ഭരതന്‍-ലോഹിതദാസ്- മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ‘അമരം’. ഭരതന്റെ മികച്ച സംവിധാനവും ലോഹിതദാസിന്‍റെ പച്ചയായ എഴുത്തും മമ്മൂട്ടിയുടെ ഉജ്വലമായ അഭിനയപ്രകടനവും കൊണ്ട് പ്രേക്ഷകര്‍ക്കുള്ളില്‍ കുടിയിരുന്ന സിനിമയാണ് 1991-ല്‍ പുറത്തിറങ്ങിയ ‘അമരം’. ചിത്രത്തില്‍ മമ്മൂട്ടി ഊണ് കഴിക്കുന്ന ഒരു രംഗമുണ്ട്. ലോഹി ശരിക്കും ഊണ് കഴിക്കുന്നത് എങ്ങനെയാണോ അത് പോലെയാണ് ഞാന്‍ അത് അവതരിപ്പിച്ചതെന്ന് മമ്മൂട്ടി പറയുന്നു. ശരിക്കും ലോഹിയുടെ ഊണിന്റെ തനിയാവര്‍ത്തനമായിരുന്നു അതെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
ഭരതൻ സംവിധാനം ചെയ്ത അമരത്തിൽ ഞാൻ ഊണു കഴിക്കുന്ന സീനുണ്ട്. ആലപ്പുഴയിലെ ചെത്തി കടപ്പുറത്തായിരുന്നു ഷൂട്ടിങ്. കടപ്പുറത്തെ ഏതോ വീട്ടിൽ നിന്നു കുത്തരിച്ചോറും നല്ല പുളിയിട്ടു വച്ച കടൽ മീൻ കറിയും പേരറിയാത്ത വേറെ ഒരു കറിയും കൊണ്ടുവന്നു. നിലത്തിരുന്ന് അലുമിനിയം ചെരുവത്തിൽ നിന്ന് കൈകൊണ്ടു കുഴച്ച് വാരി വാരി കഴിക്കുന്ന രംഗമാണ്. മൂന്നു ദിവസം കൊണ്ടാണ് സീൻ ഷൂട്ട് ചെയ്തത്. ഈ മൂന്നു ദിവസവും ഞാൻ മുക്തകണ്ഠം ഉണ്ടു. മുക്തകണ്ഠം എന്നാണോ പറയേണ്ടത് എന്നൊന്നും ചോദിക്കരുത്. ആ മീൻകറി ഇപ്പോഴും വായിൽ വെള്ളംവരും മൽസ്യത്തൊഴിലാളികളൊക്കെ എന്തു ടേസ്റ്റി ആയിട്ടാണ് ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നത്.
ആ സീനിൽ വലിയ വലിയ ഉരുളകൾ ഉരുട്ടിയാണ് ഞാൻ ഉണ്ടത്. അത് ലോഹിതദാസിന്റെ ഊണുരീതിയാണ്. കുറെ അധികം ചോറെടുത്ത് കറിയൊക്കെ ചേർത്ത് ഇളക്കി ലോഹി കൈയിലെടുത്ത് ഒന്നു തട്ടും. എന്നിട്ട് രണ്ടു മൂന്നു തവണ കൈവെള്ളയിലിട്ട് ഉരുട്ടിയുരുട്ടി നല്ല ഷേപ്പുള്ള ഉരുളയാക്കും. എന്നിട്ട് ഭം… ഭം.. ഭം.. എന്ന് വായിലേക്ക് ഒരേറാണ്. അങ്ങനെയാണ് ലോഹിയുടെ ഊണ്. അതു തന്നെ ആ സിനിമയിലും ഞാൻ അവതരിപ്പിച്ചു. ലോഹിയുടെ ഊണിന്റെ തനിയാവർത്തനം.
Post Your Comments