Uncategorized

പുലിമുരുകനെക്കുറിച്ചുള്ള വീട്ടമ്മയുടെ വിമര്‍ശന നിരൂപണം, അധികമായാല്‍ അമൃതും വിഷം… വിവാദമായ പുലിമുരുകന്‍ നിരൂപണം ജനശ്രദ്ധ നേടാനുള്ള കുറുക്ക് വഴിയോ?

പ്രവീണ്‍.പി നായര്‍ 

2016-ലെ ഒക്ടോബര്‍ 7 എങ്ങനെ മറക്കും.? ഒക്ടോബര്‍ 7 കേരളം ഉത്സവം പോലെ കൊണ്ടാടിയ ദിവസമായിരുന്നു. നരസിംഹവും, ആറാം തമ്പുരാനുമൊക്കെ ഇറങ്ങുമ്പോള്‍ തൊട്ടിലില്‍ താരാട്ടുപാട്ട് കേട്ട് ഉറങ്ങിയ  ഫ്രീക്ക് പയ്യന്മാര്‍ മുതല്‍ മോഹന്‍ലാലിന്റെ എല്ലാ ആക്ഷന്‍ സിനിമകളും തീയേറ്ററില്‍ ഇരുന്നു ആസ്വദിച്ചിട്ടുള്ള മധ്യവയസ്കര്‍  വരെ ടിക്കറ്റിന് വേണ്ടി വെയിലേറ്റു വാടിതളര്‍ന്ന ദിവസമായിരുന്നു ഒക്ടോബര്‍ 7.

ആഘോഷങ്ങള്‍ക്കു അതിരില്ലാതിരുന്ന ഒരു വെള്ളിയാഴ്ച. ശരിക്കും എന്നിലെ പ്രേക്ഷകനും ചിന്തിച്ചു പോയി, എന്താണിത്ര ആഘോഷിക്കാന്‍?  മോഹന്‍ലാല്‍ സിനിമകള്‍ രജനികാന്ത് സിനിമകള്‍ പോലെ കാത്തിരുന്നു കിട്ടുന്നതല്ലല്ലോ? ഓരോ വര്‍ഷവും ലാലേട്ടന്റെ  മൂന്നും,നാലും ചിത്രങ്ങളൊക്കെ തീയേറ്ററിലേക്ക്  പറന്നിറങ്ങാറുള്ളതല്ലേ. പിന്നെ ഇതിനുമാത്രം എന്താണ് ഇത്ര പ്രത്യേകത..? എന്റെ നേര്‍ക്ക്‌  പുലി പോലെ ചാടി വീണു കൊണ്ടാണ്  ഒരു മോഹന്‍ലാല്‍ ആരാധകന്‍ അതിനുമറുപടി നല്‍കിയത്. “ഇത് ഞങ്ങള്‍ക്ക് സ്പെഷ്യലാണ് ചേട്ടാ. ഞങ്ങള്‍ കുറച്ചു നാളുകളായി  ഒന്ന് പതുങ്ങി  ഇരുന്നതാണ്. ലാലേട്ടന്‍ ഞങ്ങള്‍ക്ക് മുന്നില്‍ അമാനുഷിക കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടു കാലമെത്രെയായി? ഞങ്ങളിത് ആഘോഷിക്കുക തന്നെ ചെയ്യും”. ശരിയാണ് അവര്‍ ആഘോഷിക്കട്ടെ… നരനായും, പുലിയായുമൊക്കെ  അവതരിക്കാന്‍ മോഹന്‍ലാലോളം പോന്ന ആരുണ്ടിവിടെ.? അമാനുഷികനായാലും മോഹന്‍ലാല്‍ എന്ന നടന്‍  നല്ല പച്ചമനുഷ്യനായി  സ്ക്രീനില്‍ മിന്നും  അതാണ്‌ അയാളുടെ അഭിനയത്തിന്റെ ആഴം. ടോമിച്ചന്‍ മുളകുപാടം എന്ന നിര്‍മ്മാതാവ് സംവിധായകന്‍ വൈശാഖിനെയും, താരരാജാവ് മോഹന്‍ലാലിനെയും വിശ്വസിച്ചു ഏല്‍പ്പിച്ച  ദൗത്യമാണ് പുലിമുരുകന്‍. വൈശാഖ് ഇതിലും കുറഞ്ഞ ബഡ്ജറ്റില്‍ നിന്ന് കൊണ്ട് സൂപ്പര്‍ ഹിറ്റ്‌ സിനിമകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ്. മോഹന്‍ലാല്‍ എന്ന താരമൂല്യമുള്ള നടനെ ഓര്‍ക്കുന്നിടത്താകാം  ടോമിച്ചനിലെ നിര്‍മ്മാതാവ് ടെന്‍ഷന്‍ കുറച്ചു അല്‍പമൊന്ന്‍ അടങ്ങിയിരിക്കുന്നത്. മുരുകന്‍ കാണനെത്തിയ പ്രേക്ഷകരുടെ മനസ്സിലും നെഞ്ചിടിപ്പുണ്ട്. മോഹന്‍ലാലിന്റെ പുലിമുരുകന്‍ ചരിത്രം രചിക്കുമ്പോള്‍ മാത്രമേ ആരാധകരും ഇനി ഉള്ളറിഞ്ഞൊന്നു ചിരിക്കുള്ളൂ. സിനിമ തുടങ്ങുന്നതിനു മുന്‍പുള്ള ആഘോഷങ്ങള്‍ക്കിടയിലും അവരുടെ മനസ്സ് ‘ടപ്പേ ടപ്പേ’ എന്ന് ഇടിക്കുന്നുണ്ട്‌ കാരണം മോഹന്‍ലാല്‍ എന്ന അവരുടെ സ്വന്തം ലാലേട്ടനെ അവര്‍ അത്രത്തോളം സ്നേഹിക്കുന്നുണ്ട്.

