General

എസ്.ജാനകി സംഗീത ജീവിതത്തിൽനിന്ന് പടിയിറങ്ങുന്നു അവസാന ഗാനം മലയാളചിത്രത്തില്‍

എസ്.ജാനകിയുടെ സ്വരമാധുര്യം എന്നും എപ്പോഴും നമ്മുടെ കാതുകള്‍ക്ക് ആനന്ദവും ആവേശവും പകര്‍ന്നിട്ടുണ്ട്. ഈ സ്വര മാധുര്യത്തിന് മുന്നില്‍ ലയിച്ചിരിക്കാത്ത മലയാളികള്‍ വിരളമാണ്. ഇനിയൊരു പുതിയ പാട്ടിനും ഈ സ്വരം കൂട്ടുചേരില്ല. ആറു പതിറ്റാണ്ട് നീണ്ടു നിന്ന തന്‍റെ സംഗീത ജീവിതം അവസാനിപ്പിക്കുന്നതായി എസ്. ജാനകി ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു. പ്രായാധിക്യമാണ് ജാനകി എന്ന ഗാനകോകിലത്തെ ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. അന്‍പതിനായിരത്തോളം ഗാനങ്ങള്‍ ജാനകിയമ്മ വിവിധഭാഷകളിലായി ആലപിച്ചിട്ടുണ്ട്. മലയാള സംഗീതലോകത്ത് നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സ്വരം നല്‍കിയ അതുല്യപ്രതിഭയാണ് എസ്.ജാനകി. ജാനകിയമ്മ അവസാനമായി പാടുന്നത് ‘പത്തു കല്പനകള്‍’ എന്ന മലയാളചിത്രത്തിലാണെന്നുള്ളതും മലയാളഗാന പ്രേമികള്‍ക്ക് ഇരട്ടി സന്തോഷം നല്‍കുന്നു. ചിത്രത്തിലെ ഒരു താരാട്ട്പാട്ട് പാടിയാണ് എസ്.ജാനകി സംഗീതലോകത്ത് നിന്ന് പടിയിറങ്ങുന്നത്. 1957ൽ ‘വിധിയിൻ വിളയാട്ട്’ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ സംഗീത ലോകത്തേക്കുള്ള ജാനകിയമ്മയുടെ അരങ്ങേറ്റം. നാല് ദേശീയ പുരസ്കാരങ്ങളും വിവിധ സംസ്ഥാന സര്‍ക്കാരുകൾ നൽകിയ പുരസ്കാരങ്ങളടക്കം അനവധി അംഗീകാരങ്ങളാണ് ജാനകിയമ്മയെ തേടിയെത്തിയത്. 2013ൽ രാജ്യം പത്മഭൂഷൺ നൽകി എസ്.ജാനകിയെ ആദരിച്ചു. ജാനകിയമ്മ പാടി കഴിഞ്ഞ എത്രയോ മനോഹരമായ ഗാനങ്ങളില്‍ ഇന്നും ഓരോ ശ്രോതാക്കളും അതീവശ്രദ്ധയോടെ കാതുകൂര്‍പ്പിക്കുന്നുണ്ട്. മധുരതരമായ ഈ വിസ്മയ ശബ്ദം പ്രേക്ഷരുടെ ഇടനെഞ്ചില്‍ നിന്ന് ഒരിക്കലും പടിയിറങ്ങില്ല അത്രമേല്‍ ആഴത്തില്‍ പതിഞ്ഞു പോയി ജാനകിയമ്മയുടെ സുന്ദരശബ്ദം.

shortlink

Related Articles

Post Your Comments


Back to top button