അവയവദാനം മഹാ തട്ടിപ്പാണെന്ന ശ്രീനിവാസന്‍റെ പരാമര്‍ശത്തിനു പിന്നാലെ നടന്‍ സലിം കുമാറും അവയവദാനത്തെക്കുറിച്ച് പ്രതികരിക്കുകയാണ്. ശ്രീനിവാസന്‍റെ പരാമര്‍ശത്തിനെതിരെയാണ് സലിം കുമാറിന്‍റെ പ്രതികരണം. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അവയവയദാനത്തെക്കുറിച്ച് സലിം കുമാര്‍ മനസ്സ് തുറന്നത്.
ഞാൻ അവയവദാനത്തെ പ്രോത്സാപ്പിക്കുന്ന ഒരാളാണ്. എന്തുകൊണ്ട് ശ്രീനിയേട്ടൻ അങ്ങനെ പറഞ്ഞുവെന്ന് എനിക്കറിയില്ല. ഒരുപക്ഷേ അദ്ദേഹത്തിനു ലഭിച്ച എന്തെങ്കിലും തെറ്റായ വിവരം സംബന്ധിച്ചാകാം അദ്ദേഹം അങ്ങനെ പറഞ്ഞത്. എന്തുതന്നെ ആയാലും ശ്രീനിയേട്ടനെപ്പോലെയുള്ള ഒരാള്‍ പ്രതികരിക്കാൻ പാടില്ലായിരുന്നു. അദ്ദേഹത്തെപ്പോലുള്ളവരുടെ വാക്കുകൾക്ക് സമൂഹം നല്ല വില കൽപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ശ്രീനിയേട്ടൻ ഇങ്ങനെ പറഞ്ഞതിൽ എനിക്കു വിഷമമുണ്ട്. ശാസ്ത്രം ഇവിടെ ഒരുപാടു വളർന്നു കഴിഞ്ഞു. ട്രാൻസ്പ്ലാന്റ് എന്നത് വളരെ നിസാരമായി മാറിയിട്ടുണ്ട്. ഒരു ചെടിയിൽ നിന്ന് ബഡിങ് ചെയ്ത് മറ്റൊരു ചെടി ഉണ്ടാക്കുന്നതു പോലെയേ ഉള്ളൂ ഇതും. ആ ചെടി പൂക്കുന്നു, കായ്ക്കുന്നു, വർഷങ്ങളോളം വളർന്നു നിൽക്കുന്നുമുണ്ട്. ശരീരത്തിന് ആവശ്യമില്ലാത്തവ അത് തിരസ്കരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും. അവയവദാനം ഒരിക്കലും തട്ടിപ്പല്ല. അവയവങ്ങൾ ദാനം ചെയ്ത ഒരുപാട് ആളുകളുണ്ട്. ഞാനും ഇതിൽ ഒരു ഭാഗഭാക്കാണ്. ഞാനും ഒരു മനുഷ്യന്റെ അവയവംവച്ചു ജീവിക്കുന്ന ഒരാൾ തന്നെയാണ്. ഇത് കോസ്മെറ്റിക് സർജറിപോലെയൊന്നും ചെയ്യുന്ന ഒന്നല്ല. മറ്റ് ഒരു അവസ്ഥയുമില്ലാതെ ആകുമ്പോൾ, അവയവം മാറ്റിവയ്ക്കാതെ ജീവൻ നിലനിർത്താൻ വേറേ മാർഗം കാണാത്തപ്പോൾ മാത്രമാണ് ട്രാൻസ്പ്ലാന്റേഷനെക്കുറിച്ച് ചിന്തിക്കുന്നത്. വിദേശരാജ്യങ്ങളിൽ ഇതൊക്കെ എത്രയോ വർഷം മുൻപു വന്നതാണ്. ഇന്ത്യയിൽ വളരെ കുറച്ചുകാലം മുൻപാണ് മാത്രം. തുടക്കത്തിൽ ഉണ്ടായിരുന്ന നിയമത്തിന്റെ നൂലാമാലകളൊന്നും ഇപ്പോഴില്ല. ഇതിന്റെ ആവശ്യകതയെക്കുറിച്ച് സർക്കാരിനു പോലും ബോധ്യം വന്നിരിക്കുന്നു. ജനങ്ങളോട് എനിക്കു പറയാനുള്ളത് അസുഖങ്ങൾക്ക് ശരിയായ ചികിത്സ തേടുക. ഇത്ര വർഷംകൊണ്ടു രോഗം പൂർണമായും മാറ്റിത്തരാം എന്ന രീതിയിലൊക്കെ പലരും പറയാം. ഇത്തരം തട്ടിപ്പുകളുടെ പിറകേ പോകാതെ ശരിയായ ചികിത്സ തേടുക. ഞാൻതന്നെ ഒരു പതിനായിരത്തോളം മരുന്നുകൾ പരീക്ഷിച്ചിട്ടുണ്ട്. ഹോമിയോ ഒക്കെ. ഇതിലൊന്നും എന്റെ അസുഖം മാറിയില്ല. അലോപ്പതി ചികിത്സ കൊണ്ടാണ് രോഗം മാറിയത്. രോഗം വഷളാക്കുക എന്നല്ലാതെ ഒരു ശതമാനം പോലും ഭേദപ്പെടുത്താൻ കഴിഞ്ഞില്ല. ഇപ്പോൾ എല്ലാ രോഗങ്ങളും ശമിപ്പിക്കാൻ ആയുർവേദത്തിനു സാധിക്കില്ല. എന്നാൽ ആയുർവേദം കൊണ്ടു കൊണ്ടു മാറുന്ന രോഗങ്ങളുമുണ്ട്. ഹെപ്പറ്റൈറ്റിസ് ബിയ്ക്ക് ആയുർവേദത്തിലേ മരന്നുള്ളുവെന്ന് അവരും ഹോമിയോയിലേ മരുന്നുള്ളുവെന്ന് ഹോമിയോക്കാരും പറയും. ഇതിന് അലോപ്പതിയിൽ മരുന്നില്ലെന്നാണ് പറയുന്നത്. എന്നാൽ അലോപ്പതി മരുന്ന് കഴിഞ്ഞ് രോഗം പൂർണമായും മാറിയ ഒരാളാണു ഞാൻ അലോപ്പതി മേഖല വളരെ വളർന്ന കാര്യം പലർക്കും അറിയില്ല. ആയുർവേദത്തിലെ പല മരുന്നുകളും ഇപ്പോൾ നാട്ടിൽ കിട്ടാനില്ലാത്ത അവസ്ഥയാണ്. സീസണിൽ മാത്രം ലഭ്യമാകുന്ന പല മരുന്നുകളുമുണ്ട്. എന്നുവച്ച് ആയുർവേദം മോശമാണെന്ന അഭിപ്രായക്കാരനല്ല ഞാൻ. ആയുർവേദത്തിൽ ചികിത്സിച്ചുതന്നെ മാറ്റേണ്ട രോഗങ്ങളുമുണ്ട്. കിഴി പോലുള്ള ചികിത്സാരീതികൾ ഫലവത്തുമാണ്. രോഗത്തിന്റെ തീവ്രത മനസിലാക്കി ചികിത്സ തേടണം. പഴയകാലത്ത് ഒരു ആയുർവേദ വൈദ്യനെ കാണാൻ പോയിക്കഴിഞ്ഞാൽ അദ്ദേഹം മരുന്നല്ല തരുന്നത്, കുറിപ്പാണ്. ഈ കുറിപ്പിൽ കഷായം ഉണ്ടാക്കേണ്ട മരുന്നുകളുടെ പട്ടികയാണ്. ഇപ്പോൾ അതെല്ലാം റെഡിമെയ്ഡ് ആയിക്കിട്ടും. എന്തുകൊണ്ട് പണ്ടു കിട്ടിയിരുന്ന കുറിപ്പുകൾ ഇപ്പോൾ കിട്ടുന്നില്ല. ഞാൻ എന്റെ അനുഭവത്തിൽ നിന്നാണു പറയുന്നത്.’
Post Your Comments