പൊരിവെയിലത്ത്  ക്യൂ നിന്ന് അകത്തു കടന്ന പ്രേക്ഷകര്‍  സിനിമ തീര്‍ന്നപ്പോള്‍ അണക്കെട്ട് പോലെ പൊട്ടിയൊഴുകി. എല്ലാവര്‍ക്കും പറയാന്‍ നല്ലത് മാത്രം. പുലിമുരുകന്‍ കണ്ടിറങ്ങിയവരില്‍ ഭൂരിപക്ഷവും കടുത്ത ലാല്‍ പ്രേമികളാണ്. തീയേറ്ററില്‍ വിജയം കുറിക്കാതെ പോയ മോഹന്‍ലാല്‍ ചിത്രങ്ങളും ഗംഭീരമെന്നു പറഞ്ഞിട്ടുള്ള ഫാന്‍സുകാര്‍ പറയുന്നതെങ്ങനെ  വിശ്വസിക്കും? അപ്പോഴാണ്‌  താരസ്നേഹം പുരളാത്ത  ഒരു സിനിമാമോഹിയെ കണ്ടത്. അയാള്‍ പറഞ്ഞു “സിനിമ മികച്ചതാണ്. വൈശാഖിലെ സംവിധായന്‍ മികച്ച രീതിയില്‍ ചിത്രം എടുത്തിട്ടുണ്ട്. മോഹന്‍ലാല്‍ ചിത്രത്തിലുടനീളം കത്തികയറുന്നുണ്ട്”. ആവേശത്തോടെ ആഘോഷിക്കാനുള്ളതൊക്കെ പുലിമുരുകനില്‍ ഉണ്ടെന്നുള്ളത് എനിക്ക് വ്യക്തമായി. ചിത്രം കണ്ടിറങ്ങിയപ്പോള്‍ പുലിമുരുകന്‍ നല്ല കാഴ്ചനുഭാവമായി എനിക്ക് തോന്നി. കൊടുത്ത പണത്തിനു അര്‍ഹിച്ചത് കിട്ടിയ സന്തോഷം പ്രേക്ഷകരുടെ മുഖത്തും പ്രകടമായികണ്ടു.

