ആമുഖങ്ങള്‍ ആവശ്യമില്ലാത്ത വ്യക്തിപ്രഭാവമായ പ്രിയ കലാകാരന്‍ തിക്കുറിശ്ശി സുകുമാരന്‍ നായരുടെ നൂറാം ജന്മദിനമാണ് ഇന്ന്.മലയാള സിനിമയിലെ ആദ്യത്തെ സൂപ്പര്‍ സ്റ്റാര്‍!
1916 ല്‍ പണ്ടത്തെ തിരുവിതാംകൂറില്‍ ഇപ്പോല്‍ കന്യാകുമാരി ജില്ലയിലുള്ള തിക്കുറിശ്ശിയില്‍ ജനിച്ചു. പുരാതന തറവാടായ മങ്ങാട്ട് വീട്ടില്‍ ഗോവിന്ദപ്പിള്ളയുടേയും ലക്ഷ്മി അമ്മയുടേയും മകനായി പിറന്ന സുകുമാരന്‍ നായര്‍ പിന്നീട് മലയാളസിനിമയുടെ നെടുംതൂണുകളിലൊന്നായ ചരിത്രം ആദരവോടെ മാത്രമേ നോക്കിക്കാണാനാവൂ.
താന്‍ പഠിച്ച മാര്‍ത്താണ്ഡവര്‍മ്മ സ്കൂളിലെ താരം തന്നെയായിരുന്നു സുകുമാരന്‍ നായര്‍ വളരെ ചെറുപ്പത്തില്‍ത്തന്നെ. സ്കൂളിലെ കലാസാംസ്കാരിക മേളകളില്‍ സുന്ദരനായ സുകുമാരന്‍ നായര്‍ കവിതകളിലൂടെയും നാടകങ്ങളിലൂടെയും തിളങ്ങിനിന്നു. പില്‍ക്കാലത്ത് സിനിമയില്‍ പേരെടുക്കുവാനുള്ള തയ്യാറെടുപ്പുകള്‍ പ്രകൃതി കാലേകൂട്ടിത്തന്നെ നടത്തിയിരുന്നു എന്നാണ് കരുതേണ്ടിയിരിക്കുന്നത്. ഇരുപതാമത്തെ വയസ്സില്‍ കെടാവിളക്ക് എന്ന കവിതാസമാഹാരം പ്രസിദ്ധീകൃതമാവുമ്പോള്‍ , മകന്‍ ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥനാകണമെന്നുള്ള തന്റെ അച്ഛനമ്മമാരുടെ പ്രതീക്ഷകള്‍ക്കപ്പുറം സാഹിതീദേവിയുടെ വരപ്രസാദം ചെന്നെത്തിയിരുന്നു എന്ന് കാലം പിന്നീട് തെളിയിച്ചു.
അന്നത്തെ പല കലാകാരന്മാരെയും പോലെ നാടകരംഗത്താണ് തിക്കുറിശ്ശിയും തന്റെ ചുവടുകള്‍ ആദ്യമായി വച്ചത്. ‘മരീചിക’, ‘കലാകാരന്‍’ എന്നീ നാടകള്‍ ജനപ്രീതി നേടിയെടുത്തതിനു പിന്നാലെയാണ് ‘സ്ത്രീ’, ‘മായ’, ‘ശരിയോ തെറ്റോ’ എന്നീ നാടകങ്ങള്‍ അന്നത്തെ പരമ്പരാഗത നാടകരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുന്നത്. സംഗീതത്തിന് അമിതപ്രാധാന്യം നല്‍കിയിരുന്ന മെലോഡ്രാമകളായിരുന്നു അക്കാലം വരെ മലയാളനാടകരംഗം കണ്ടിരുന്നത്. സാമൂഹികപ്രസക്തിയുള്ള, സംഭാഷണത്തിന് പ്രാധാന്യം നല്‍കിയുള്ള തിക്കുറിശ്ശി സുകുമാരന്‍ നായരുടെ നാടകങ്ങള്‍ ഒരു പുതുയുഗത്തിന് തുടക്കം കുറിക്കുകയായിരുന്നു.
1950 ല്‍ തന്റെ സ്ത്രീ എന്ന നാടകത്തിന്റെ സിനിമാരൂപാന്തരവുമായി തിക്കുറിശ്ശി സുകുമാരന്‍ നായര്‍ സിനിമാരംഗത്തേക്ക് കടന്നുവരുമ്പോള്‍ ആകെ പത്തോളം പടങ്ങളായിരുന്നു മലയാളസിനിമാത്തറവാട്ടിലെ അംഗങ്ങള്‍. തന്റെ കഥയിലെ നായകനായി താന്‍ തന്നെ അഭിനയിച്ചുവെങ്കിലും സ്ത്രീ എന്ന മലയാള സിനിമയ്ക്ക് അന്നത്തെ ഹിന്ദി- തമിഴ് തരംഗത്തെ അതിജീവിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ 1951 ല്‍ ജീവിതനൌക എന്ന മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹിറ്റ് പടം ഇറങ്ങുമ്പോള്‍ തിക്കുറിശ്ശി സുകുമാരന്‍ നായര്‍ തന്റെ സൂപ്പര്‍ താരസിംഹാസനവും ഉറപ്പിക്കുകയായിരുന്നു. പിന്നീട് 52 ലെ നവലോകവും വിശപ്പിന്റെ വിളിയും തിക്കുറിശ്ശിയെ പ്രശസ്തിയിലേക്ക് നയിച്ചു. വിശപ്പിന്റെ വിളിയില്‍ തുടക്കക്കാരനായ അബ്ദുള്‍ ഖാദറിന് പ്രേം നസീര്‍ എന്ന വിളിപ്പേരു നല്‍കി. ആ പേര്‍ ലോകപ്രശസ്തമാകുമെന്ന് അന്ന് അദ്ദേഹമോ പ്രേം നസീറോ ഓര്‍ത്തിരിക്കുമോ?
