറിയിട്ടുണ്ട്.അതല്ലാതെ അഭിനയം എന്ന സീരിയസ് നെസ്സോടെ പഠനകാലത്ത്‌ കയറിയിട്ടില്ല.

OREMUKHAM002

വിനീത് സ്കൂള്‍ ഓഫ് ഫ്രണ്ട്ഷിപ്പ്

എനിയ്ക്ക് സൗഹൃദത്തെക്കാള്‍ ഒരു ചേട്ടനോടുള്ള സ്നേഹമാണ് വിനീതേട്ടനോട്‌..അജുവൊക്കെ ഒരുമിച്ച് പഠിച്ചതാണ്.പക്ഷെ ഞാന്‍ മലര്‍വാടിയില്‍ വച്ചാണ് പരിചയമാകുന്നത്.അതില്‍ ഒരു ചെറിയ വേഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ.പക്ഷെ പിന്നീട് നല്ല അടുപ്പമായി.

മലയാള സിനിമയിലെ മാറ്റങ്ങള്‍

ഞങ്ങളെപ്പോലെയുള്ളവര്‍ക്ക് നല്ല പ്രതീക്ഷയുണ്ട്.ഒരു കാലഘട്ടത്തില്‍ പുതിയ ആളുകളുടെ സിനിമ തിയേറ്ററില്‍ പോയി കാണാന്‍ ആളുകള്‍ക്ക് മടിയായിരുന്നു.പിന്നെപ്പിന്നെ സിനിമ നല്ലതാണെങ്കില്‍ എല്ലാത്തരം സിനിമയും ആളുകള്‍ തിയേറ്ററില്‍ പോയി കാണും.ഇപ്പോള്‍ നോക്കൂ ആനന്ദം ഒക്കെ എല്ലാം പുതുമുഖങ്ങളാണ്.പക്ഷെ പടം ഓടുന്നുണ്ട് നന്നായിട്ട്.ആ മാറ്റം പ്രതീക്ഷ നല്‍കുന്നുണ്ട്.

പുതിയ പ്രോജക്റ്റ്

ബിജു മേനോന്‍ നായകനായ രക്ഷാധികാരി ബൈജു വരുന്നുണ്ട്.ഷൂട്ടിംഗ് പുരോഗമിയ്ക്കുന്നു.

കുടുംബം

കണ്ണൂര്‍ അഴീക്കോട്‌ ആണ് വീട്.വീട്ടില്‍ അച്ഛന്‍,അമ്മ,അനിയന്‍,അച്ഛമ്മ എന്നിവരുണ്ട്.

ഒരേ മുഖത്തിന്‍റെ പുതുമകള്‍

കോളേജ് ഫ്ലാഷ്ബാക്ക് പശ്ചാത്തലമാക്കിയ ത്രില്ലറുകള്‍ മുന്‍പും മലയാള സിനിമയില്‍ വന്നിട്ടുണ്ട്.മുന്‍പ് വന്നവയില്‍ നിന്നും വ്യത്യസ്തമാണ് ഒരേ മുഖം. ഹ്യൂമര്‍ ബേസ്ഡ് അല്ല.എന്നാല്‍ ഹ്യൂമര്‍ ഉണ്ട് താനും.ക്ലീഷേ ആയിട്ട് എണ്‍പതുകള്‍ അവതരിപ്പിയ്ക്കുകയല്ല.ലൈവ് ആയിട്ട് തന്നെ പ്രെസന്റും ഉണ്ട്.നല്ല പാട്ടുകള്‍ ഉണ്ട്. ക്യാമ്പസ് ഫ്രണ്ട്ഷിപ്പ് അവതരിപ്പിയ്ക്കുന്ന വിനീതേട്ടന്‍ പാടിയിരിയ്ക്കുന്ന പാട്ട് ശ്രദ്ധേയമാണ്.എല്ലാവരും ഒരേ മുഖം തിയേറ്ററില്‍ പോയിത്തന്നെ കണ്ട് പ്രോത്സാഹിപ്പിയ്ക്കുക.

shortlink

Related Articles

Post Your Comments


Back to top button