സോഷ്യല്‍ മീഡിയകളും അന്നേദിവസം ദിവസം പുലിമുരുകനെ ഇരയാക്കി  ഉത്സവം ആഘോഷിച്ചിരുന്നു.  എങ്ങും  പുലിമുരുകന്‍ നിരൂപണം മാത്രം . ചിലര്‍ രണ്ടു വാക്കില്‍ പറഞ്ഞു നിര്‍ത്തി,ചിലര്‍ക്ക് ഇരുനൂറോളം വാക്കുകളില്‍ പറഞ്ഞിട്ടും മതിവന്നില്ല. എല്ലാവരും നല്ലതെഴുതി.ചിത്രത്തെ  കഥാപരമായി  വിലയിരുത്തിയ ചില ബുദ്ധിജീവി നിരൂപകര്‍ മാത്രമാണ് പുലിമുരുകനുമായി അടിയിട്ടത്.സകലപ്രേക്ഷകര്‍ക്കും ചിത്രം ദഹിച്ചു. ആദ്യ ദിവസം തന്നെ പുലിമുരുകന്‍ എന്ന ചിത്രത്തിന്‍റെ ചിത്രം വ്യക്തമായി. മലയാള സിനിമയിലെ എല്ലാ ചിത്രങ്ങളെയും  മറികടന്ന്  മുരുകന്‍ മുന്നില്‍ വരുമോ? അതറിയാനായ് പ്രേക്ഷരത്രയും ഇന്നും കാത്തിരിക്കുന്നു.

പത്ത്ദിവസങ്ങള്‍  പിന്നിട്ട പുലിമുരുകനെക്കുറിച്ച്    പ്രമുഖരുള്‍പ്പെടെ പലരും  നല്ല അനുഭവങ്ങള്‍  കുറിച്ചു കഴിഞ്ഞിരിക്കുന്നു. അധികവും നല്ല വിലയിരുത്തലുകളാണ് സോഷ്യല്‍ മീഡിയയില്‍ കാണാന്‍ കഴിഞ്ഞത്, അങ്ങിങ്ങായി  മോശം നിരൂപണങ്ങളും ചിലര്‍ തുടക്കദിവസം തന്നെ എഴുതികൂട്ടിയിരുന്നു. അങ്ങനെ മോശമായി എഴുതിയ ഒരു നിരൂപണത്തിലും സംവിധായകന്‍ വൈശാഖിനെയോ, മുരുകനായി അവതരിച്ച ലാലേട്ടനെയോ മോശമായി വിലയിരുത്തികണ്ടില്ല..

സ്ത്രീകള്‍ പൊതുവേ സിനിമ കണ്ടിട്ട്  ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയകളില്‍ നിരൂപണം കുറിക്കുന്നത് വളരെ വിരളമാണ്. കുടുംബത്തോടൊപ്പം തീയേറ്ററില്‍ വന്നു സന്തോഷത്തോടെ  സിനിമ ആസ്വദിച്ചു തിരിച്ചു വീട്ടില്‍ എത്തുന്നതോടെ  അവര്‍ക്കുള്ളിലെ സിനിമ തീരും, കൂടിപോയാല്‍  ഒന്നോ രണ്ടോ സുഹൃത്തുക്കളോട്  കഥയും പറയും,അത്രേയുള്ളൂ ഭൂരിഭാഗം സ്ത്രീ പ്രേക്ഷകര്‍ക്കുള്ളിലെയും സിനിമ. എന്നാല്‍ ഈയിടെയായി അതില്‍നിന്നൊക്കെ  നല്ല മാറ്റം കാണുന്നുണ്ട്. പ്രമുഖ ഓണ്‍ലൈന്‍ സൈറ്റുകളിലൊക്കെ സ്ത്രീകള്‍ എഴുതുന്ന നല്ല നിരൂപണങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്. സ്ത്രീകളുടെ  സിനിമ  കാഴ്ചാപാടുകള്‍ നല്ല എഴുത്തിലൂടെ പല ഗ്രൂപ്പുകളിലും പ്രൊഫൈലുകളിലും കാണാറുണ്ട്.

