രശ്മി രാധാകൃഷ്ണന്
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഒരിക്കല്‍ ദേശീയ പാതയിലൂടെ കാറില്‍ യാത്ര ചെയ്യുകയാണ് തിലകന്. റോഡരികില്‍ വന്‍ ജനക്കൂട്ടം കണ്ട് കാര്‍ നിര്‍ത്തി. ഒരു ചെറുപ്പക്കാരന് മറ്റൊരാളെ പിടികൂടി കത്തികൊണ്ട് കുത്താന്‍ ശ്രമിക്കുകയാണ്. ജനക്കൂട്ടം ആ കാഴ്ച്ച കണ്ട്നില്ക്കുകയാണ്. ആള്‍ക്കുട്ടത്തെ വകഞ്ഞു മാറ്റി മുന്നോട്ടു വന്ന തിലകനെ കണ്ടപ്പോള്‍ കുത്താന്‍ ഓങ്ങിനിന്ന ചെറുപ്പക്കാരന്റെ രോഷം അയാളറിയാതെ ചെറിയൊരു പുഞ്ചിരിക്ക് വഴിമാറി. ”അനിയാ ആ കത്തി ഇങ്ങു താ” ഭാവമാറ്റം മനസിലാക്കി തിലകന് പറഞ്ഞു. ”ഇല്ല, ഇവനെ ഞാന്‍ കൊല്ലും” അയാളുടെ മുഖഭാവം പെട്ടെന്ന് മാറി. ”അതൊക്കെ ശരി. എന്നോടു സ്നേഹമുണ്ടെങ്കില്‍ നീ ആ കത്തി ഇങ്ങു താ ”. അയാള്‍ ശാന്തനായി കത്തി കൊടുത്തു. ജനക്കൂട്ടം കയ്യടിച്ചു. കലയുടെ ശക്തിയെക്കുറിച്ച് വിശദീകരിക്കുന്നതിനിടെ ഒരിക്കല്‍ തിലകന്തന്നെ പറഞ്ഞ സംഭവമാണിത്. കൊലപാതകത്തിന് തീരുമാനിച്ചുറപ്പിച്ച ചെറുപ്പക്കാരന് തിലകനെ കണ്ട മാത്രയില്‍ സ്വന്തം അച്ഛനെയോ ജ്യേഷ്ഠ സഹോദരനയോ ഓര്‍ത്തിരിക്കാം. അതുമല്ലെങ്കില്‍ ”നിന്റെ അച്ഛനാടാ മോനേ പറയുന്നെ കത്തി താഴെയിടാന്‍..” എന്ന് കിരീടത്തിലെ സേതു മാധവനോട് ഹൃദയം തകര്‍ന്ന് യാചിക്കുന്ന അച്ഛന് കോണ്‍സ്റ്റബിള്‍ അച്യുതന് നായരുടെ ചിത്രം അയാളുടെ മനസില്‍ മിന്നിമറഞ്ഞിരിക്കാം. അതാണ് മലയാളിയുടെ മനസ്സില്‍ തിലകന്റെ സ്ഥാനം..തലമുറകളായി പതിഞ്ഞു പോയചിത്രം.ആ പ്രതിഭ മറഞ്ഞിട്ട് ഇന്നേയ്ക്ക് നാലുവര്‍ഷം. മഹാമേരുക്കളെ വിറപ്പിച്ച അഭിനയ ഗാംഭീര്യം എന്നാണ് എഴുത്തുകാരന് സി രാധാകൃഷ്ണന് തിലകനെ വിശേഷിപ്പിച്ചത്.പേമാരിയില്‍ നിറഞ്ഞൊഴുകുന്ന മണിമലയാറിലെ കുത്തൊഴുക്കായിരുന്നു ആ ജീവിതം. കൂറ്റന്‍ പാറകളെയും കുറ്റിച്ചെടികളെയും വന്‍ മരങ്ങളെയുമൊന്നും വകവെക്കാതെ കുതികുതിക്കുന്ന മണിമലയാറിന്റെ കരുത്ത്. നല്ല പ്രായത്തിലേ കോടംപാക്കത്ത് ചെന്ന് അവസരം യാചിച്ച് കാലുതേഞ്ഞ് സിനിമാ ലോകത്തെത്തിയതല്ല തിലകൻ. നാടകരംഗത്ത് വർഷങ്ങളോളം അരങ്ങുവാണ ഈ അഭിനയപ്രതിഭ സ്വാഭാവികമെന്നോണം സിനിമാരംഗത്തേയ്ക്ക് ആനയിക്കപ്പെടുകയായിരുന്നു. എഴുപത്തിമൂന്നില്‍ പെരിയാറിലാണ് ആ അഭിനയസപര്യ സിനിമയ്ക്കു സ്വന്തമാകുന്നത്. നാടകത്തിലെ അഭിനയവീര്യം കണ്ടാണ് പിജെ ആന്റണി അദ്ദേഹത്തെ സിനിമയിലേക്കു ക്ഷണിക്കുന്നത്. എന്നാല്‍ പെരിയാറിന്റെ പരാജയം തിലകന് തുടര്‍വര്‍ഷങ്ങളില്‍ സാദ്ധ്യത