1953 ല്‍ വീണ്ടും തിക്കുറിശ്ശി സ്വന്തം നാടകമായ ശരിയോ തെറ്റോ സിനിമയാക്കി. കഥ, തിരക്കഥ,സംഭാഷണം, ഗാനങ്ങള്‍ , സംവിധാനം, അഭിനയം എന്നീ മേഖലകളിലെല്ലാം ഈ സിനിമയില്‍ തിളങ്ങിയ തിക്കുറിശ്ശിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. സ്ത്രീ, പളുങ്കുപാത്രം, ദേവസുന്ദരി, ഉര്‍വശിഭാരതി,പൂജാപുഷ്പം, ബലൂണ്‍ തുടങ്ങിയവയുള്‍പ്പടെ പതിമൂന്നു ചിത്രങ്ങള്‍ക്ക് അദ്ദേഹം ഗാനരചന നടത്തിയിട്ടുണ്ട്. കാര്‍കൂന്തല്‍ക്കെട്ടിനെന്തിനു വാസനത്തൈലം, കസ്തൂരിപ്പൊട്ടു മാഞ്ഞു, വിരലുകളില്ലാത്ത വിദ്വാന്റെ കയ്യില്‍ , പൂമെത്തപ്പുറത്തു ഞാന്‍ എന്നീ ഗാനങ്ങളുള്‍പ്പടെ നിരവധി ഗാനങ്ങള്‍ തിക്കുറിശ്ശിയുടെ ഭാവനാസൃഷ്ടികളാണ്.
തിരക്കഥാകൃത്തെന്ന നിലയില്‍ അദ്ദേഹത്തെ അറിയുന്നത് സ്വാമി അയ്യപ്പന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയും കൂടാതെ മുതലാളി, ആന വളര്‍ത്തിയ വാനമ്പാടി എന്നീ ചിത്രങ്ങളിലൂടെയുമാണ്.
ശരിയോ തെറ്റോ, പൂജാപുഷ്പം, അച്ഛന്റെ ഭാര്യ, പളുങ്കുപാത്രം, സരസ്വതി, നഴ്സ്, ഉര്‍വശി ഭാരതി എന്നീ ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്.
ഇരുട്ടിന്റെ ആത്മാവ്, മായ, തുലാഭാരം, നദി, സര്‍വ്വേക്കല്ല് തുടങ്ങി ആര്യന്‍ , ഹിസ് ഹൈനസ് അബ്ദുള്ള വരെയുള്ള സിനിമകളില്‍ തിക്കുറിശ്ശിയിലെ നടന്റെ ഉജ്വലഭാവങ്ങള്‍ നമുക്കു കാണാവുന്നതാണ്.
അബ്ദുള്‍ ഖാദറിനെ പ്രേം നസീറാക്കിയ അതേ വൈഭവമാണ് മാധവന്‍ നായരെ മധു ആക്കിയത്. പ്രശസ്ത നടന്മാരായ ജോസ്പ്രകാശും ബഹദൂറുമൊക്കെ തങ്ങളുടെ പേരുകള്‍ നേടിയത് തിക്കുറിശ്ശിയില്‍ നിന്നുതന്നെ.
ഇരുന്നൂറ്റന്‍പതോളം പുരസ്കാരങ്ങളാണ് അന്‍പതുവര്‍ഷങ്ങളോളം ചലച്ചിത്രനഭസ്സില്‍ ജ്വലിച്ചു നിന്ന ആ താരം നേടിയെടുത്തത്. ഭാരതസര്‍ക്കാരിന്റെ പ്രശസ്ത സിവിലിയന്‍ ബഹുമതിയായ പത്മശ്രീ(1973), അഭിനയത്തിന് കേന്ദ്ര – സംസ്ഥാന അവാര്‍ഡുകള്‍ എന്നിവയും 1995 ല്‍ സമഗ്രസംഭാവനയ്ക്കുള്ള ജെ സി ഡാനിയല്‍ പുരസ്കാരവും ലഭിച്ചു. ആദ്യ രണ്ടുവിവാഹങ്ങള്‍ പരാജയങ്ങളായതിനു ശേഷം തിക്കുറിശ്ശി സഹപ്രവര്‍ത്തകയായ സുലോചനാദേവിയെ വിവാഹം കഴിച്ചു. 41 വര്‍ഷക്കാലം ആ വിവാഹബന്ധം നിലനിന്നു, അദ്ദേഹത്തിന്റെ മരണം വരെ. ആ വിവാഹത്തിലെ മകളും, യുവ കവയത്രിയായ കനകശ്രീയുടെ അകാലമരണം അദ്ദേഹത്തെ വല്ലാതെ തളര്‍ത്തിക്കളഞ്ഞു.
1997 മാര്‍ച്ച് 11 ന് മലയാളത്തിന്റെ ആദ്യ സൂപ്പര്‍സ്റ്റാര്‍ തിരശ്ശീലയ്ക്കു പിന്നില്‍ മറഞ്ഞു.
Post Your Comments