ഇവിടെ മാധ്യമങ്ങള്‍ ആഘോഷമാക്കിയതും  പുലിമുരുകനെക്കുറിച്ച് ഒരു സ്ത്രീ നടത്തിയ നിരൂപണമാണ്. എല്ലാവരും പുലിമുരുകനെക്കുറിച്ചു വാഴ്ത്തിപാടിയപ്പോള്‍ നിഷ മേനോന്‍ ചെമ്പകശ്ശേരി എന്ന വീട്ടമ്മ എഴുതിയ വിമര്‍ശന നിരൂപണം സോഷ്യല്‍ മീഡിയയില്‍ വലിയൊരു ചര്‍ച്ചയായി മാറിയിരുന്നു.

നിഷയുടെ എഴുത്തിന് നല്ല ഭാഷയുണ്ട് പക്ഷേ സിനിമാ ബോധാമുണ്ടോ ? ചിന്തിക്കേണ്ടിയിരിക്കുന്നു. പുലിമുരുകന്‍ നല്ല പോലെ ആസ്വദിച്ച് കണ്ടിറങ്ങിയ പ്രേക്ഷകരത്രയും നിഷയുടെ നിരൂപണത്തില്‍ നോക്കി ശരിക്കും പുലിയെ പോലെ അലറി.

നിഷയുടെ നിരൂപണത്തിന്റെ ആദ്യ ഭാഗം വായിച്ചിട്ട് വീണ്ടും കാര്യത്തിലേക്ക് വരാം

അപ്പൊ മുന്നൊരുക്കങ്ങള്‍ ഇതൊക്കെയായിരുന്നു, സൂര്‍ത്തുക്കളെ…

  • ശിക്കാര്‍ + നരന്‍ + പട്ട, ഏലക്ക, ഗ്രാമ്പൂ, ജാതിപത്രി എന്നീ മസാലകള്‍ ഒരു അഞ്ചു ഗ്രാം വീതം…
  • ജീപ്പുകള്‍ – ഒരു 10 – 12 (മാരുതി ഓംനി, പജേറോ എന്നിവയുടെ ഫാഷനൊക്കെ കഴിഞ്ഞു, ഇപ്പോള്‍ മ്മടെ പഴേ ജീപ്പിലേയ്ക്ക് തന്നെ തിരിച്ചെത്തി)

മാഡം എന്തായാലും  ശിക്കാര്‍,നരന്‍ പോലെയുള്ള ചിത്രങ്ങള്‍ കണ്ടിട്ടുണ്ടല്ലോ ഭാഗ്യം. സോഷ്യല്‍ മീഡിയ അന്നത്ര സജീവമാല്ലത്തത് കൊണ്ട് ആ രണ്ടു ചിത്രങ്ങളും രക്ഷപ്പെട്ടു. പിന്നെ ജീപ്പാണ് വിഷയം, അത് കൊണ്ട് ഇനി   മാരുതി ഓംനി, പജേറോ പോലെയുള്ള ശകടങ്ങള്‍  സിനിമകളില്‍   ചറപറ ഓടട്ടെ,  താങ്കളുടെ വിമര്‍ശനത്തിനു എന്തായാലും ഒരു അയവ് വരുമല്ലോ.

ഇനി വീണ്ടും നിഷയുടെ നിരൂപണത്തിലേക്ക് വരാം

ഗുണ്ടകള്‍ – 100 (പഴയ സാന്ഡോ ബനിയന്‍ – കടും കളര്‍ പാന്റ്സ് ടീംസ് അല്ല…ഷര്ട്ടൊക്കെ ഇന്‍ ചെയ്ത നല്ല എക്സിക്കുട്ടന്മാര്‍ – ഗുണ്ടകള്‍ക്കും വേണ്ടേ, ഒരു പുരോഗതി!)

ഇത്രേം ഒരുക്കി വെച്ചിട്ടേ അവര് തിരക്കഥ എഴുതാന്‍ പേന എടുത്തുള്ളൂ…(അതിനു തിരക്കഥ ഉണ്ടോ? ആ…!!)

