General

‘സ്‌ക്കൂളിൽ നിന്നെത്തീട്ടും പിന്നേം ട്യൂഷനാണെങ്കിൽ നമുക്കെന്തിനാ സ്‌ക്കൂൾ’. പ്രശസ്ത തിരക്കഥാകൃത്ത് രഘുനാഥ് പലേരി എഴുതിയ രസകരമായ കുറിപ്പ് വായിക്കാം

ഇന്നത്തെ കുട്ടികള്‍ സ്കൂള്‍ പഠനം കഴിഞ്ഞാല്‍ നേരെചാടുന്നത് ട്യൂഷന്‍ സെന്‍ററിലേക്കാണ്. പണ്ട് കാലങ്ങളില്‍ സ്കൂളില്‍ നിന്ന് തന്നെയായിരുന്നു എല്ലാ അറിവും ലഭിച്ചിരുന്നത്. സ്കൂള്‍ നേരം കഴിഞ്ഞു ട്യൂഷന് പോയി അറിവ് സമ്പാദിക്കുന്ന രീതി പഴയകാലങ്ങളില്‍ വിരളമായിരുന്നു. ഇന്ന് എല്ലാ കുട്ടികളും ട്യൂഷനിലേക്ക് വഴി മാറിയിരിക്കുകയാണ്. ശരിക്കും ട്യൂഷനില്ലാതെ പഠനം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇന്നത്തെ കുട്ടികള്‍. പഠനത്തിന് വേണ്ട കൃത്യമായ അറിവുകള്‍ അവര്‍ക്ക് ലഭിക്കുന്നത് ട്യൂഷന്‍ സെന്‍ററുകളില്‍ നിന്നായിരിക്കാം. അതുകൊണ്ടാകാം കുട്ടികള്‍ സ്കൂള്‍ വിട്ടു കഴിഞ്ഞു ട്യൂഷന്‍ സെന്‍ററിലേക്ക് പരക്കം പായുന്നത്. അപ്പോള്‍ പിന്നെ കുട്ടികള്‍ക്ക് സ്കൂള്‍ എന്തിനാണ്?
ഇതിനെക്കുറിച്ച്‌ രസകരമായ ഒരു അനുഭവം തന്‍റെ ഫേസ്ബുക്കിലൂടെ പങ്കിടുകയാണ് മലയാളത്തിലെ പ്രശസ്ത തിരക്കഥാകൃത്ത് രഘുനാഥ് പലേരി

രഘുനാഥ് പലേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

ഉച്ച കഴിഞ്ഞ നേരം. നല്ല വിശപ്പോടെ വീട്ടിലേക്ക് വരുന്ന നേരം. ലിഫ്റ്റിൽ നാല് സ്‌ക്കൂൾ കുട്ടികൾ. എല്ലാവരിലും വിശപ്പിന്റെ തളർച്ച. കെട്ടിയ വേഷത്തിന്റേം തൂക്കുന്ന സഞ്ചികളുടേം കയ്യിൽ ചുരുട്ടി പിടിച്ച ചാർട്ടുകളുടേം മറ്റു കോലാഹലങ്ങളുടേം ഭാരം വേറെ. എന്നിട്ടും കുട്ടികൾ തേജസ്സോടെ പുഞ്ചിരിച്ചു. ലിഫ്റ്റ് പറന്നുയരുന്ന നിലകളുടെ തെളിയുന്ന എണ്ണവും നോക്കി നിന്നു. പേരുകൾ പറഞ്ഞു. ക്ലാസുകൾ പറഞ്ഞു.
ഞാൻ ചോദിച്ചു.
“വീട്ടിലെത്തുന്ന സന്തോഷാവും അല്ലേ.?”
“ഏയ്..”
“പിന്നെ..?”
വീണ്ടും അതേ പുഞ്ചിരി.
“വീട്ടിലെത്ത്യാ പഠിക്ക്യോ.. കളിക്ക്യോ..?”
എല്ലാവർക്കും ഒരേ ചത്ത ഉത്തരം.
” ട്യൂഷൻണ്ട്..”
അയ്യോ..ന്ന് ഞാൻ.
“എത്രവരെയാ ട്യൂഷൻ..?”
“ആറ് വരെ..”
ലിഫ്റ്റ് തുറന്നു.
കുട്ടികൾ വീടുകളിൽ മറഞ്ഞു.
……………………………………
സ്‌ക്കൂളിൽ നിന്നെത്തീട്ടും പിന്നേം ട്യൂഷനാണെങ്കിൽ നമുക്കെന്തിനാ സ്‌ക്കൂൾ. അവിടുന്നൊന്നും പഠിപ്പിക്കില്ലേ. കുട്ടികൾ ചന്തത്തോടെ വേഷംകെട്ടി പേടിച്ചും അന്തിച്ചും വെറുതെ പോവ്വാണോ. എന്നാ പിന്നെ പഠിപ്പിക്കുന്ന ട്യൂഷൻ സെന്റർ പോരേ. എല്ലാ സ്‌ക്കൂളും വീടില്ലാത്തവർക്ക് ഒഴിഞ്ഞു കൊടുത്തൂടേ.
എനിക്ക് പാഠം ചൊല്ലിത്തന്നിരുന്ന മാഷോ ടീച്ചറോ ട്യൂഷൻ സമ്മതിച്ചിരുന്നില്ല. ഗൈഡ് പുസ്തകവും പാടില്ല. ഞാൻ മടിയനായിരുന്നു എന്നത് എനിക്ക് മാത്രം അറിയുന്ന സത്യം.

shortlink

Related Articles

Post Your Comments


Back to top button