Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
General

ഉറി ഭീകരാക്രമണം; സൈനികര്‍ ആക്രമിക്കപ്പെടുന്ന അവസരത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നവരോട് മോഹന്‍ലാലിന്റെ ചോദ്യം ‘മഞ്ഞ് പെയ്യുന്ന, മരണം മുന്നില്‍ വന്ന് നില്‍ക്കുന്ന ഈ പ്രദേശങ്ങളില്‍ ഒരു ദിവസമെങ്കിലും അല്ലെങ്കില്‍ ഒരു മണിക്കൂറെങ്കിലും ഒന്നുവന്ന് നില്‍ക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ’?

കശ്മീരിലെ ഉറി സൈനിക ക്യാമ്പില്‍ നടന്ന ഭീകരാക്രമണവയുമായി ബന്ധപ്പെട്ട്‌ നടന്‍ മോഹന്‍ലാല്‍ ബ്ലോഗില്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധേയമാകുന്നു. സൈനികര്‍ ആക്രമിക്കപ്പെടുന്ന അവസരത്തില്‍ പല ഭാഗത്ത് നിന്നും വിവിധ തരത്തിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത് . ഇത്തരം വിമര്‍ശനം ഉന്നയിക്കുന്നവരെ വെല്ലുവിളിച്ചു കൊണ്ടാണ് മോഹന്‍ലാലിന്റെ ബ്ലോഗ്‌ എഴുത്ത്. മഞ്ഞ് പെയ്യുന്ന, മരണം മുന്നില്‍ വന്ന് നില്‍ക്കുന്ന ഈ പ്രദേശങ്ങളില്‍ ഒരു ദിവസമെങ്കിലും അല്ലെങ്കില്‍ ഒരു മണിക്കൂറെങ്കിലും ഒന്നുവന്ന് നില്‍ക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ? എന്നാണ് ഇതുമായി ബന്ധപ്പെട്ട് എന്തും വിളിച്ചു പറയുന്നവരോടും, വിമര്‍ശിക്കുന്നവരോടുമുള്ള മോഹന്‍ലാലിന്റെ ചോദ്യം.