നിഷേധിച്ചു. പിന്നീട് കെ ജി ജോര്‍ജാണ് തിലകനെ വീണ്ടും സിനിമയ്ക്കു സ്വന്തമാക്കുന്നത്. കോലങ്ങളും യവനികയും തിലകനെ താരമാക്കി. പിന്നീട് ഇരകളും പഞ്ചവടിപ്പാലവും വ്യത്യസ്തമുഖങ്ങള്‍ സമ്മാനിച്ചു. സിനിമാരംഗത്തെത്തിപ്പെട്ട തിലകനു പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. സിനിമാ രംഗത്ത് ശ്രദ്ധേമായ സാന്നിദ്ധ്യമായതിനു ശേഷവും നാടകരംഗം അദ്ദേഹം കൈവിട്ടിരുന്നില്ല. നടനായും സംവിധായകനായും ഉപദേശകനായുമൊക്കെ നാടകരംഗത്ത് അദ്ദേഹമുണ്ടായിരുന്നു. വലിയ പുരസ്കാരങ്ങള്‍ തിലകനു ലഭിച്ചില്ല. എന്നാല്‍ പുരസ്കാരങ്ങള്‍ക്ക് എത്തിപ്പിടിക്കാനാവുന്നതിലും ഉയരെയായിരുന്നു ആ നടനവൈഭവം. പുരസ്കാരങ്ങള്‍ നിഷേധിച്ചവരേ ചെറുതായുള്ളൂ. കിരീടത്തിലെയും പെരുന്തച്ചനിലെയും ഇരകളിലെയും അഭിനയം ലോകനിലവാരത്തിലുള്ളതായിരുന്നു.
ചെറുപ്പകാലത്ത് സിനിമയിലെത്താൻ കഴിയാത്തതുകൊണ്ട് തിലകന് യുവകഥാപാത്രങ്ങളെ അവതരിപ്പിക്കുവാൻ കഴിഞ്ഞിട്ടില്ല. അത് മലയാള സിനിമയ്ക്ക് ഒരു നഷ്ടമാണ്. എന്നിട്ടുകൂടിയും തന്റെ പ്രായത്തോട് പൊരുത്തപ്പെട്ടു നിൽക്കുന്ന എത്രയെത്ര കഥാപാത്രങ്ങൾക്ക് അമരത്വം നൽകുവാൻ തിലകനു കഴിഞ്ഞിരിക്കുന്നു! ഒരു താരത്തിനു മുഖലാവണ്യവും സിനിമാറ്റിക്ക് ഫെയിസുമൊക്കെ വേണമായിരിക്കാം. എന്നാൽ ഒരു നല്ല നടന് അതൊന്നും ആവശ്യമില്ലെന്ന് തെളിയിച്ചവരിൽ ഒരാളാണ് തിലകൻ. താരവും നടനും രണ്ടാണ്. ആർക്കും താരമാകാം. അതിന്റെ മാനദണ്ഡം സൌന്ദര്യമായിരിക്കാം. പക്ഷെ നല്ല നടനാകാൻ കഴിയില്ല. തിലകന് ഒരു നല്ല നടനായിരുന്നു. മലയാളിക്ക് പരിചിതമായ എത്രയോ കഥാപാത്രങ്ങൾക്ക് തിലകന്റെ ഛായയാണ്. കറുത്ത നിറവും തടിച്ച ചുണ്ടും കനത്ത മൂക്കുമായി ഒരു നടൻ വന്ന് നമ്മുടെ സിനിമാ ലോകത്തെ കീഴടക്കിയെങ്കിൽ, പ്രേക്ഷക മനസ്സുകളിൽ ചിരപ്രതിഷ്ഠ നേടിയെങ്കിൽ തിലകനിലെ അഭിനയ പ്രതിഭയെ നാം അങ്ങേയറ്റം അഭിനന്ദിക്കുകയും ആദരിക്കുകയും തന്നെവേണം. കൊച്ചുമകന് ബലിതര്‍പ്പണം നടത്തവേ ഹൃദയവേദനയുടെ പരകോടിയില്‍ തിരമാലകള്‍ക്കു നടുവിലൂടെ അവ ന്റെ പക്കലേക്ക് നടന്നുപോകുന്ന മൂന്നാംപക്കത്തിലെ മുത്തച്ഛന്, കരവിരുതും പേശീബലവും മനക്കരുത്തും സമന്വയിച്ച, മകനോടുള്ള അസൂയയും വാത്സല്യവും മനസി ന്റെ വെവ്വേറെ കോണുകളില്‍ ഒളിപ്പിച്ച പെരുന്തച്ചന്, ധാര്ഷ്ഠ്യത്തി ന്റെ ആള്‍രൂപമായ കാട്ടുകുതിരയിലെ കൊച്ചുവാവ, ലോകത്തി ന്റെ സ്പന്ദനം ഗണിതശാസ്ത്രത്തിലാണെന്ന് വിശ്വസിക്കുകയും മകന്റെ തകര്‍ച്ചക്ക് വഴിവെക്കുകയും