പ്രായമായാല്‍ പാട്ടുനിര്‍ത്തുന്നതാണ് പാട്ടുകാര്‍ക്ക് നല്ലതെന്ന് ഗായകന് ജി വേണുഗോപാല്‍. പാട്ടുനിര്‍ത്താനുള്ള എസ് ജാനകിയുടെ തീരുമാനത്തെ അഭിനന്ദിച്ചാണ് വേണുഗോപാലിന്റെ പ്രതികരണം. പ്രായം കൂടുന്നതനുസരിച്ചു തൊണ്ട ക്ഷീണിക്കും. നല്ല ശബ്ദം ലഭിക്കില്ല, പ്രയാസകരമാകും. അതു മനസിലാക്കണമെന്നാണ് വേണുഗോപാല്‍ പറയുന്നത്.
നമ്മുടെ ശബ്ദം മോശമാകാന്‍ തുടങ്ങിയാല്‍ പാട്ടുനിര്ത്തുക. നല്ല പാട്ടുകള്‍ പാടാന്‍ കഴിഞ്ഞതില്‍ തൃപ്തിപ്പെടുക. ഗായകന്റെ കാര്യത്തില്‍ അയാളുടെ 20 വയസുമുതലുള്ള പാട്ടുകള്‍, 30 വയസുവരെയുള്ള പാട്ടുകള്‍, 40 വയസുവരെയുള്ള പാട്ടുകള്‍ എന്നൊക്കെ പാട്ടുകളെ വേര്‍തിരിക്കേണ്ടിവരും. ഇരുപതു മുതല്‍ ഇരുപത്തഞ്ചു വര്‍ഷം വരെയാണ് ഒരു കലാകാരനു സാധാരണ നിറഞ്ഞുനില്‍ക്കാവുന്ന കാലം.
ജാനകിയമ്മ പാടിയത് അറുപതു വര്‍ഷമാണ്. ശരീരത്തിലെ ഏറ്റവും ചെറിയ അവയവമായ വോക്കല്‍കോഡിനെ വളരെയേറെ ആയാസപ്പെടുത്തിയാണ് ഇത്രയും കാലം അവര്‍ പാടിയത്. ജാനകിയമ്മയുടെ ഇപ്പോഴത്തെ തീരുമാനം മാതൃകാപരവും ഉചിതവുമാണ്. ജാനകിയെ പോലുള്ളവര്‍ പണ്ട് പാടിയിരുന്ന പാട്ടുകള്‍ ഇന്നില്ല എന്നതാണ് മറ്റൊരു സത്യം. അന്നത്തെ റെക്കോഡിംഗ് രീതികളില്ല.
ഇപ്പോഴത്തെ രീതിയോട് പൊരുത്തപ്പെട്ടു പാടുക പഴയതലമുറയ്ക്ക് എളുപ്പമല്ല. സ്വന്തം ശബ്ദവും പാട്ടും പഴയ മികവ് പുലര്‍ത്തുന്നില്ല എന്ന തിരിച്ചറിവോടെ പാട്ടുനിര്‍ത്തുന്നത് സ്വാഗതാര്‍ഹമാണെന്നും വേണുഗോപാല്‍ വ്യക്തമാക്കി.
Post Your Comments