 
മോഹന്‍ലാല്‍ തന്‍റെ ബ്ലോഗില്‍ കുറിക്കുന്നതിങ്ങനെ

 
പാകിസ്താന്‍ ലജ്ജയില്ലാതെ ഇന്ത്യയെ ആക്രമിച്ചിരിക്കുന്നു. ഭീകരരെ പരിശീലിപ്പിച്ച്, അതിര്‍ത്തി കടത്തിവിട്ട്, കശ്മീരിലെ ഉറി സൈനിക ക്യാമ്പില്‍ ഉറങ്ങിക്കിടന്നിരുന്ന 18 ധീരജവാന്മാരെയാണ് അവര്‍ കൊന്നൊടുക്കിയത്. പലരും ഗുരുതരമായി പരുക്കുപറ്റി ജീവനുമായി മല്ലിടുന്നു. ‘ലജ്ജ’ എന്ന വാക്ക് ഞാന്‍ മന:പൂര്‍വ്വമാണ് ഉപയോഗിച്ചത്. ഏത് ഭീകരപ്രവര്‍ത്തനവും ലജ്ജാകരമാണ്. നാണം കെട്ടതാണ്. ഉറങ്ങിക്കിടക്കുന്നവരെ ആക്രമിക്കുകയും കൊല ചെയ്യുകയും ചെയ്യുക എന്നത് ഭീരുത്വത്തിന്റെ അങ്ങേയറ്റമാണെന്ന് വ്യാസ മഹാഭാരതം തെളിയിച്ചിട്ടുമുണ്ട്. ഉറിയില്‍ നടന്നത് അതാണ്. ഇന്ത്യയെ ഉറങ്ങുമ്പോള്‍ ആക്രമിക്കാന്‍ മാത്രമേ ഈ ഭീകരര്‍ക്ക് സാധിക്കൂ. ഇന്ത്യ ഉണര്‍ന്നാല്‍ ലോകം തല കുനിക്കും എന്നത് ഒരു ചരിത്രസത്യമാണ്. അത് ആത്മീയമായിട്ടാണെങ്കിലും ഭാതികമോ സൈനികമോ ആണെങ്കിലും.
ഉറിയില്‍ വീരമൃത്യു വരിച്ച 18 ജവാന്മാരുടെ ഫോട്ടോകളിലേക്ക് നോക്കിയിരിക്കുകയായിരുന്നു ഞാന്‍. എല്ലാവരും എനിക്ക് അപരിചിതര്‍. ഏതൊക്കെയോ ദേശങ്ങളിലുള്ളവര്‍. എന്നാല്‍ ഇപ്പോള്‍ അവര്‍ എനിക്ക് അപരിചിതരല്ല. ആ ചിത്രങ്ങള്‍ക്കപ്പുറം അവരുടെ ചെറിയ വീടുകള്‍ ഞാന്‍ കാണുന്നു. ആ വീടുകളില്‍ അവര്‍ കണ്ട ചെറിയ സ്വപ്‌നങ്ങള്‍ ഞാന്‍ മനസിലാക്കുന്നു. ഇപ്പോള്‍ ആ വീടുകളിലെ വിലാപങ്ങള്‍ ഞാന്‍ കേള്‍ക്കുന്നു. കരഞ്ഞ് തളര്‍ന്ന മാതാപിതാക്കളെയും ഭാര്യമാരെയും പാവം കുഞ്ഞുങ്ങളെയും കാണുന്നു. എന്റെ ജീവിതത്തില്‍ നിന്ന് ഒരാള്‍ അടര്‍ന്നുപോയതുപോലെ എന്നെയും ഈ വേര്‍പാട് വേദനിപ്പിക്കുന്നു. ഈ പതിനെട്ട് വീടുകളുടെ തുടര്‍ജീവിതം വിഷാദം നിറഞ്ഞ നിഴലുകളായി എന്റെ കണ്ണുകളിലുണ്ട്. ഇന്ത്യയുടെ ഈ വീരപുത്രന്മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും എന്റെ കണ്ണീര്‍ പ്രണാമം. എന്നും എന്റെയുള്ളില്‍ വേദനയായി ഇന്ത്യ എന്ന വികാരമായി നിങ്ങളുണ്ടാവും.
കശ്മീരിലെ തന്ത്രപ്രധാനമായ പല സൈനികമൈഖലകളിലും പോകാന്‍ അവസരം ലഭിച്ചയാളാണ് ഞാന്‍. ഷൂട്ടിംഗിന് ഉപരിയായി ടെറിട്ടോറിയല്‍ ആര്‍മിയിലെ ഒരു അംഗം എന്ന നിലയില്‍ എത്രമാത്രം ദുര്‍ഘടവും പ്രതികൂലമായ സാഹചര്യങ്ങളിലുമാണ് അവ നിലനില്‍ക്കുന്നത് എന്ന കാര്യം ഞാന്‍ നേരിട്ട് കണ്ടറിഞ്ഞതാണ്. ഇത്തരം സാഹചര്യങ്ങളിലും നമ്മുടെ ജവാന്മാര്‍ സമര്‍പ്പണത്തോടെ, സഹനത്തോടെ, ധീരമായി, ഇമ ചിമ്മാതെ കാവല്‍ നില്‍ക്കുന്നു. നമുക്ക് വേണ്ടി. നമ്മുടെ ജീവിതത്തിനും സുഖങ്ങള്‍ക്കും സുരക്ഷയ്ക്കും വേണ്ടി.
അതവരുടെ ജോലിയല്ലേ, അതിനവര്‍ക്ക് ശമ്പളവും നല്‍കുന്നില്ലേ എന്ന് ചോദിക്കുന്ന ചാരുകസേര ബുദ്ധിജീവികള്‍ ഉണ്ട് എന്നെനിക്കറിയാം. അവരെ ഞാന്‍ സ്‌നേഹത്തോടെ, ആദരവോടെ ക്ഷണിക്കുന്നു. മഞ്ഞ് പെയ്യുന്ന, മരണം മുന്നില്‍ വന്ന് നില്‍ക്കുന്ന ഈ പ്രദേശങ്ങളില്‍ ഒരു ദിവസമെങ്കിലും അല്ലെങ്കില്‍ ഒരു മണിക്കൂറെങ്കിലും ഒന്നുവന്ന് നില്‍ക്കാന്‍. രാജ്യത്തിനുവേണ്ടി ഏത് നിമിഷവും മരിച്ചുവീഴാന്‍ തയ്യാറായി നില്ക്കുന്ന ഒരു മനുഷ്യന്റെ മാനസികാവസ്ഥ നിയന്ത്രണരേഖയില്‍ വന്ന് ഒരു പട്ടാളക്കാരനായി നിന്നാല്‍ മാത്രമേ മനസിലാകൂ. അത് മനസിലാക്കുക. എന്നിട്ട് മാത്രം ഇത്തരം സംഭവങ്ങളോട് പ്രതികരിക്കുക എന്നതാണ് വിവേകവും വിനയവും. മാതൃരാജ്യം, രാജ്യസ്‌നേഹം എന്നീ ഉന്നത നന്മകള്‍ക്ക് ഇത് രണ്ടും ആവശ്യമാണ്.
ഞാനൊരു യുദ്ധക്കൊതിയനല്ല. യുദ്ധം സിനിമയിലല്ലാതെ കാണാന്‍ ആഗ്രഹവുമില്ല. യുദ്ധത്തിന്റെ എല്ലാവിധത്തിലുമുള്ള നാശനഷ്ടങ്ങളെക്കുറിച്ചും നല്ല ബോധവാനുമാണ്. എന്നാല്‍ ശത്രുവിന്റെ ആയുധം നമ്മുടെ ചങ്കിനുള്ളിലേക്ക് ആഴ്ന്നിറങ്ങുമ്പൊഴും അലസമായിരിക്കാന്‍ പാകത്തില്‍ യുദ്ധവിരുദ്ധനുമല്ല ഞാന്‍. പ്രതിരോധിക്കേണ്ട സ്ഥലത്ത് പ്രതിരോധിക്കുകയും തിരിച്ചടിക്കേണ്ട സമയത്ത് തിരിച്ചടിക്കുകയും ചെയ്യുക എന്നത് സൈന്യസന്നദ്ധമായ ഒരു രാജ്യത്തിന്റെ അജണ്ടയിലുള്ള കാര്യം തന്നെയാണ്. അതിന് ആദ്യം വേണ്ടത് ഒറ്റക്കെട്ടായി ഒരേ വീര്യത്തോടെ രാജ്യത്തിന് പിറകില്‍ അതിന്റെ പ്രജകള്‍ അണിനിരക്കുക എന്നതാണ്. എതിരേ ശത്രു വന്ന് നില്‍ക്കുമ്പൊഴും തുച്ഛമായ സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി ചേരിതിരിഞ്ഞ് വാചകക്കസര്‍ത്തുകള്‍ നടത്തുന്നത് ഭീകരപ്രവര്‍ത്തനത്തോളം തന്നെ നാണംകെട്ട കാര്യമാണ്. എപ്പോഴൊക്കെ കശ്മീരിലും മറ്റ് അതിര്‍ത്തിപ്രദേശങ്ങളിലും ഭീകരാക്രമണമുണ്ടായോ അപ്പോഴെല്ലാം കേള്‍ക്കാന്‍ പാടില്ലാത്ത തരത്തിലുള്ള അപസ്വരങ്ങള്‍ നമ്മുടെ പൊതുമേഖലകളില്‍ നിന്ന് ഉണ്ടാകാറുണ്ട്. വീട് കത്തുമ്പോള്‍ അത് അണയ്ക്കാന്‍ ശ്രമിക്കാതെ വീടിനുള്ളില്‍ ബീഡി വലിച്ചത് ആരാണ് എന്നന്വേഷിച്ച് തമ്മില്‍ത്തല്ലുന്നത് പോലെ പരിഹാസ്യമാണിത്.