വെള്ളപ്പേപ്പറില്‍ നീല മഷി കൊണ്ടെഴുതിയ പുലിമുരുകന്‍റെ  തിരക്കഥ  ഉദയകൃഷ്ണയുടെ കയ്യില്‍ തീര്‍ച്ചയായും ഉണ്ടാകും ഇനി താങ്കള്‍ചെന്ന് ഒര്‍ജിനലോ അതിന്‍റെ  കോപ്പിയോ ചോദിക്കണ്ട.  പുലിയൂര്‍ ഗ്രാമത്തില്‍ പോയി നൂറുജന്മം തപസ്സിരുന്നാലും  താങ്കള്‍ക്ക് അത്തരമൊരു തിരക്കഥയെഴുതാന്‍ സാധിക്കില്ല. ഒരു ക്ലാസ്‌ ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കുന്നതിലും ബുദ്ധിമുട്ടാണ് നിഷ ഒരു മാസ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സിനിമ കാണുമ്പോള്‍ എല്ലാം തട്ടികൂട്ടലായി തോന്നും അത് അങ്ങനെയാണ് എന്നാല്‍ പേനയുമെടുത്ത് ഒരു സിനിമയുടെ തിരക്കഥ എഴുതാന്‍ ഒന്ന് ഇരുന്നു നോക്കണം താങ്കള്‍..കൈ വിറക്കുന്നതിനു മുന്‍പേ മനസ്സ് വിറയ്ക്കും..

വീണ്ടും നിരൂപണത്തിലേക്ക്

എന്റെ അത്തിപ്പാറ അമ്മച്ചീ…! അമ്പത്താറു വയസ്സുള്ള ആ മനുഷ്യനെ ഒരു സെക്കന്ഡ് വെറുതെ ഇരുന്നു അഞ്ചു ശ്വാസം വിടാന്‍ സമ്മതിച്ചിട്ടില്ല, ബലാലുകള്….!കാട്ടിലടി, നാട്ടിലടി, വെള്ളത്തിലടി, മണ്ണിലടി, ഫാക്റ്ററിയിലടി, ഇരുട്ടടി എന്നുവേണ്ട, ലോകത്ത് ആകെ മൊത്തം ടോട്ടല്‍ എത്ര അടി ഉണ്ടോ, അതെല്ലാം ആ മൂപ്പരും, ഗുണ്ടകളും കൂടി തിമര്‍ത്തു

ലാലേട്ടന്‍ അങ്ങനെ ശ്വാസം വിടാതെ അടിക്കട്ടെ മാഡം.അത് കാണാനല്ലേ പാവങ്ങളെല്ലാം പൊരിവെയിലത്ത് നിന്ന് ടിക്കറ്റെടുത്ത് അകത്ത് കടന്നത്. ഇനിയിപ്പോള്‍   കാട്ടിലടിയാലും , നാട്ടിലടിയാലും , വെള്ളത്തിലടിയാലും , മണ്ണിലടിയാലും , ഫാക്റ്ററിയിലടിയാലും, ഇരുട്ടടിയായാലും അടിക്കണത് മലയാളികളുടെ സ്വന്തം മോഹന്‍ലാലല്ലേ അതിങ്ങനെ ഒരുദിവസം മുഴുവന്‍ കാണിച്ചാലും ലാലേട്ടന്‍റെ  പിള്ളേര്‍ക്കും,അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവര്‍ക്കും അതൊരു മടുപ്പാകില്ല.

