General

അവയവദാനം തട്ടിപ്പെട്ടന്ന ശ്രീനിവാസന്‍റെ പ്രസ്താവനയ്ക്ക് എഴുത്തുകാരി ദീപ നിഷാന്തിന്റെ മറുപടി

അവയവദാനം മഹാതട്ടിപ്പാണെന്ന് പ്രസ്താവന നടത്തിയ ശ്രീനിവാസനെതിരെ ശക്തമായ മറുപടിയുമായി വന്നീരിക്കുകയാണ് എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്. തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ദീപ ശ്രീനിവാസന് ചുട്ടമറുപടി നല്‍കുന്നത്.
മരണം ഒരനിവാര്യതയാണെങ്കില്‍, അവയവദാനവും അത്ര തന്നെ ഒരനിവാര്യതയാണെന്ന് മനുഷ്യരായ മനുഷ്യര്‍ക്കൊക്കെയും ആത്മാഭിമാനത്തോടെ പറയാന്‍ കഴിയണം.. മാനവികതയുടെ വിശാലലോകങ്ങള്‍ തുറക്കട്ടെ.. ‘ഒന്നും ശരിയാവാന്‍ പോവുന്നില്ലെന്ന’ നൈരാശ്യബോധം കുത്തിവെച്ച് മനുഷ്യരെ നിരാര്‍ദ്രരാക്കാനല്ല കലാകാരന്‍ യത്‌നിക്കേണ്ടതെന്നും ദീപ ഫേസ്ബുക്കില്‍ കുറിക്കുന്നു.

 

ദീപ നിശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

 
മാറ്റിവെക്കാന്‍ അവയവം ലഭിക്കാത്തതു കൊണ്ടു മാത്രം ഓരോ മിനിറ്റിലും ഇരുപതോളം പേര്‍ കൊഴിഞ്ഞു വീഴുന്ന ഒരു ഭൂമിയിലാണ് നാം ജീവിക്കുന്നത്. അവര്‍ക്ക് പ്രിയപ്പെട്ടവരുണ്ട്, അവരെ ആശ്രയിച്ച് ജീവിക്കുന്ന ഒരു കുടുംബമുണ്ട്. അവയവം ദാനം ചെയ്യാന്‍ നമ്മള്‍ തയ്യാറല്ലെങ്കില്‍ മറ്റുള്ളവരെ അതിന് അനുവദിക്കുകയെങ്കിലും ചെയ്യുക. ‘ രക്തബന്ധമുള്ളവരുടെ പോലും അവയവം സ്വീകരിച്ചാല്‍ ശരീരമത് റിജക്റ്റ് ചെയ്തു കൊണ്ടേയിരിക്കുമെന്ന്’ വിളിച്ചുകൂവി ആളുകളെ പിന്തിരിപ്പിക്കാതിരിക്കുക. . അനാര്‍ദ്രമായിരിക്കാനല്ല ഒരു കലാകാരന്‍ പ്രേരണ നല്‍കേണ്ടത്. ‘പുറങ്ങള്‍’ എത്ര അകന്നാലും മനുഷ്യരുടെ ‘അക’ങ്ങള്‍ക്ക് അടുക്കാന്‍ നിരവധി സാധ്യതകളുണ്ട്. ജാതിമതരാഷ്ട്രാതിര്‍ത്തികള്‍ക്കപ്പുറം മനുഷ്യരുടെ അകങ്ങള്‍ അവയവദാനത്താല്‍ അടുക്കട്ടെ. മാനവികതയുടെ വിശാലലോകങ്ങള്‍ തുറക്കട്ടെ.. ‘ഒന്നും ശരിയാവാന്‍ പോവുന്നില്ലെന്ന’ നൈരാശ്യബോധം കുത്തിവെച്ച് മനുഷ്യരെ നിരാര്‍ദ്രരാക്കാനല്ല കലാകാരന്‍ യത്‌നിക്കേണ്ടത്. സാധ്യതകള്‍ സൃഷ്ടിക്കാനുള്ള ഏത് ശ്രമങ്ങളേയും പ്രോത്സാഹിപ്പിക്കാനാണ്. മാനവിക സമൂഹത്തിന്റെ നിലനില്‍പ്പിന്റെ അനിവാര്യതയാണത്.
കെ ഇ എന്റെ വാക്കുകള്‍ കടമെടുക്കട്ടെ; ‘മരണം ഒരനിവാര്യതയാണെങ്കില്‍, അവയവദാനവും അത്ര തന്നെ ഒരനിവാര്യതയാണെന്ന് മനുഷ്യരായ മനുഷ്യര്‍ക്കൊക്കെയും ആത്മാഭിമാനത്തോടെ പറയാന്‍ കഴിയണം. മരണം ഒരു ജൈവയാഥാര്‍ത്ഥ്യമാണെങ്കില്‍, അവയവദാനം സാംസ്‌കാരികമായ ഒരാവിഷ്‌കാരമാണ്. മരണം നമ്മുടെ സമ്മതമില്ലാതെ കടന്നു വരും. എന്നാല്‍ അവയവദാനം നമ്മുടെ സമ്മതം കാത്ത് ഉമ്മറവാതിലില്‍ നില്‍ക്കുകയാണ്.’
വിജയസാധ്യതകളെക്കുറിച്ച് നമുക്ക് പിന്നീട് ചര്‍ച്ച ചെയ്യാം… ആന്തരികാവയവങ്ങള്‍ മാത്രമല്ല, പല്ലും നഖവും തൊലിയുമടക്കം മറ്റുള്ളവര്‍ക്ക് ഉപയോഗപ്രദമാവുന്നതെന്തും എന്നില്‍ നിന്നെടുത്തോളൂ എന്ന വിനയപൂര്‍ണ്ണമായ അപേക്ഷ ചരിത്രത്തില്‍ സമര്‍പ്പിക്കുമ്പോഴാണ് മനുഷ്യരാശിയുടെ ജീവിതം ചൈതന്യ നിര്‍ഭരമാകുന്നത്. നമ്മുടെ മൃതദേഹങ്ങള്‍ക്കു പോലും സാമൂഹ്യ പ്രവര്‍ത്തനം തുടരാന്‍ കഴിയുമെന്ന വിശ്വാസത്തില്‍, പങ്കിടാന്‍ പറ്റുന്നതെന്തും, പങ്കുവെച്ച് ചിരഞ്ജീവികളാകാം.
എന്ന്, അവയവദാനത്തിന്റെ സമ്മതപത്രത്തില്‍ കൈവിറയ്ക്കാതെ ഒപ്പിട്ട ‘മഹാതട്ടിപ്പുകാരില്‍ ‘ഒരാള്‍…

shortlink

Related Articles

Post Your Comments


Back to top button