 

വീരമൃത്യു വരിച്ച ഈ ജവാന്‍മാരുടെ ചിന്താഗ്നിയില്‍ നിന്ന് ഇന്ത്യ ഒറ്റക്കെട്ടായി ഉണരണം. മതവും രാഷ്ട്രീയവും പ്രത്യയശാസ്ത്രവുമെല്ലാം പോര്‍മുഖങ്ങളില്‍ പോര്‍മുഖങ്ങളില്‍ ഉപയോഗ ശൂന്യമാണ്. നാം ഓരോരുത്തരും ഓരോ പടയാളികളാകുക. ഒരേ സ്വരത്തില്‍, ധീരതയില്‍ ഉയരുന്ന ശബ്ദമായി നമുക്ക് ഒന്നായി പറയാം ‘അമര്‍ ജവാന്‍ അമര്‍ ഭാരത്’.

 

ഇന്ത്യ എന്ന വലിയ വികാരത്തിന് പിറകില്‍ ഒന്നായി അണിനിരക്കാന്‍ നാം ഇനിയും പഠിക്കേണ്ടതുണ്ട്. രാഷ്ട്രസുരക്ഷ പോലും സുരക്ഷിതജീവിതം നയിക്കുന്ന വ്യക്തികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും വിഘടനവാദികളുടെയും സ്വകാര്യസിദ്ധാന്തങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കുമനുസരിച്ച് ചിത്രീകരിക്കപ്പെടുമ്പോള്‍ അപമാനിക്കപ്പെടുന്നത് സ്വന്തം ജീവനെയും അതിനെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബത്തെയും മാറ്റിനിര്‍ത്തി അതിര്‍ത്തിയില്‍ മരണത്തിന് മുന്നില്‍ മാറ് വിരിച്ചുനില്‍ക്കുന്ന പാവം പട്ടാളക്കാരനെയാണ്.

shortlink

Related Articles

Post Your Comments


Back to top button