ഒരു സിനിമ കണ്ടിട്ട് എന്തും തുറന്നെഴുതാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്.ഒരു സിനിമ കണ്ടതിനു ശേഷം  ടെക്നിക്കല്‍പരമായും, കഥാപരമായുമൊക്കെ അതിനെ   നമുക്ക് വിമര്‍ശിക്കാം.പക്ഷേ വിമര്‍ശന രീതി മറന്നു വായില്‍ തോന്നുന്നതൊക്കെ പുലമ്പിയാല്‍ വായിക്കുന്നവര്‍ തന്നെ സംഭവം ചവറ്റുകുട്ടയിലേക്ക് തള്ളും.അധികമായാല്‍ അമൃതും വിഷം…അങ്ങനെയൊരു ചൊല്ല് പറഞ്ഞത് കൊണ്ട് എഴുതിയത് അമൃതാണെന്ന് തോന്നണ്ട എഴുതിയത് ഒന്നാംതരം അബദ്ധം തന്നെയാണ്. പുലിമുരുകനെക്കുറിച്ച് മോശം നിരൂപണം എഴുതിയവര്‍ സോഷ്യല്‍ മീഡിയയില്‍ വേറെയുമുണ്ട് അവരുടെ പോസ്റ്റിലൊന്നും ഇത്രയും രോഷത്തോടെ ആരും പ്രതികരിച്ചിട്ടില്ല.

പുലിമുരുകനെ വിമര്‍ശിക്കുന്നതു കൊണ്ടല്ല  ശരിക്കും പുലിമുരുകന്‍ പ്രേമികള്‍ രോഷം കൊളളുന്നത്. സിനിമ കണ്ടിട്ട്  താങ്കളിലെ പ്രേക്ഷക നടത്തിയ സത്യസന്ധമായ ഒരു നിരൂപണമല്ല  ഇതെന്ന് മനസിലാകുന്നിടത്താണ് പ്രേക്ഷകര്‍ കല്ലെറിയുന്നത്. ആ കല്ലുകളാകാം താങ്കളുടെ  നിരൂപണത്തിന്‍ കീഴെ തെറിയായി നിറഞ്ഞത് . പ്രേക്ഷകര്‍ വാനോളം പുകഴ്ത്തിയ ചിത്രത്തെ ഒന്ന് മറിച്ചിട്ട്‌ ജനശ്രദ്ധ നേടാനുള ഒരുതരം വൃത്തികെട്ട  കുറുക്കുവഴിയല്ലേ? ഇതെന്ന് സംശയിച്ചാല്‍ അതില്‍ എന്താണ് തെറ്റ്.സഭ്യമല്ലാത്ത ഭാഷയില്‍ നിങ്ങളോട്  പ്രതികരിച്ചവരെ നമുക്ക് അകറ്റിനിര്‍ത്താം അത് ശരിക്കും നെറികെട്ട സംസ്കാരമാണ്.

പുലിമുരുകന്‍ സാധാബഡ്ജറ്റില്‍ ഒരുങ്ങിയ ഒരു സാധമോഹന്‍ലാല്‍ ചിത്രമായിരുന്നെകില്‍ താങ്കളുടെ  നിരൂപണം ഇവിടെ പ്രത്യക്ഷമാകില്ല എന്നത് ഉറപ്പാണ്.പുലിമുരുകനിലെ വൈശാഖിന്റെ  സംവിധാനം പോലും  താങ്കള്‍  മോശമാണെന്ന് പറയുമ്പോള്‍ അടുത്തിരിക്കുന്ന സുഹൃത്ത് പോലും പുറമേ പിന്തുണച്ച് അകമേ പരിഹാസത്തോടെ ചിരിക്കുന്നുണ്ടാകും.. പോസ്റ്റിന് നല്ല  പിന്തുണ ലഭിക്കുന്നുണ്ട് എന്ന് പറയുന്നതിലൊന്നും  വലിയ  കാര്യമില്ല കാരണം പരശുരാമന്‍ മഴുവെറിഞ്ഞ നാട് മാത്രമല്ല കേരളം സന്തോഷ്‌ പണ്ഡിറ്റ്‌ ‘കൃഷ്ണനും രാധയും’ ഹിറ്റാക്കി മാറ്റിയ നാട് കൂടിയാണ് കേരളം .

ഇനിയെങ്കിലും സിനിമ കാണുമ്പോള്‍ നിഷ മേനോന്‍ ചെമ്പകശ്ശേരി നിങ്ങള്‍ ഒന്നോര്‍ക്കുക വിമര്‍ശനവും,വിഡ്ഢിത്തരവും ഒന്നല്ല  രണ്ടാണ്.

shortlink

Related Articles

Post Your Comments


Back to top button