ഒടുവില്‍ തെറ്റ് തിരിച്ചറിയുകയും ചെയ്യുന്ന സ്ഫടികത്തിലെ ചാക്കോ മാഷ്, കുടുംബ സ്നേഹത്തി ന്റെ ഊഷ്മള പ്രതീകമായ വീണ്ടും ചില വീട്ടു കാര്യങ്ങളിലെ തിരുമുറ്റത്ത് കൊച്ചു തോമാ, കാമത്തിന്റെ പുതിയ ഭാവപ്പകര്‍ച്ചകളുമായി മലയാളികളെ വിസ്മയിപ്പിച്ച കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തിലെ നടേശന് മുതലാളി.തിലകന് അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളുടെ നിര നീണ്ടുപോകുകയാണ്. കോലങ്ങളിലെ മദ്യപാനിയെയും യവനികയിലെ നാടകക്കമ്പനി മാനേജരെയും കുടുംബപുരാണത്തിലെ ഡ്രൈവറെയും നാടോടിക്കാറ്റിലെ അനന്തന് മുതലാളിയെയുമൊക്കെ, മുഖമുദ്രയിലെ കള്ളനെയും പോലീസിനെയുമൊക്കെ നമുക്ക് മറവിയുടെ ആഴങ്ങളിലേക്ക് പെട്ടെന്ന് ഉപേക്ഷിക്കാനാവുമോ? രണ്ടായിരത്തിലുണ്ടായ ശാരീരികപ്രശ്നങ്ങള്‍ തിലകന്റെ തുടര്‍ന്നുള്ള അഭിനയജീവിതത്തിനു പരിമിതികള്‍ തീര്‍ത്തു. ആ അവശതകളെ അതിജീവിച്ച തിലകന്റെ മഹാപ്രകടനങ്ങള്‍ നാം ഏകാന്തം മുതല്‍ ഉസ്താദ് ഹോട്ടല്‍ വരെ കണ്ടു. ആ സമയത്ത് അനാവശ്യമായ ഈഗോ തീര്‍ത്ത വിവാദങ്ങള്‍ നമുക്കും മലയാളസിനിമയ്ക്കും മഹോന്നതമായ ചില സാദ്ധ്യതകള്‍ ഇല്ലാതാക്കി. തിലകന് എന്ന നടന്റെ അസാമാന്യമായ അഭിനയസിദ്ധി വിളിച്ചോതുന്നവയാണ് ഓരോ കഥാപാത്രവും. ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടപ്പോഴും ത ന്റെ സാന്നിധ്യം പ്രേക്ഷക ഹൃദയങ്ങളില്‍ കോറിയിടാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. രണ്ടാം വരവില്‍ തിലകന് അഭിനയിച്ച ചിന്താമണി കൊലക്കേസിലെ അച്ഛന് വേഷം തന്നെ ഇതിന് ഉദാഹരണം. അഭിയനിക്കാന്‍ വേണ്ടി ജനിച്ച മനുഷ്യനാണ് കെ. സുരേന്ദ്രനാഥതിലകനെന്ന് സംഭവബഹുലമായ ആ ജീവചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹത്തി ന്റെ പ്രതിഭ സ്ഫുടം ചെയ്യപ്പെട്ടത് ജീവിത ദുരിതങ്ങളുടെ ഉലയിലായിരുന്നു. ത ന്റെ വ്യക്തിജീവിതം ഒരു ദുരന്തമായിരുന്നെന്നും കെട്ടിയാടിയ വേഷങ്ങള്‍ക്കു പിറകില്‍ സ്വന്തം ജീവിതം കണ്ടിട്ടുണ്ടെന്നും തിലകന് പറയാറുണ്ടായിരുന്നു. പ്രകൃതിയോടുള്ള അടുപ്പവും പുസ്തക വായനയും അദ്ദേഹത്തി ന്റെ അഭിനയശേഷിക്ക് മുതല്‍ക്കൂട്ടായി. തിലകന് എന്ന പ്രതിഭയ്ക്ക് പകരക്കാരില്ല.ഇനിയൊരു കഥാ സന്ദര്‍ഭത്തിന് ജീവന് നല്കാന് അദ്ദേഹം വരില്ല.എങ്കിലും ജീവന് നല്കിയ നിരവധി കഥാപാത്രങ്ങളിലൂടെ അഭിനയകലയുടെ പെരുന്തച്ചന് മലയാളികളുടെ മനസ്സില്‍ ജീവിയ്ക്കുന്നു.
Post Your Comments